Connect with us

Kerala

ട്രെയിന്‍ യാത്രക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മംഗലാപുരത്തു നിന്നും അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയ അഞ്ചംഗ സംഘത്തില്‍ ഉള്‍പ്പെട്ട വിനീതിനെ യാത്രക്കിടെ കാണാതാകുകയായിരുന്നു.

Published

|

Last Updated

റാന്നി |  ട്രെയിന്‍ യാത്രക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റാന്നി-വെച്ചൂച്ചിറ കുംഭിത്തോട് വേഴക്കാട്ട് വിശ്വാനാഥന്റെ മകന്‍ വിനീതിന്റെ(32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മംഗലാപുരത്തു നിന്നും അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയ അഞ്ചംഗ സംഘത്തില്‍ ഉള്‍പ്പെട്ട വിനീതിനെ യാത്രക്കിടെ കാണാതാകുകയായിരുന്നു.

കഴിഞ്ഞ ഏഴിനു പുലര്‍ച്ചെ 3.30നു ശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനുമിടയിലാണ് ഇയാളെ കാണാതായത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന്‍ വിട്ടതിനു പിന്നാലെ ശുചിമുറിയില്‍ പോകുന്നതിനായി കംപാര്‍ട്ടുമെന്റില്‍ നിന്നും പോയതായാണ് പറയുന്നത്. എന്നാല്‍ പിന്നിലെ കംപാര്‍ട്ടുമെന്റില്‍ ഇരുന്ന യാത്രക്കാരന്‍ ആരോ വാതിലിലൂടെ പുറത്തേക്ക് വീണതായി സംശയം പ്രകടിപ്പിച്ചതിനേതുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തിയിരുന്നു. ഒപ്പം നാട്ടുകാരും പരിശോധനയ്ക്കു കൂടിയെങ്കിലും ആളിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വെച്ചൂച്ചിറ പോലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി റെയില്‍വേ പോലിസിനു കൈമാറിയിരുന്നു. അന്വേഷണം നടത്തി വരവേയാണ് ഇന്നലെ രാവിലെ പത്തോടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്.

 

Latest