Connect with us

Cover Story

ഒരുമയുടെ സമരാവേശം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഈ 75ാം വർഷത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രാണൻ നൽകിയ ലക്ഷക്കണക്കിന് ആളുകളെ അനുസ്മരിക്കുന്നു. അവരുടെ പേരുകൾ ചരിത്രത്തിന്റെ ഏടുകളിൽ കാണാൻ കഴിയണമെന്നില്ല. എങ്കിലും ഒരു വലിയ ലക്ഷ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഈ വ്യക്തികളാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അടിത്തറ.

Published

|

Last Updated

മലബാറിൽ യൂറോപ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ തന്നെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പരിശ്രമത്തിനും തുടക്കമിട്ടിരുന്നു. കൂട്ടായ്മകളും മഹല്ലുകളും ഈ ശ്രമത്തിൽ പങ്കാളികളായി. പോർച്ചുഗീസുകാരുടെ ആഗമനം മുതൽ ഒരു സമൂഹമെന്ന നിലയിൽ മുസ്‌ലിംകൾ സ്വാതന്ത്ര്യത്തിന് വേണ്ടി അനേകം സമരങ്ങൾ നടത്തിവന്നു. ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75ാം വർഷം ആഘോഷിക്കുമ്പോൾ ഈ സമരങ്ങളുടെ ഹ്രസ്വ ചിത്രം ആവശ്യമാണ്.
ഗോവ പോലെ ഒരു പോർച്ചുഗീസ് കോളനിയായി മലബാർ മാറാതിരുന്നത് സാമൂതിരിപ്പാടും മുസ്‌ലിംകളും നടത്തിയ നാവിക യുദ്ധങ്ങൾ കാരണമായിരുന്നു. പിന്നീട് ഈ കാഴ്ചപ്പാടിൽ അനേകം വ്യക്തികൾ തങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഇവിടെ പടവെട്ടി. പലരും വ്യക്തിപരമായും കൂട്ടായ്മകളിലൂടെയും ഇതിൽ പങ്കെടുത്തു. സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്ര ഗ്രന്ഥം (തുഹ്ഫത്തുൽ മുജാഹിദീൻ) സൈനുദ്ദീൻ മഖ്ദൂം ഇവിടെ അറബിയിൽ വിരചിച്ചു. ഒരു രാജ്യവും മറ്റൊരു രാജ്യത്തെ ആക്രമിക്കരുതെന്നായിരുന്നു അതിന്റെ പ്രത്യയശാസ്ത്രം. ഉമർ ഖാസി നികുതി നിഷേധ സമരങ്ങൾക്കും മമ്പുറം തങ്ങൾ കോളനിവാഴ്ചക്കും സയ്യിദ് ഫസൽ മതപരമായ അക്രമങ്ങൾക്കും എതിരായി സമരം നടത്തി. ഇതിന്റെയെല്ലാം അടിയൊഴുക്കുകൾ 1921 ലെ മലബാർ സമരത്തിലും പ്രത്യക്ഷപ്പെട്ടു. അന്നത്തെ ഖിലാഫത്ത് സമരം ഒരു സമൂഹം മുഴുവൻ പങ്കെടുത്ത 1921ലെ മലബാർ സമരമായി.
ഇന്ത്യയിൽ നടന്ന 1857 ലെ സമരത്തിന്റെ ലാഞ്ചനകൾ ചില വ്യക്തികളിലൂടെ തലശ്ശേരിയിലും വള്ളുവനാട്ടിലും പ്രത്യക്ഷപ്പെട്ടത് മുഖ്യധാരാ ആശയത്തിൽ നിന്നും ഈ സമൂഹം വ്യത്യസ്തമായി നിലയുറപ്പിച്ചില്ലെന്നതാണ് തെളിയിക്കുന്നത്. ഒരു പക്ഷേ, 1921ലെ സായുധ സമരത്തിലും ഈ ആശയങ്ങൾ സ്വാധീനം ചെലുത്തിക്കാണാം.

