Connect with us

Prathivaram

മായക്കാഴ്ചകൾക്കു പിന്നിലെ ജീവിതസത്യങ്ങൾ

അയോനെസ്കോയുടെ അക്ഷരലോകത്തേക്കുള്ള പ്രവേശം കവിതകളും നിരൂപണങ്ങളുമെഴുതിക്കൊണ്ടായിരുന്നു.

Published

|

Last Updated

അസംബന്ധ നാടക പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കളിലൊരാളായ യൂജിൻ അയോനെസ്കോ (Eugene Ionesco) ലോക നാടകവേദിയിലെ വിഖ്യാത നാമമാണ്. ഇരുപതാം നൂറ്റാണ്ടിലെ മുൻനിര നാടകകൃത്തുക്കളിൽ ഏറെ ശ്രദ്ധേയനാണ് അദ്ദേഹം. നാടകരചനയുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ പരീക്ഷണോന്മുഖമായ രചനകളിലൂടെ മറികടക്കുകയായിരുന്നു അയോനെസ്കോ. ഏറെ കൗതുകകരവും വൈചിത്ര്യങ്ങൾ നിറഞ്ഞതുമായ അബ്‌സേഡ് തിയറ്ററിനെ (Absurd Theatre) മാന്ത്രികമെന്നു വിശേഷിപ്പിക്കാവുന്ന തന്റെ സർഗ സമ്പന്നതകൊണ്ട് അദ്ദേഹം ജനപ്രിയ പ്രസ്ഥാനമാക്കി മാറ്റി.

1909 നവംബർ 26 ൽ റൊമാനിയയിലാണ് യൂജിൻ അയോനെസ്കോ ജനിച്ചത്. റൊമാനിയൻ പൗരനായിരുന്നു പിതാവ്. മാതാവ് ഫ്രഞ്ചുകാരിയും. അയോനെസ്കോ കുഞ്ഞായിരിക്കുമ്പോൾ കുടുംബം ഫ്രാൻസിലേക്ക് താമസം മാറ്റി. പിന്നീട് 1925 ലാണ് അയോനെസ്കോ മാതൃരാജ്യമായ റൊമാനിയായിലേക്ക് തിരിച്ചുപോയത്. ഏറെക്കാലം അദ്ദേഹം അവിടെ ഫ്രഞ്ച് സാഹിത്യാധ്യാപകനായി സേവനമനുഷ്ഠിച്ചു. വിവാഹത്തെത്തുടർന്ന് കുടുംബസമേതം ഫ്രാൻസിൽ തിരിച്ചെത്തിയ അയോനെസ്കോ പാരീസിൽ സ്ഥിരതാമസമാക്കി. 1994ൽ അദ്ദേഹം ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു.

അയോനെസ്കോയുടെ അക്ഷരലോകത്തേക്കുള്ള പ്രവേശം കവിതകളും നിരൂപണങ്ങളുമെഴുതിക്കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ ചില റൊമാനിയൻ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. വിക്ടർ യൂഗോയുടെ വിലക്ഷണമായ സാഹിത്യജീവിതം എന്ന നിരൂപണ ലേഖനം അയോനെസ്കോയെ അക്ഷരലോകത്ത് ശ്രദ്ധേയനാക്കി. ആക്ഷേപഹാസ്യരീതിയിൽ രചിക്കപ്പെട്ട ആ കൃതിയിൽ ഫ്രഞ്ച് സാഹിത്യം യൂഗോക്ക് അനർഹമായ ഔന്നത്യമാണ് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അയോനെസ്കോയുടെ ആദ്യ പ്രസിദ്ധീകൃത കൃതി Elegies for Minuscule Creatures (1931) എന്ന കാവ്യ സമാഹാരമായിരുന്നു. 1934ൽ അദ്ദേഹത്തിന്റെ ലേഖന സമാഹാരം Non വെളിച്ചം കണ്ടു. റൊമാനിയയുടെ സാഹിത്യലോകത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ച ഈ പുസ്തകത്തിൽ തുദോർ അർഹേസി (Tudor Arghezi) ഇയോൺ ബാർബു (Ion Barbu), കാമിൽ പിത്രേസ്‌കൂ (Camil Petrescu) തുടങ്ങിയ അക്കാലത്തെ വിഖ്യാതരായ റൊമാനിയൻ എഴുത്തുകാരുടെ രചനകളെ ആർജവമില്ലാത്തവയെന്ന് പറഞ്ഞ് അയോനെസ്കോ തള്ളിക്കളയുകയാണ്.

