Kerala
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് ബിജെപി നേതാവിന്റെ കാല്‍ കഴുകിച്ചു; മന്ത്രി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി
ചടങ്ങില്‍ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും പാദപൂജയാണ് നടന്നത്

ആലപ്പുഴ|ആലപ്പുഴയില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാര്‍ത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂര്‍ണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലായിരുന്നു സംഭവം. ചടങ്ങില്‍ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും പാദപൂജയാണ് നടന്നത്. എന്നാല്‍ അനധ്യാപകനായ അനൂപ് മാനേജ്‌മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഗുരുപൂര്‍ണിമ ദിനത്തില്‍ വ്യാപകമായി ഉണ്ടായ ‘പാദപൂജ’യ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടിയും ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലും രംഗത്തെത്തിയിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ കഴുകിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമല്ല. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കിട്ടിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംഘപരിവാര്‍ നാടിനെ എങ്ങോട്ട് നയിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ കാല്‍ കഴുകല്‍ പ്രവര്‍ത്തിയെന്ന് ജെയിംസ് സാമുവല്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടത് അജ്ഞതയല്ല, അറിവാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും ജെയിംസ് സാമുവല്‍ പറഞ്ഞു.
നേരത്തെ മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലുമുണ്ടായിരുന്നു.