Ongoing News
ഇന്ത്യ സംയമനത്തോടെ പ്രതികരിച്ചു; തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് സേനകള്‍ക്ക് നിര്‍ദേശം
പാക് സൈന്യത്തിന് കനത്ത നാശം വരുത്തി, സൈന്യം എപ്പോഴും സുസജ്ജം

ന്യൂഡല്‍ഹി |പാകിസ്താന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇന്ത്യ സംയമനത്തോടെ പ്രതികരിച്ചെന്നും കര, വ്യോമ, നാവിക സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം ലഭിച്ചെന്നും സൈനിക മേധാവികള്‍ അറിയിച്ചു.
സൈന്യം എപ്പോഴും സുസജ്ജമാണ്. പാകിസ്താന്‍ എസ് 400 തകര്‍ത്തെന്നത് വ്യാജ പ്രചാരണമാണ്. ബ്രഹ്മോസ് തകര്‍ത്തെന്നതും തെറ്റായ പ്രചാരണമാണ്. എയര്‍ബേസുകളില്‍ നാശം വരുത്തിയെന്നത് തെറ്റാണ്. ഇന്ത്യന്‍ സൈന്യം ഒരു മുസ്ലിം പള്ളിയും ആക്രമിച്ചിട്ടില്ല. പാക് സൈന്യത്തിന് കനത്ത നാശം വരുത്തിയെന്നും മേധാവികള്‍ അറിയിച്ചു.
അതിര്‍ത്തിയിലെ എല്ലാ വിമാനത്താവളങ്ങളും സുരക്ഷിതമാണ്. പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. നാല് വ്യോമസേനാ താവളങ്ങള്‍ക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്റെ എയര്‍ ഡിഫന്‍സ്, റഡാര്‍ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞു. നിയന്ത്രണരേഖക്ക് സമീപം പാക് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി. അവരുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഏറ്റത് വലിയ തിരിച്ചടിയാണെന്നും സേനാ മേധാവികള്‍ വ്യക്തമാക്കി.