അയോനെസ്കോയെ ദേശീയതലത്തിൽ ശ്രദ്ധേയനാക്കിയത് അദ്ദേഹത്തിന്റെ നാടകങ്ങളാണ്. The Lesson (1951), The Chairs(1952), Rhinoceros (1959), The Killer, (1958), Exit The King (1962) എന്നിവയാണ് ഏറെ പ്രശസ്തമായ നാടകങ്ങൾ. പ്രതിനാടകങ്ങൾ (Anti – Plays) എന്ന് അയോനെസ്കോ തന്നെ വിശേഷിപ്പിച്ച ഇവയിലെ ഭാഷയും ആവിഷ്കാരവും പ്രമേയപരിസരവുമെല്ലാം വിചിത്രവും അസംബന്ധമെന്ന് തോന്നിക്കുംവിധം അങ്ങേയറ്റം പരീക്ഷണോന്മുഖവുമാണ്. പരസ്പരബന്ധമില്ലാത്ത വാക്യഘടന, അയഥാർഥമെന്നോ യുക്തിരഹിതമെന്നോ ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന പ്ലോട്ട്, വിചിത്ര ഭാവനകളെ താലോലിക്കുന്ന കഥാപാത്രങ്ങൾ, എന്നിവയെല്ലാം ചേർന്ന് അസാധാരണമാംവിധം സ്തോഭജനകവും പരിഭ്രാന്തവുമായ ഒരു ലോകത്തിലേക്കാണ് ഈ നാടകങ്ങൾ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. 1950ൽ, അയോനെസ്കോയുടെ ആദ്യകാല നാടകങ്ങളിലൊന്നായ The Bald Soprano പാരീസിലെ തീയേറ്ററിൽ അവതരിപ്പിക്കുകയുണ്ടായി. അക്കാലത്തെ പല സർറിയലിസ്റ്റ് എഴുത്തുകാരുടെയും സൈദ്ധാന്തികരുടേയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ ഈ സൃഷ്ടി പക്ഷെ അരങ്ങിൽ പരാജയമായിരുന്നു. വിചിത്രമായ അവതരണവും പ്രമേയവും സാധാരണക്കാരായ പ്രേക്ഷകരെ ആകർഷിച്ചില്ല. അത്തരമൊരു വിചിത്രനാടകം ആദ്യമായി കാണുകയായിരുന്നു അവർ.

അയോനെസ്കോയെ രാജ്യാന്തര പ്രശസ്തിയിലേക്കു നയിച്ച കാണ്ടാമൃഗം (Rhinoceros) 1959 ലാണ് അരങ്ങിലെത്തിയത്. അബ്‌സേർഡ് തിയറ്ററിന്റെ എക്കാലത്തേയും ഏറ്റവും മികച്ച മാതൃക എന്നാണ് നിരൂപകലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. സാമ്പ്രദായികമായ ദൃശ്യവിരസതയിൽ അഭിരമിക്കുകയായിരുന്ന പ്രേക്ഷകർക്കെല്ലാം കാണ്ടാമൃഗം പുതിയൊരു അനുഭവമായിരുന്നു. അതോടൊപ്പം പാരമ്പര്യവാദികളായ സഹൃദയരും കലാവിമർശകരും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ അഴിച്ചുവിടുകയും ചെയ്തു. സമൂഹത്തിന്റെ ദയാരാഹിത്യവും മനുഷ്യന്റെ ഒറ്റപ്പെടലുമാണ് കാണ്ടാമൃഗത്തിന്റെ പ്രമേയം. ഇതിലെ കേന്ദ്രകഥാപാത്രമായ ബെരെങ്ഗർ അയോനെസ്കോയുടെ തന്നെ പ്രതിരൂപമെന്നാണ് അറിയപ്പെടുന്നത്.

