Articles
മതേതരത്വത്തിനേല്‍ക്കുന്ന തിരുമുറിവുകള്‍
ഫാസിസം ശത്രു പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവരെയെല്ലാം അവര്‍ ഊഴമനുസരിച്ച് വേട്ടയാടുക തന്നെ ചെയ്യും എന്നതിന്റെ മുന്നറിയിപ്പുകളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം ഇവര്‍ക്ക് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെ മുഴുവന്‍ പിന്തുണയൊന്നും വേണമെന്നില്ല എന്നിടത്തേക്ക് കാര്യങ്ങളെ ഇവര്‍ സമര്‍ഥമായി എത്തിക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവും ഒടുവില്‍ മുംബൈ ഹൈക്കോടതിയില്‍ നിന്ന് പുറത്തുവന്ന ഒരു വിധി പ്രസ്താവം ഇതിനോട് കൂട്ടിവായിക്കാം.

‘ഒരു കാലത്ത് ലോകജനാധിപത്യത്തിന് മാതൃകയായി എടുത്തുകാണിക്കാന്‍ ഒരു മതേതര ഇന്ത്യയുണ്ടായിരുന്നു’… ഇപ്പോള്‍ ഇങ്ങനെയൊരു തുടക്കം കുറിക്കുമ്പോള്‍തന്നെ വ്യക്തമാകുന്ന ഒന്നാണ് ഇന്ത്യ ഈയിടെയായി ആ പെരുമയെ സ്വയംകൈവെടിഞ്ഞ് അതിന്റെ നേര്‍ എതിര്‍ദിശയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന വസ്തുത.
സ്വാതന്ത്ര്യാനന്തര ഇന്ത്യ ദീര്‍ഘകാലം കാത്തുസൂക്ഷിച്ച ജനാധിപത്യ, മതേതരത്വ കെട്ടുറപ്പിന് ആദ്യമായി ഏറ്റ കനത്ത പ്രഹരം 1975ല്‍ അന്നത്തെ ഭരണാധികാരികള്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയായിരുന്നു എന്നത് ഇന്ന് ഏതാണ്ടെല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. തെളിച്ചു പറഞ്ഞാല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എന്ന ലോകം കണ്ട മഹാപ്രതിഭയായിരുന്ന ഒരു ചിന്തകന്റെ വിയോഗത്തോടെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിനും ക്രമേണ മതേതര ചിന്തകള്‍ക്കും ബലക്ഷയം സംഭവിച്ചു തുടങ്ങിയത്. പക്ഷേ, അത് ഒരടിയന്തരാവസ്ഥ എന്ന കൈയബദ്ധം കൊണ്ട് മാത്രം സംഭവിച്ച ഒന്നല്ലായിരുന്നു എന്നും കാണണം. അങ്ങനെ വിലയിരുത്താന്‍ കാരണം, അധികം നീണ്ടുപോയി ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണ അന്ധകാരത്തില്‍ മുഴുകും മുമ്പേ അന്നത്തെ ഭരണാധികാരികള്‍ക്ക് തന്നെ അടിയന്തരാവസ്ഥ പിന്‍വലിച്ച് ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചു വരേണ്ടി വന്നു എന്നതുകൊണ്ടാണ്.
എന്നാല്‍ പോലും, ഒരു ഏകാധിപത്യ ഭരണ പ്രവണത പരീക്ഷിക്കാന്‍ ഇടയായി എന്ന ഒറ്റ കാരണത്താല്‍ ആ കാലഘട്ടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇരുളടഞ്ഞതു തന്നെയായിരുന്നു. എന്നാല്‍ എളുപ്പത്തില്‍ ആ ദുരന്തകാലത്തില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞ ഇന്ത്യക്ക് 1990കളുടെ തുടക്കം വരെ വീണ്ടും ഇന്ത്യയുടെ പഴയ പ്രതാപം നിലനിര്‍ത്താനായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തെറ്റിന് അവര്‍ തന്നെ നടത്തിയ പ്രായശ്ചിത്വമാണ് പിന്നീട് കുറച്ചു കാലം കാണാനിടയായത്. എന്നാല്‍ വീണ്ടും അടിതെറ്റിയ മതേതര ജനാധിപത്യത്തിനേറ്റ രണ്ടാം തിരുമുറിവായി 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും വര്‍ഗീയ കലാപങ്ങള്‍ ഉത്തരേന്ത്യയില്‍ പലയിടത്തും പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ ഇന്ത്യ അതിന്റെ ഭൂതകാലത്തെ തിരസ്‌കരിക്കാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. അന്നും ഭരണം കൈയാളിയിരുന്നവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കക്ഷി തന്നെ എന്നത് ദൗര്‍ഭാഗ്യകരമായ വിരോധാഭാസമായി കരുതണം.