എന്തെന്നാൽ ഒരു മതമെന്ന നിലയിൽ ഇസ്‌ലാം അടിമത്തത്തിനും അനീതിക്കും എതിരായിരുന്നു. ആ തത്ത്വശാസ്ത്രത്തിന്റെ തുടർച്ച പിന്നീട് ആ സമരത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും വ്യാപിച്ചിരുന്നു.
മലബാർ ഖിലാഫത്ത് സമരത്തിൽ ദേശസ്‌നേഹികളായ മുസ്‌ലിം പണ്ഡിന്മാർ നിർവഹിച്ച പങ്കാളിത്തം അതീവ ശ്രദ്ധേയമാണ്. ഇത്തരം ഒരു പങ്കാളിത്തം മുമ്പ് പണ്ഡിതന്മാരുടേതായി നാം കണ്ടുവരുന്നത് ഫ്രഞ്ച് വിപ്ലവത്തിലായിരുന്നു. ആമിനുമ്മാത്ത് പരീക്കുട്ടി മുസ്‌ലിയാർ എന്ന പണ്ഡിതൻ വഹിച്ച നേതൃത്വം, ആലി മുസ്‌ലിയാരുടെ പങ്കാളിത്തം എല്ലാം ശ്രദ്ധേയമാണ്. ദേശീയ മുസ്‌ലിംകളായ പണ്ഡിതന്മാരുടെ നേതൃത്വവും പങ്കാളിത്തവും പ്രത്യേകം എടുത്തു പഠിക്കേണ്ടതാണ്. ഈ സമരം ബ്രിട്ടീഷുകാർ മാർഷ്യൽ നിയമം ഉപയോഗിച്ചും തോക്കുകൾ കൊണ്ടും അടിച്ചമർത്തി. ഒരു ഘട്ടത്തിൽ അവർ വർഗീയ പ്രീണനം ഉപയോഗപ്പെടുത്തി. പിന്നീടാകട്ടെ ഒരു സമൂഹമെന്ന നിലയിൽ ഒന്നിച്ചു മുസ്‌ലിം സമൂഹത്തിന് മലബാറിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഓരോ പ്രദേശത്തും ദേശീയ മുസ്‌ലിംകൾ, പണ്ഡിതന്മാർ, നേതാക്കൾ എന്നിവർ സമരത്തിനും പ്രക്ഷോഭങ്ങൾക്കും നേതൃത്വം കൊടുത്തു. അവരിൽ ഏറ്റവുമധികം പേരെടുത്തവർ മുഹമ്മദ് അബ്ദുർറഹിമാൻ സാഹിബിനെ പോലുള്ളവരായിരുന്നു. അബ്ദുർറഹിമാൻ സാഹിബ് ഇടതുപക്ഷ കോൺഗ്രസ്സിന്റെ പ്രസിഡന്റെന്ന നിലയിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയെ താഴേ തലങ്ങളിലെത്തിച്ചു. ഇന്നത്തെ ഇടതുപക്ഷത്തിന്റെ വേരോട്ടത്തിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വഴിയൊരുക്കി. മുസ്‌ലിംകൾക്കിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ പല നേതാക്കളും നേതൃത്വം കൊടുത്തു. ഇവരെല്ലാം കൊടുങ്ങല്ലൂരിലെ നാടുവാഴിത്ത ശക്തികൾക്കെതിരായി വലിയ പ്രക്ഷോഭങ്ങൾ നടത്തി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന ആശയം കർഷക ദേശീയത എന്നതാണ്. മലബാറിൽ ജാതി വിരുദ്ധം, ജന്മിവിരുദ്ധം, സാമ്രാജ്യത്വ വിരുദ്ധം എന്നീ മൂന്ന് സമരങ്ങളായിരുന്നു. ഇവ മൂന്നിനേയും ഉണർത്തി സ്വാതന്ത്ര്യസമരം ശക്തമാക്കുന്നതിൽ പ്രധാന വ്യക്തികൾ വലിയ നേതൃത്വം നൽകി. ഓരോ പ്രദേശത്തും മലബാറിലെ മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും വഹിച്ച പങ്കാളിത്തം ശക്തമായിരുന്നു. എന്നാൽ മജ്‌ലിസുകൾ പോലുള്ള സംഘടനകൾ നടത്തിയ സംഭാവനകൾ വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. മുഖ്യധാരയിലെന്നപോലെ അന്ധവിശ്വാസവും ഫ്യൂഡൽ ജന്മിത്ത ബന്ധങ്ങളും സമൂഹത്തിൽ ശക്തമായിരുന്നു. അവ ഇല്ലായ്മ ചെയ്യാൻ പരിശ്രമിച്ചുകൊണ്ടാണ് മലബാറിൽ മുസ്‌ലിംകൾ സ്വാതന്ത്ര്യ സമരം മുമ്പോട്ടുകൊണ്ടുപോയത്. 1921ലേതു പോലുള്ള ഒരധ്യായം അതിന്റെ സംഭാവന കൂടിയായിരുന്നു.