മൂന്ന് ഭാഗങ്ങളുള്ള ഈ സൃഷ്ടിയുടെ രംഗഭൂമി ഫ്രാൻസിലെ ഒരു പട്ടണമാണ്. അവിടുത്തെ ജനങ്ങളെല്ലാം കാണ്ടാമൃഗങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്ന അമ്പരപ്പിക്കുന്ന വാർത്തയുമായാണ് നാടകം ആരംഭിക്കുന്നത്. ബെരങ്ഗറിന്റെ കൂട്ടുകാരൻ ഷാൺ കൂടി കാണ്ടാമൃഗമായി മാറുന്നതോടെ അവനും കാമുകിയായ ഡെയ്‌സിയും മാത്രമേ പിന്നീട് ആ പട്ടണത്തിൽ മനുഷ്യരായി അവശേഷിക്കുന്നുള്ളൂ. കാണ്ടാമൃഗമാവുന്നതിനെ ഡെയ്‌സി അനുകൂലിക്കുമ്പോൾ ബെരങ്ഗർ അതിനെ എതിർക്കുന്നു. മനുഷ്യൻ തന്റെ യഥാർഥ സ്വത്വം ഉപേക്ഷിച്ച് പരിഹാസവും വന്യവും അയഥാർഥവുമായ മറ്റൊരു സ്വത്വത്തിലേക്ക് കുടിയേറുന്നത് ആത്മഹത്യാപരമാണെന്നാണ് അവൻ പറയുന്നത്. അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂർച്ഛിച്ചതോടെ ഡെയ്സി അവനെ വിട്ടു പോകുന്നു. അതോടെ കാണ്ടാമൃഗങ്ങളുടെ നടുവിൽ ബെരങ്ഗർ ഒറ്റക്കാവുകയാണ്. അന്തർസംഘർഷങ്ങളിൽ കാലിടറുമ്പോഴും അമ്പരപ്പിക്കുന്ന മനസ്ഥൈര്യത്തോടെ അവൻ പിടിച്ചുനിൽക്കുന്നു. എന്തുതന്നെ സംഭവിച്ചാലും താൻ മനുഷ്യനായിത്തന്നെ ജീവിക്കുമെന്നുള്ള ബെരങ്ഗറുടെ പ്രഖ്യാപനത്തോടെയാണ് നാടകത്തിന് തിരശീല വീഴുന്നത്.

അബ്‌സേഡ് തിയറ്ററിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കാണ്ടാമൃഗം. സമൂഹത്തിന്റെ കാപട്യവും ദയാരാഹിത്യവും മനുഷ്യരെ ബീഭത്സമായ മനോവ്യാപാരങ്ങളുടെ ഇരകളാക്കുന്നതെങ്ങനെയെന്ന് ഈ നാടകം നമുക്ക് കാണിച്ചുതരുന്നു. മാനവികതയുടെയും സഹജീവി സ്നേഹത്തിന്റെയും പ്രസക്തിയറ്റുപോകുന്ന ഈ കാലഘട്ടത്തിൽ മനുഷ്യർ തങ്ങളുടെ സഹജസ്വഭാവമായ മനുഷ്യത്വത്തെ വെടിഞ്ഞ് മൃഗസമാനമായ മറ്റൊരു സ്വത്വത്തിലേക്ക് പരിണമിക്കുന്ന ചിത്രം തികഞ്ഞ യാഥാർഥ്യബോധത്തോടെയാണ് ഈ നാടകത്തിൽ ദൃശ്യവത്കരിക്കുന്നത്. അഭിശപ്തത ജീവിതത്തിന്റെ സർവമേഖലകളിലും ഇരുൾപരത്തുന്ന ഈ കാലത്ത് കാണ്ടാമൃഗത്തിന് ഏറെ പ്രസക്തിയുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
അയോനെസ്കോയുടെ പിൽക്കാല സൃഷ്ടികളായ Hunger and Thirst (1964), The Man with the Suitcases (1975), Journeys among the Dead (1980) എന്നിവയിൽ മരണമാണ് പ്രധാന പ്രതിപാദ്യം. മരിച്ചവരുമായി ഇതിലെ കഥാപാത്രങ്ങൾ സ്വാഭാവികതയോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നത് കാണാം. 1972 ൽ അദ്ദേഹത്തിന്റെ ഏക നോവൽ The Hermit പ്രസിദ്ധീകരിച്ചു.