ആ തിരുമുറിവിന്റെ പരുക്കില്‍ നിന്ന് മോചനം നേടാന്‍ പിന്നീട് ഇന്ത്യന്‍ ജനാധിപത്യത്തിനായില്ല. കാരണം അപ്പോഴേക്കും ഇന്ത്യയുടെ ഹൃദയഭൂമി എന്ന് വിശേഷിപ്പിക്കുന്ന ഇടങ്ങളിലെല്ലാം ജനങ്ങളില്‍ മാനസികമായ അകല്‍ച്ചയും സാമുദായികമായ വേര്‍തിരിവുകളും വളര്‍ന്നുകൊണ്ടിരുന്നു. ആ ശൂന്യതയിലേക്കാണ് തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം സംഭവിക്കുന്നത്. പിന്നീടുണ്ടായതൊക്കെ സമീപകാല വെറുപ്പുത്പാദന രാഷ്ട്രീയത്തിന്റെ വിജയകരമായ ചരിത്രമാണെന്ന് പറയേണ്ടിവരും.
ഇന്ത്യക്ക് ഒരിക്കലും ആയിത്തീരാന്‍ കഴിയില്ല എന്ന് കരുതിയിരുന്ന സവര്‍ണ ഫാസിസത്തിലേക്കുള്ള ചുവടുമാറ്റം എത്ര എളുപ്പത്തിലാണ് പിന്നീട് സംഭവിച്ചുകൊണ്ടിരുന്നത്? മുമ്പ് ദേശീയ മതേതര പാര്‍ട്ടികളുടെ കൈപ്പിഴകള്‍ മൂലം സംഭവിച്ച തിരുമുറിവുകളുടെ എല്ലാം ഗുണഭോക്താക്കളാകാന്‍ ഹിന്ദുത്വ തീവ്രവര്‍ഗീയ ശക്തികള്‍ക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്തു. ആ അനുകൂല സാഹചര്യം ശരിക്കും അവര്‍ക്ക് ഒത്തുവന്നത് അടല്‍ ബിഹാരി വാജ്പയിക്കു ശേഷം ഹിന്ദുത്വ മേല്‍വിലാസത്തില്‍ ഭരണം കൈയാളിയ നരേന്ദ്ര മോദി, അമിത് ഷാ ഭരണകാലങ്ങളിലാണ്.
പിന്നിട്ട രണ്ട് ടേമുകളിലായി ലഭിച്ച ഭരണത്തിന്റെ പിന്‍ബലത്തില്‍ അവര്‍ ശരിക്കും അതാഘോഷിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ മുറിവുകള്‍ ഉണക്കലിന്റെ കാലമേയല്ല. ജനാധിപത്യത്തിനും മതേതരത്വത്തിനും സാഹോദര്യത്തിനും കൂടുതല്‍ പരുക്കേല്‍പ്പിച്ചു കൊണ്ട് ഇന്ത്യയില്‍ അവശേഷിച്ചിരുന്ന ജനാധിപത്യ, മതേതരത്വ, സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളെയെല്ലാം കടന്നാക്രമിക്കുന്ന രണോത്സുക മുന്നേറ്റമാണ് അവര്‍ കാഴ്ചവെക്കുന്നത്. സോഷ്യലിസം, മതേതരത്വം എന്ന ഭരണഘടനയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന പദപ്രയോഗങ്ങള്‍ പോലും എടുത്തുകളയണമെന്ന ശക്തമായ വാദത്തിലേക്കവര്‍ ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു.
