Kerala
അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതി; 50 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും
പദ്ധതിക്കായി 1900 കോടി രൂപ കിഫ്ബി വഴി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു
തിരുവനന്തപുരം | അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിയുടെ 50 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്കായി 1900 കോടി രൂപ കിഫ്ബി വഴി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയില്‍വേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും ഒഴിച്ചുകൂടാനാവാത്ത സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍ പാത ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗ്ഗം ഒരുക്കും. കൂടാതെ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജ്ജം പകരുകയും ചെയ്യും.
ദേശീയപാത 66ലുള്ള അങ്കമാലിയെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 8 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അങ്കമാലി മുതല്‍ കാലടി വരെയുള്ള ഏഴു കിലോമീറ്റര്‍ ദൂരത്തെ നിര്‍മ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായിരുന്നു.
ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും അവയുടെ കാലാവധി അവസാനിച്ചതിനാല്‍ നടപടികള്‍ വീണ്ടും ആദ്യഘട്ടം മുതല്‍ തുടങ്ങേണ്ടിവരും. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയില്‍വേ ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്.



