Kerala
ആഗോള അയ്യപ്പ സംഗമം; പിന്തുണയുമായി എസ് എന്‍ ഡി പിയും
അയ്യപ്പ ഭക്തര്‍ കേരളത്തിലെത്തുന്നത് ശബരിമലയിലെ വരുമാന വളര്‍ച്ചയ്ക്ക് ഗുണമാകും.

ആലപ്പുഴ | ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ് എന്‍ ഡി പിയും. അയ്യപ്പ സംഗമം നല്ലതാണെന്ന് വെള്ളാപ്പള്ളി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അയ്യപ്പ ഭക്തര്‍ കേരളത്തിലെത്തുന്നത് ശബരിമലയിലെ വരുമാന വളര്‍ച്ചയ്ക്ക് ഗുണമാകും. ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
നേരത്തെ എന്‍ എസ് എസും അയ്യപ്പ സംഗമത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നായിരുന്നു എന്‍ എസ് എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാറിന്റെ പ്രസ്താവന. എന്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്നാണ് വിശ്വാസം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയിലെ പരിപൂര്‍ണ വികസനത്തിനും ഭക്തര്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും വേദിയാകുമെന്നും സംഗീത് കുമാര്‍ പറഞ്ഞു.