പശുമാംസം കൈവശം വെച്ചു എന്ന വ്യാജ ആരോപണം നടത്തി ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ നടുറോഡിലിട്ട് തല്ലിച്ചതച്ചും കൊലപ്പെടുത്തിയും അവര്‍ നടത്തിയ തിരുമുറിവുകളുടെ ഘോഷയാത്ര ഇന്ത്യന്‍ ജുഡീഷ്യറി അടക്കമുള്ള നിയമ വ്യവസ്ഥകളെല്ലാം നിസ്സംഗരായി നോക്കി നില്‍ക്കുകയായിരുന്നു. അത്തരം പൈശാചികതകളൊന്നും തങ്ങളെ ബാധിക്കുകയില്ലെന്ന മൂഢധാരണ വെച്ചുപുലര്‍ത്തിയിരുന്ന മറ്റൊരു ന്യൂനപക്ഷ സംഘടനയുടെ വക്താക്കള്‍ ഭരണകൂടത്തിന്റെ ഈ വംശീയ, ഫാസിസ്റ്റ് സമീപനത്തെ കണ്ടില്ലെന്നു നടിച്ചു. ഏറ്റവും ഒടുവില്‍ ആ വിഭാഗത്തിലെ വിശ്വാസികളായ സ്ത്രീകള്‍ക്ക് പോലും അവരുടെ മതാചാര പ്രകാരമുള്ള വസ്ത്രം ധരിച്ച് ഉത്തരേന്ത്യന്‍ നഗരങ്ങളുടെ പല ഭാഗങ്ങളിലും സഞ്ചരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നെത്തി. അവരുടെ വേദഗ്രന്ഥം കൈയില്‍ പിടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിവിശേഷം ഉത്തരേന്ത്യയില്‍ സംജാതമായിക്കഴിഞ്ഞുവെന്ന് അവരുടെ നേതാക്കള്‍ക്ക് തന്നെ തുറന്നു സമ്മതിക്കേണ്ടിവന്നു. ഛത്തീസ്ഗഢില്‍ അറസ്റ്റിലായ തങ്ങളുടെ പ്രതിനിധികളെ രക്ഷിക്കാന്‍ ഫാസിസ്റ്റ് ഭരണകൂടം ഒപ്പമുണ്ടാകില്ലെന്ന വലിയ തിരിച്ചറിവ് അവര്‍ക്കുണ്ടായി. ഇന്ത്യയിലുടനീളം മതന്യൂനപക്ഷങ്ങളെല്ലാം വര്‍ഗീയ ഫാസിസത്തിന്റെ ഇരകളായിത്തീരുന്നുവെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവന്നു. ഫാസിസം ശത്രു പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവരെയെല്ലാം അവര്‍ ഊഴമനുസരിച്ച് വേട്ടയാടുക തന്നെ ചെയ്യും എന്നതിന്റെ മുന്നറിയിപ്പുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇതിനെല്ലാം ഇവര്‍ക്ക് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെ മുഴുവന്‍ പിന്തുണയൊന്നും വേണമെന്നില്ല എന്നിടത്തേക്ക് കാര്യങ്ങളെ ഇവര്‍ സമര്‍ഥമായി എത്തിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനമാണ് ഒരു പരിധി വരെ ജുഡീഷ്യറിയെയും, തിരഞ്ഞെടുപ്പ് കമ്മീഷനെ ഏതാണ്ട് മുഴുവനായും വരുതിയിലാക്കാന്‍ കഴിഞ്ഞത്. ഈ തിരുമുറിവുകളുടെ ആഴം വര്‍ധിപ്പിക്കാന്‍ അതിലൂടെ അവര്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നുണ്ട്്. ഏറ്റവും ഒടുവില്‍ മുംബൈ ഹൈക്കോടതിയില്‍ നിന്ന് പുറത്തുവന്ന ഒരു വിധി പ്രസ്താവം ഇതിനോട് കൂട്ടിവായിക്കാം.
ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന, ലോകത്തിലെ ഏറ്റവും നിസ്സഹായരായ മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റാലി നടത്താന്‍ സി പി എം ആവശ്യപ്പെട്ടതിനെ തള്ളിക്കളഞ്ഞു കൊണ്ട് മുംബൈ ഹൈക്കോടതിയില്‍ നിന്ന് വന്ന ചോദ്യം എന്താണെന്നോ? സ്വന്തം നാട്ടിലെ അല്ലറ ചില്ലറ കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മതിയല്ലോ, ആയിരക്കണക്കിനു മൈല്‍ ദൂരത്തുള്ള മറ്റൊരു രാജ്യത്തിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഇവിടുത്തെ തെരുവുകള്‍ നിങ്ങള്‍ എന്തിന് ഉപയോഗിക്കുന്നു’ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത്രക്കും മാനവികവിരുദ്ധമായ ചോദ്യങ്ങള്‍ ഒരു സമ്പൂര്‍ണ ജനാധിപത്യ രാജ്യത്തിന്റെ നീതിന്യായ കാവല്‍ക്കാരില്‍ നിന്നുണ്ടാകുകയും ഭരണകൂടം അതില്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു എന്നതിന്റെ അര്‍ഥം, കൊട്ടിഘോഷിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ ജനാധിപത്യ, മതേതരത്വത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു എന്നാണ്. താത്കാലിക നേട്ടത്തിനു വേണ്ടി മതേതരത്വ നയങ്ങളെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചവര്‍ക്കും ഇപ്പോള്‍ ഈ വിപത്തിനെ ചെറുക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്കും കരുത്തുറ്റ പ്രതിരോധ ശക്തികളാകാന്‍ കഴിയുന്നില്ല എന്നതാണ് ഇന്ത്യന്‍ ജനാധിപത്യം അനുഭവിക്കുന്ന വര്‍ത്തമാനകാല ദുരന്തം.