Kerala
വിദ്യാര്‍ഥികള്‍ എന്ന വ്യാജേന ചിലര്‍ നടത്തിയ സംഘര്‍ഷം സര്‍വകലാശാലയില്‍ വരാതിരുന്നതിന് കാരണം: വി സി. മോഹനന്‍ കുന്നുമ്മല്‍
ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റോ ഫയലോ പോലും ഒപ്പിടാനായി ബാക്കിയില്ല. സമരം നടത്തുകയും എല്ലാം തകര്‍ക്കുകയും ആണ് ചിലരുടെ പ്രധാന പരിപാടി. ഇതിനിടയില്‍ വിദ്യാര്‍ഥികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത്.

തിരുവനന്തപുരം | വിദ്യാര്‍ഥികള്‍ എന്ന വ്യാജേന ചിലര്‍ നടത്തിയ സംഘര്‍ഷം കാരണമാണ് സര്‍വകലാശാലയില്‍ വരാതിരുന്നതെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. ഈമാസം മൂന്ന് മുതല്‍ എട്ടാം തീയതി വരെ റഷ്യയിലായിരുന്നു. എന്നാല്‍, 20 ദിവസം വൈസ് ചാന്‍സലര്‍ ഇവിടെ ഇല്ലായിരുന്നു എന്നത് ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ 30-ാം തീയതിയാണ് അവസാനമായി സര്‍വകലാശാലയില്‍ വന്നത്. അന്ന് എല്ലാ ഫയലുകളും തീര്‍പ്പാക്കിയിട്ടാണ് പോയത്. ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റോ ഫയലോ പോലും ഒപ്പിടാനായി ബാക്കിയില്ലെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. വി സിയെ തടയില്ല എന്ന വാക്ക് വിശ്വസിച്ചാണ് ഇന്ന് വന്നത്. തടയാതിരുന്നതിന് നന്ദിയുണ്ട്. സമരം നടത്തുകയും എല്ലാം തകര്‍ക്കുകയും ആണ് ചിലരുടെ പ്രധാന പരിപാടി. ഇതിനിടയില്‍ വിദ്യാര്‍ഥികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത്. വിദ്യാര്‍ഥിയായി തുടരുന്നത് ഒരു പ്രൊഫഷനായി ചിലര്‍ കൊണ്ടുനടക്കുകയാണ്.
രജിസ്ട്രാറെ പിന്തുണയ്ക്കാന്‍ അക്രമികളെ ഇറക്കി നിയമം ലംഘിക്കുന്നു. അന്വേഷണത്തിന് സിന്‍ഡിക്കേറ്റിനെ ചുമതലപ്പെടുത്തുകയും നിയമം അനുസരിക്കില്ലെന്ന് പറയുകയും ചെയ്യുന്നു. രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ ഒരു ശിക്ഷ അല്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നും മോഹനന്‍ കുന്നുമ്മല്‍ വ്യക്തമാക്കി.
സസ്പെന്‍ഷനിലായ വ്യക്തി ഫയല്‍ നോക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രജിസ്ട്രാറും സിന്‍ഡിക്കേറ്റുമാണ് ഭരണ പ്രതിസന്ധി ഉണ്ടാക്കിയത്. സിന്‍ഡിക്കേറ്റ് രണ്ട് മാസത്തിലൊരിക്കല്‍ ചേര്‍ന്നാല്‍ മതിയെന്ന് സര്‍വകലാശാല സ്റ്റ്റ്റാറ്റിയൂട്ടില്‍ കൃത്യമായി പറയുന്നുണ്ട്. . അതിനിടയില്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കാം. അതിന്റെ ഉത്തരവാദിത്വം വൈസ് ചാന്‍സിലര്‍ക്കായിരിക്കുകയും ചെയ്യും. വൈസ് ചാന്‍സലര്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ അത് റിപോര്‍ട്ട് ചെയ്യണം. അന്വേഷണവിധേയമായാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതെന്നും തെളിവ് നശിപ്പിക്കും എന്നതിനാലാണ് മാറ്റിനിര്‍ത്തിയതെന്നും വി സി പറഞ്ഞു. സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഒപ്പിട്ട ഒരു ഫയലും നോക്കിയിട്ടില്ല. ഈ വിഷയങ്ങളെല്ലാം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. ഗവര്‍ണര്‍ രാജ്ഭവനില്‍ ഭാരതാംബയുടെ വിവാദ ചിത്രം വച്ചത് ശരിയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യം വന്നപ്പോള്‍ പ്രകോപിതനായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി.
‘