Kerala
ജനറൽ ആശുപത്രി മഞ്ചേരിയിൽ നിലനിർത്തണം: കേരള മുസ്ലിം ജമാഅത്ത്
കിഴക്കൻ ആദിവാസി മലയോര മേഖലയിലെ ആയിരകണക്കിന് സാധാരണക്കാർക്ക് ആശ്വാസമേകിയിരുന്ന ആതുരാലയമായിരുന്നു ഇത്.

മലപ്പുറം|മെഡിക്കൽ കോളേജ് വന്നതോടെ ജില്ലയ്ക്ക് നഷ്ടമായ ജനറൽ ആശുപത്രി മഞ്ചേരിയിൽ തന്നെ നിലനിർത്തണമെന്ന് കേരള മുസ് ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് താനൂരിലേക്ക് മാറ്റാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണം. കിഴക്കൻ ആദിവാസി മലയോര മേഖലയിലെ ആയിരകണക്കിന് സാധാരണക്കാർക്ക് ആശ്വാസമേകിയിരുന്ന ആതുരാലയമായിരുന്നു ഇത്. 2014-ൽ ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയപ്പോളാണ് ജില്ലയിൽ അതേവരെ ലഭ്യമായിരുന്ന ജനറൽ ആശുപത്രിയുടെ സേവനം ഇല്ലാതായത്. ഇതോടെ സംസ്ഥാനത്ത് ജനറൽ ആശുപത്രിയില്ലാത്ത ഏക ജില്ലയായി മലപ്പുറം മാറി.
ജില്ലയുടെ വലുപ്പത്തിനും ജനസംഖ്യാനുപാതികമായും ജനറൽ ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. താനൂർ ഉൾപ്പെടെയുള്ള തീർദ്ദേശ മേഖലയിലേക്ക് പുതുതായി ഇത്തരം ചികിത്സ സംവിധാനമൊരുക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് കമ്മിറ്റി പറഞ്ഞു. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുന്ന മഞ്ചേരി മെഡിക്കൽ കോളജിൻ്റെ പുരോഗതിക്കായി ദൈനദിന ഇടപെലും മതിയായ ഫണ്ടും അനുവദിക്കണം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിക്ക് കത്തയച്ചു.