ദേശീയ ബോധം ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ ബംഗാളിൽ നിന്നാണ് ആദ്യമായി വളർന്നു വന്നിട്ടുള്ളത്. അവിടുത്തെ സാഹിത്യവും കലകളും എല്ലാം തന്നെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ കൊളോണിയൽ സ്വഭാവത്തെ നിശിതമായി വിമർശിച്ചുള്ളതായിരുന്നു. അതിനെ തുടർന്നുകൊണ്ട് ഇന്ത്യയിലെ നാനാഭാഗങ്ങളിലേക്കും 19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ദേശീയ ബോധം വളർന്നു വരികയുണ്ടായി. ഒരു പക്ഷേ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് രൂപവത്കരിക്കപ്പെട്ടതിനു മുമ്പു തന്നെ ചെറിയ ചെറിയ സംഘടനകൾ ബംഗാളിന്റെ പല ഭാഗത്തും പ്രവർത്തിച്ചിരുന്നു. അവയെല്ലാം കൂടിക്കൊണ്ടാണ് അഖിലേന്ത്യാ തലത്തിൽ ബോംബെയിൽ വെച്ചിട്ടുള്ള കോൺഗ്രസ്സ് കമ്മിറ്റി രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. ആ കമ്മിറ്റി ദേശീയ ബോധത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് വരികയും ഒരു സേഫ്റ്റിവാൾവ് എന്ന നിലയിൽ ബ്രിട്ടീഷുകാരുടെ സഹായത്തോട് കൂടി പ്രവർത്തിക്കുകയും ചെയ്തുവെന്ന് ചരിത്ര വിദ്യാർഥികൾക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഇതിന്റെ ഫലമായി കേരളത്തിൽ ദേശീയ ബോധത്തിന്റെ ലാഞ്ചനകളുയർന്നുവരികയുണ്ടായി. ഇതിനു മുമ്പ് നടന്ന സ്വാതന്ത്ര്യ സമരങ്ങളും മറ്റനേകം മാപ്പിള വിപ്ലവങ്ങളും എല്ലാം തന്നെ ദേശീയബോധവുമായി ബന്ധപ്പെടുന്നവയായിരുന്നു. അതിനാൽ ആ ദേശീയ ബോധത്തെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് പിന്നീടുണ്ടായത്.

ഖിലാഫത്ത് സമരം വാസ്തവത്തിൽ ജാലിയൻവാലാബാഗിനു ശേഷം ആരംഭിച്ചതാണെങ്കിലും അതിനു മുമ്പ് തന്നെ ഹിന്ദുക്കളും മുസ്‌ലിംകളും എല്ലാം തന്നെ ഒത്തുചേർന്നു കൊണ്ട് പുരോഗമന പ്രസ്ഥാനങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഒരു സ്ഥിതി സംജാതമായിരുന്നു. അതിന്റെ ഫലമായിട്ടാണ് കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ മുസ്‌ലിംകൾ അധികമുള്ള ഇടങ്ങളിലെല്ലാം തന്നെ ഖിലാഫത്ത് പ്രസ്ഥാനം വളർന്നുവന്നിട്ടുള്ളത്. ഖിലാഫത്ത് പ്രസ്ഥാനം വളർന്നു വരിക മാത്രമല്ല ഒരു സായുധ സംഘട്ടനത്തിലേക്ക് അത് നീങ്ങുകയും അതിനെ അടിച്ചമർത്തുകയും ചെയ്ത കാര്യം നമുക്ക് അറിയാവുന്നതാണ്. അതിന്റെ ശതാബ്ദി ഇപ്പോൾ അനുസ്മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടം കൂടിയാണ് ഈ 75ാം സ്വാതന്ത്ര്യ സമരത്തിന്റെ വർഷം.

പല വ്യക്തികളും നേതൃത്വം കൊടുത്തുകൊണ്ട് മുസ്‌ലിം കൂട്ടായ്മയുണ്ടാക്കി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള സമരങ്ങളിൽ നിസ്തുലമായ പങ്കാളിത്തം വിവിധയിടങ്ങളിൽ വഹിച്ചിട്ടുണ്ട്. ഇത്തരം സമരങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള വ്യക്തികളെക്കുറിച്ച് ചരിത്രം പരതിയാൽ നമുക്ക് കാണാൻ കഴിയില്ല. ഓരോ പ്രദേശത്തും അവർ ചെയ്ത സേവനം വളരെയധികം ശ്രദ്ധേയമായിട്ടുള്ളതാണ്. ആയതിനാൽ അവയെ വിലയിരുത്താനുള്ള ശ്രമം എന്തുകൊണ്ടോ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെ പോയി.