യൂജിൻ അയോനെസ്കോയുടെ ഓരോ സൃഷ്ടിയും പരീക്ഷണോന്മുഖമാണ്. രചനാതന്ത്രത്തിന്റെ പുതുമ അവക്ക് സവിശേഷമായ ഔന്നത്യം നൽകുന്നു. സമൂഹത്തിന്റെ അനാശാസ്യതകളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്ന ആ നാടകങ്ങൾ ജീവിതത്തിന്റെ അന്തസ്സാര ശൂന്യതയെയാണ് പ്രതിപാദിക്കുന്നത്. പരമ്പരാഗതമായ എല്ലാ നാടക സങ്കൽപ്പങ്ങളെയും പൊളിച്ചെഴുതിക്കൊണ്ട്, അക്കാലം വരെ വെച്ചുപുലർത്തിയ എല്ലാ ധാരണകളെയും നിരാകരിച്ചുകൊണ്ട് സർറിയലിസ്റ്റ് ദർശനങ്ങളെ സ്വാഭാവികമായി അവതരിപ്പിക്കുകയും അവക്ക് പ്രേക്ഷക അംഗീകാരം നേടിയെടുക്കുകയും ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചു.

ആക്ഷേപഹാസ്യവും ഐറണിയുമെല്ലാം സമഞ്ജസമായി ചേർത്തു തയ്യാറാക്കിയ ഈ നാടകങ്ങളിൽ പരിഷ്കൃത സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളെ അദ്ദേഹം സൂക്ഷ്മ പരിശോധനനക്ക് വിധേയമാക്കുന്നു. പരമ്പരാഗത സാമൂഹിക ജീവിതത്തിലെ പൊരുത്തക്കേടുകളേയും ആധുനിക ജീവിതത്തിന്റെ യാന്ത്രികമായ ചലനവേഗങ്ങളേയും അദ്ദേഹം നിർദാക്ഷിണ്യം തുറന്നുകാട്ടുന്നു.
ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ നേടിയ യൂജിൻ അയോനെസ്കോ ജീവിതസത്യങ്ങളെ മായക്കാഴ്ചകളിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ്. അസാധാരണമായ ഭാഷയിലൂടെ, ശൈലിയിലൂടെ, ആവിഷ്കാരത്തിലൂടെ ലോക നാടകവേദിക്ക് അദ്ദേഹം വ്യത്യസ്തവും സവിശേഷവുമായ വ്യക്തിത്വം പകർന്നു നൽകുകയുണ്ടായി. അസംബന്ധ നാടകങ്ങളെപ്പറ്റി ഗഹനമായ പഠനങ്ങൾ നടത്തിയ മാർട്ടിൻ എസ്സിൻ അയോനെസ്കോയെ സാമുവൽ ബെക്കറ്റിനും ഴാങ് ഷെനെയ്ക്കുമൊപ്പമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പുതുമ തേടുന്ന ആസ്വാദകവൃന്ദത്തെ ദേശകാലങ്ങൾക്കതീതമായി മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന യൂജിൻ അയോനെസ്കോയുടെ സൃഷ്ടികളെല്ലാം തന്നെ നിത്യഹരിതങ്ങളാണെന്ന് അദ്ദേഹം വാഴ്ത്തുന്നു.

ഡോ. ശരത് മണ്ണൂർ
sarathmannur@gmail.com

Latest