Connect with us

ahmedabad flight tragedy

അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നിൽ അട്ടിമറിയോ? ഫ്യുവൽ സ്വിച്ച് പൈലറ്റ് മനപൂർവം ഓഫാക്കിയതോ?

കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗിലെ ആശയക്കുഴപ്പം കണക്കിലെടുക്കുമ്പോൾ, പൈലറ്റുമാർ അറിയാതെ സ്വിച്ചുകൾ ഓഫ് ചെയ്തതാകാമെന്ന ഒരു സാധ്യത അന്വേഷണ വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നു

Published

|

Last Updated

ന്യൂഡൽഹി | അഹമ്മദാബാദിൽ ജൂൺ 12-ന് നടന്ന എയർ ഇന്ത്യ വിമാന ദുരന്തത്തിന് കാരണം എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം നിലച്ചതാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) യുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന സംശയങ്ങളും ഉയർന്നുതുടങ്ങി. ടേക്ക് ഓഫ് ചെയ്തതിന് ശേഷം ഏതാനും സെക്കൻഡുകൾക്കുള്ളിലാണ് ഫ്യൂവൽ കട്ട്ഓഫ് സ്വിച്ചുകൾ “RUN” എന്ന സ്ഥാനത്ത് നിന്ന് “CUTOFF” ലേക്ക് മാറിയത്. എന്നാൽ, ഈ സ്വിച്ചുകൾ എങ്ങനെയാണ് മാറിയതെന്നതിനെക്കുറിച്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല. പൈലറ്റുമാരിൽ ഒരാൾ മനപൂർവമേ, അബദ്ധത്തിലോ സ്വീച്ച് ഓഫ് ചെയ്തുവോ എന്ന ദുരൂഹത നിലനിൽക്കുന്നുണ്ട്.

ഫ്യൂവൽ കൺട്രോൾ സ്വിച്ച്: എന്ത് സംഭവിച്ചു?

വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻതന്നെ എൻജിൻ 1-ന്റെയും എൻജിൻ 2-ന്റെയും ഫ്യൂവൽ കട്ട്ഓഫ് സ്വിച്ചുകൾ ഒരു സെക്കൻഡിന്റെ വ്യത്യാസത്തിൽ ‘RUN’ എന്നതിൽ നിന്ന് ‘CUTOFF’ സ്ഥാനത്തേക്ക് മാറിയതായി AAIB റിപ്പോർട്ടിൽ പറയുന്നു. ഇത് എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെടുത്തുകയും വിമാനത്തിന്റെ പവർ പെട്ടെന്ന് നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിമാനം പെട്ടെന്ന് ഉയരം കുറഞ്ഞ് താഴേക്ക് പതിച്ചു.

കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗിൽ (CVR) പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് “എന്തുകൊണ്ടാണ് ഇന്ധനം കട്ട് ഓഫ് ചെയ്തത്” എന്ന് ചോദിക്കുമ്പോൾ, താൻ അത് ചെയ്തില്ലെന്ന് രണ്ടാമത്തെ പൈലറ്റ് മറുപടി നൽകുന്നുണ്ട്. ഇത് സ്വിച്ചുകൾ യാദൃശ്ചികമായി മാറിയതാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന സംശയങ്ങൾ ഉയർത്തുന്നുണ്ട്.

ദുരൂഹതയും അന്വേഷണവും

ഈ സ്വിച്ചുകൾ എങ്ങനെയാണ് ‘CUTOFF’ സ്ഥാനത്തേക്ക് മാറിയത് എന്നത് ഇപ്പോഴും വ്യക്തമല്ല. സാധാരണഗതിയിൽ, വിമാനങ്ങൾ ഗേറ്റിൽ എത്തിയതിന് ശേഷം എൻജിൻ ഓഫ് ചെയ്യാനോ അല്ലെങ്കിൽ എൻജിനിൽ തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിലോ ആണ് ഈ സ്വിച്ചുകൾ ഉപയോഗിക്കാറുള്ളത്. അപകടം നടന്ന സമയത്ത് അത്തരം ഒരു അടിയന്തര സാഹചര്യം ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നില്ല.

പൈലറ്റുമാർ അബദ്ധത്തിൽ സ്വിച്ച് ഓഫ് ചെയ്തതാകുമോ, സാങ്കേതിക തകരാറുകൾ കാരണമാണോ, അതോ സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനത്തിന് തകരാറുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇനി പുറത്തുവരേണ്ടത്.

FAAയുടെ മുന്നറിയിപ്പ്

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) 2018 ഡിസംബറിൽ ഫ്യൂവൽ കൺട്രോൾ സ്വിച്ച് ലോക്കിംഗ് സംവിധാനത്തെക്കുറിച്ച് ഒരു പ്രത്യേക എയർവർത്തിനെസ് ഇൻഫർമേഷൻ ബുള്ളറ്റിൻ (SAIB) പുറത്തിറക്കിയിരുന്നു. ഈ ലോക്കിംഗ് ഫീച്ചറിന് തകരാറുകൾ സംഭവിക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇത് നിർബന്ധിത എയർവർത്തിനെസ് നിർദ്ദേശമായി കണക്കാക്കാത്തതിനാൽ എയർ ഇന്ത്യ നിർദ്ദേശിച്ച പരിശോധനകൾ നടത്തിയിരുന്നില്ല.

ഈ വിമാനത്തിലെ ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ 2019 ലും 2023 ലും മാറ്റിസ്ഥാപിച്ചിരുന്നെങ്കിലും, അതിന്റെ കാരണം ഫ്യൂവൽ കൺട്രോൾ സ്വിച്ചുമായി ബന്ധപ്പെട്ടതായിരുന്നില്ലെന്നും 2023 മുതൽ ഫ്യൂവൽ കൺട്രോൾ സ്വിച്ചിൽ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും AAIB റിപ്പോർട്ടിൽ പറയുന്നു.

പൈലറ്റുമാരുടെ പങ്ക്

എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ALPAI) റിപ്പോർട്ട് പൈലറ്റുമാരുടെ പിഴവിലേക്ക് വിരൽചൂണ്ടുന്നുവെന്ന് ആരോപിച്ച് ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗിലെ ആശയക്കുഴപ്പം കണക്കിലെടുക്കുമ്പോൾ, പൈലറ്റുമാർ അറിയാതെ സ്വിച്ചുകൾ ഓഫ് ചെയ്തതാകാമെന്ന ഒരു സാധ്യത അന്വേഷണ വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നു. എന്നാൽ, സ്വിച്ചുകൾ അബദ്ധത്തിൽ ഓഫ് ചെയ്യുന്നത് തടയാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ വിമാനത്തിൽ ഉണ്ടെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡാറ്റയുടെയും ഓഡിയോ റെക്കോർഡിംഗിന്റെയും വിശദമായ വിശകലനത്തിലൂടെ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കൂ. നിലവിൽ ബോയിംഗിനോ ജനറൽ ഇലക്ട്രിക്കൽസിനോ (എൻജിൻ നിർമ്മാതാക്കൾ) എതിരെ നടപടികളൊന്നും ശുപാർശ ചെയ്തിട്ടില്ല.

---- facebook comment plugin here -----

Latest