National
അന്വേഷിച്ച് എത്തിയത് ആത്മീയ സമാധാനം; കർണാടകയിലെ ഗുഹയിൽ ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും രക്ഷപ്പെടുത്തി
ഉത്തര കന്നഡ ജില്ലയിലെ കുംത താലൂക്കിലെ രാമതിർത്ത മലനിരകളിലെ ഒറ്റപ്പെട്ട ഗുഹയിലാണ് 40 വയസ്സുള്ള നീന കുട്ടിന എന്ന യുവതിയും അവരുടെ ആറും നാലും വയസ്സുള്ള രണ്ട് മക്കളും രണ്ടാഴ്ചയായി കഴിഞ്ഞിരുന്നത്.

കുംത (ഉത്തര കന്നഡ) | കർണാടകയിൽ വനത്തിനുള്ളിലെ ഗുഹയിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും അവരുടെ ആറും നാലും വയസ്സുള്ള രണ്ട് മക്കളെയും രക്ഷപ്പെടുത്തി. ഉത്തര കന്നഡ ജില്ലയിലെ കുംത താലൂക്കിലെ രാമതിർത്ത മലനിരകളിലെ ഒറ്റപ്പെട്ട ഗുഹയിലാണ് 40 വയസ്സുള്ള നീന കുട്ടിന എന്ന യുവതിയും മക്കളും കഴിഞ്ഞിരുന്നത്.
ബിസിനസ് വിസയിൽ റഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിയതാണ് മോഹി എന്ന കുട്ടിനയും മക്കളും. ഹിന്ദു മതത്തിലും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളിലും ആകൃഷ്ടയായാണ് ഗോവ വഴി ഇവർ ഗോകർണയിലെത്തിയത്. പ്രകൃതിയുമായി ഇഴുകിച്ചേർന്ന് ആത്മീയ സമാധാനം തേടി, സ്വാഭാവിക ഗുഹയിൽ താമസിച്ച് ‘പൂജ’യിലും ധ്യാനത്തിലും മുഴുകുകയായിരുന്നു അവർ. നിബിഡ വനങ്ങളും കുത്തനെയുള്ള ചരിവുകളും നിറഞ്ഞ പ്രദേശത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ആറും നാലും വയസ്സുള്ള പ്രേയ, അമ എന്നീ മക്കൾ മാത്രമായിരുന്നു അവർക്ക് കൂട്ടായി ഉണ്ടായിരുന്നത്. ഗുഹയ്ക്കുള്ളിൽ ഒരു രുദ്ര വിഗ്രഹവും സൂക്ഷിച്ചിരുന്നു.
വെള്ളിയാഴ്ച പോലീസ് നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് യുവതിയെയും മക്കളെയും കണ്ടെത്തിയത്. സമീപകാലത്ത് ഇവിടെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഗുഹയ്ക്ക് പുറത്ത് വസ്ത്രങ്ങൾ ഉണങ്ങാനിട്ടിരിക്കുന്നത് പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സർക്കിൾ പോലീസ് ഇൻസ്പെക്ടർ ശ്രീധറും സംഘവും രാമതിർത്ത മലയിലെ കുറ്റിക്കാടുകൾക്കിടയിലൂടെ യാത്ര ചെയ്ത് ഗുഹയിലെത്തി മോഹിയെയും മക്കളെയും കണ്ടെത്തുകയായിരുന്നു.
“രാമതിർത്ത മലയിലെ ഗുഹക്ക് പുറത്ത് വസ്ത്രങ്ങൾ ഉണങ്ങാൻ ഇട്ടിരിക്കുന്നത് ഞങ്ങളുടെ പട്രോളിംഗ് സംഘം കണ്ടെത്തി. അവിടെ പോയപ്പോഴാണ് മോഹിയെയും മക്കളായ പ്രേയയെയും അമയെയും കണ്ടത്”- ഉത്തര കന്നഡ പോലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു.
“വനത്തിൽ അവരും കുട്ടികളും എങ്ങനെ ജീവിച്ചു, എന്താണ് കഴിച്ചത് എന്നത് അത്ഭുതകരമാണ്. ഭാഗ്യവശാൽ, അവർക്ക് ആർക്കും അപകടമൊന്നും സംഭവിച്ചില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹി ഗോവയിൽ നിന്നാണ് കർണാടകയിലെത്തിയതെന്ന് പോലീസ് പറയുന്നു. അവരുടെ വിസ 2017-ൽ കാലാവധി കഴിഞ്ഞിരുന്നു. മോഹി എത്ര കാലമായി ഇന്ത്യയിൽ താമസിച്ചുവരുന്നുവെന്ന് വ്യക്തമല്ല. ഒരു സന്യാസി നടത്തുന്ന ആശ്രമത്തിൽ അവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അവരെ ഗോകർണയിൽ നിന്ന് ബംഗളൂരുവിലേക്ക് മാറ്റാനും തിരിച്ചയക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.