Kerala
പഞ്ചായത്ത് അംഗത്തിന്റെപേര് എഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി
പഞ്ചായത്ത് അംഗമായ രമാദേവിയുടെ കെട്ടിടത്തിലായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ ബിജു കട നടത്തിയിരുന്നത്

പത്തനംതിട്ട | ഇടയാറന്മുളയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര് എഴുതിവച്ച് ചായക്കട ഉടമ ജീവനൊടുക്കി. ബിജു ആണ് മരിച്ചത്. ആറന്മുള ഗ്രാമപഞ്ചായത്തംഗം രമാദേവിയുടെയും ഭര്‍ത്താവിന്റെയും പേരാണ് എഴുതിവച്ചിട്ടുള്ളത്. പഞ്ചായത്ത് അംഗമായ രമാദേവിയുടെ കെട്ടിടത്തിലായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ ബിജു കട നടത്തിയിരുന്നത്. ഇവിടെ നിന്ന് ബലമായി ഇറക്കിവിട്ടെന്നും മാനസിക സമ്മര്‍ദ്ദത്തിലാക്കിയതായും ബിജുവിന്റെ ഭാര്യ ഷൈജ പറഞ്ഞു. ആരോപണം പഞ്ചായത്ത് അംഗം രമാദേവി നിഷേധിച്ചു.
രാവിലെ എട്ടോടെയാണ് ബിജുവിനെ ഇടയാറന്മുള കോട്ടയ്ക്കകം ജംഗ്ഷനിലെ ചായക്കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് വര്‍ഷം മുമ്പ് കോന്നിയില്‍ നിന്ന് കോട്ടയ്ക്കകത്ത് എത്തി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.തന്റെ മരണത്തിന് ഉത്തരവാദി രമാദേവിയും ഭര്‍ത്താവുമാണെന്നാണ് ബിജുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ബിജുവിനെ രണ്ട് വര്‍ഷം മുമ്പ് രമാദേവി ബലമായി ഇറക്കി വിട്ടതാണെന്നും പുതിയ കട തുടങ്ങാനും തടസമുണ്ടാക്കി എന്നും ഭാര്യ ഷൈജ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ പഞ്ചായത്തംഗം രമാദേവി നിഷേധിച്ചു. തനിക്കെതിരേ നടക്കുന്നത് രാഷ്ട്രീയപ്രേരിതമായ നീക്കമാണെന്നും മെംബര്‍ പറഞ്ഞു. ആറന്മുള പോലീസ് അസ്വാഭാവിക ഭരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി ആളുകളുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.