ദേശീയ സമരത്തിന് നേതൃത്വം കൊടുക്കുന്നതിൽ സുന്നി മുസ്‌ലിംകളും നേതാക്കളും വഹിച്ച പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. അതിന്റെ വളർച്ചയിൽ ഇന്ന് മുസ്‌ലിംകൾ അനുഭവിക്കുന്ന പുരോഗതി മുഴുവൻ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സംഭാവനയാണെന്നതിൽ യാതൊരു സംശയവുമില്ല. മൈനോറിറ്റി റൈറ്റ്‌സ് റിസർവ് ചെയ്തുകൊണ്ട് മുസ്‌ലിം സമൂഹത്തിന് പല ആനുകൂല്യങ്ങളും സ്റ്റേറ്റ് നൽകുകയുണ്ടായി. അതിന്റെ ഫലമായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുസ്‌ലിം സമുദായത്തിനിടയിൽ വളർന്നുവന്നു. കാന്തപുരം പോലുള്ളവർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിദ്യാഭ്യാസ പ്രസ്ഥാനം, റവല്യൂഷൻ തന്നെ ആരംഭിച്ചു. ഈ റവല്യുഷൻ മലപ്പുറം ജില്ലയിൽ മാത്രമല്ല ഇന്ത്യയിലെ പല ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ഈയിടെ മൈസുരുവിൽ കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന ഒരു സ്‌കൂൾ സന്ദർശിക്കുകയുണ്ടായി. അവിടെ വിദ്യാഭ്യാസം നേടാനുള്ള ഏക വഴി ഈ സ്‌കൂൾ മാത്രമാണ്. ആ നിലയിൽ നോക്കിയാൽ സ്റ്റേറ്റിന്റെ ഉത്തരവാദിത്വം പോലും കാന്തപുരം എറ്റെടുത്തുകൊണ്ട് വളരെ ശ്രദ്ധേയമായി അതിനെ ഗ്രാമീണ തലങ്ങളിലെത്തിക്കുന്ന ഒരു ചരിത്രം നമുക്ക് കാണാൻ സാധിക്കും.

അതെല്ലാം തന്നെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച വിഭാഗം സ്വാതന്ത്ര്യാനന്തരവും വികസനത്തിനു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ നിദർശനങ്ങളാണ്. ഒരു പക്ഷേ മലയാളത്തിൽ ഇന്നു ലഭ്യമായ ഏതാണ്ട് പകുതിയിലധികം പ്രസിദ്ധീകരണങ്ങളും മുസ്‌ലിം സമൂഹത്തിന്റെതാണെന്നു പറയുമ്പോൾ ഒരു സമൂഹം അറിവ് ആർജിക്കുന്നതിൽ പുലർത്തുന്ന ജാഗ്രതയാണ് പ്രതിഫലിക്കുന്നത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ മുസ്‌ലിംകളെക്കുറിച്ച് ഈ ലേഖകനും പ്രൊഫ. ഇസ്മാഈലും ആഴത്തിലുള്ള ഒരു പഠനം നടത്തിയിരുന്നു.
മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിയുടെ അടിസ്ഥാന ശില സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ അടിസ്ഥാന ആശയങ്ങൾ പിന്നീട് വളർന്നുവരികയും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഫലപ്രാപ്തിക്കു വേണ്ടി അതു പ്രയോജനപ്പെടുത്തുകയും ചെയ്തു എന്നതിൽ മുസ്‌ലിം ജനവിഭാഗം ദീർഘ ദൃഷ്ടിയോടെ പ്രവർത്തിച്ചു എന്നു കാണാം. വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും പൗരാവകാശത്തിനും വേണ്ടി അനേകം കൈവഴികളിലൂടെ സമുദായം വ്യാപരിച്ചത് വ്യക്തമായി കാണാൻ സാധിക്കും. ആ നിലയിൽ സ്വാതന്ത്ര്യ പ്രസ്ഥാനം ഒരു വിമോചന പ്രസ്ഥാനം കൂടിയായിരുന്നു.
.

Latest