Connect with us

cover story

വാസ്തുവിദ്യ എന്ന അഭിമാനം

മർകസ് നോളജ് സിറ്റിയിൽ പ്രവേശിക്കുന്ന ഏതൊരാളെയും പിടിച്ചുനിർത്തുന്ന ആദ്യത്തെ കാഴ്ച മിനാരങ്ങളും ഖുബ്ബകളും നിറഞ്ഞ മസ്ജിദിന്റെതാണ്. പൈതൃക മ്യൂസിയം, സ്പിരിച്വൽ എൻക്ലേവ്, ഗവേഷണ കേന്ദ്രം, ലോകോത്തര ലൈബ്രറി, സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഇന്റർ നാഷനൽ ഇവന്റ് സെന്റർ തുടങ്ങിയവ ഉൾപ്പെടുന്ന വിശാലമായ സമുച്ചയമായ മലൈബാർ കൾച്ചറൽ സെന്ററിന്റെ ഭാഗമാണ് ഈ മസ്ജിദ്.

Published

|

Last Updated

കേരളത്തിൽ ജനിച്ചുവളർന്ന ഒരാളാണെങ്കിലും, കോഴിക്കോട്ടേക്കുള്ള ഇത്തവണത്തെ എന്റെ യാത്രക്ക് ഒരു വിനോദസഞ്ചാരിയുടെ ഭാവം ഉണ്ടായിരുന്നു. ദീർഘകാലത്തെ ഇസ്താംബൂൾ വാസത്തിനു ശേഷം നാട്ടിലേക്കുള്ള ഒരു യാത്ര, വിവാഹ ശേഷം ഡൽഹി സ്വദേശിനിയായ ഭാര്യയുമൊത്തുള്ള കേരളത്തിലേക്കുള്ള ആദ്യത്തെ യാത്ര എന്നിവയൊക്കെയാണ് നാട്ടിലേക്കുള്ള യാത്രയെ ഇത്തവണ സവിശേഷമാക്കി മാറ്റിയത്. സ്വന്തം നാട്ടിൽ വിനോദ സഞ്ചാരിയായിത്തീരുക എന്നത് ഒരേസമയം വെല്ലുവിളി നിറഞ്ഞതും അതേസമയം കൗതുകങ്ങളുടെ ഒട്ടനവധി സാധ്യതകൾ തുറന്നിടുന്നതുമായ അപൂർവമായ അവസരത്തെ പ്രദാനം ചെയ്യും. പരിചിതത്വവും അപരിചിതത്വവും ഒരുപോലെ പ്രവർത്തിക്കും. പരിചിതമായത് എന്നു കരുതിപ്പോന്ന പലതിലും ഒരു അപരിചിതത്വം അനുഭവപ്പെടും. നേരെ തിരിച്ചും. അത്തരമൊരു അനുഭവം മനസ്സിനെ ഒരേസമയം സംഘർഷഭരിതവും ആഹ്ലാദദായകവും ആക്കും. ഈയൊരു വൈകാരിക ഭാവമായിരുന്നു ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്രയുടെ പ്രധാന മൂലധനം.

വയനാട്ടിലേക്കുള്ള യാത്രാ മധ്യേയാണ് മർകസ് നോളജ് സിറ്റി കാണാൻ ഇറങ്ങിയത്. ദക്ഷിണേന്ത്യയുടെ നട്ടെല്ലെന്ന ഭാവത്തിൽ ചുറ്റുപാടും തലയുയർത്തി നിൽക്കുന്ന പശ്ചിമ ഘട്ടം. പച്ചപ്പ്‌ പൊതിഞ്ഞു നിൽക്കുന്ന ആ ഗിരിശൃംഗങ്ങൾക്ക് താഴെ ഒരു ചോലവനം പോലെ തണൽ പെയ്യുന്ന താഴ്‌വാരം. ആകാശത്തിന്റെ നീലിമയും ഭൂമിയുടെ പച്ചപ്പും പരസ്പരം ചുംബിക്കുന്ന അതിമനോഹരമായ ആ താഴ്‌വാരക്കാഴ്ച തന്നെ അതീന്ദ്രിയമായ ഒരനുഭവമാണ്. ആ അനുഭവത്തിന്റെ വാതിൽപാളിയിലൂടെയേ ഒരാൾക്ക് നോളജ് സിറ്റിയിലേക്ക് പ്രവേശിക്കാൻ കഴിയൂ. മർകസ് നോളജ് സിറ്റി എന്ന അനുഭവത്തെ ഭൂമിശാസ്ത്രപരമായ അതിന്റെ കിടപ്പിൽ നിന്നും മാറ്റിനിർത്തി കാണാൻ കഴിയില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. ഈ സ്ഥലം യാദൃച്ഛികമായ തിരഞ്ഞെടുപ്പല്ല എന്ന എന്റെ അനുമാനത്തെ ശരിവെക്കുന്ന ധാരാളം വിശദീകരണങ്ങൾ നോളജ് സിറ്റി ഭാരവാഹികളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നും മനസ്സിലാക്കാനും കഴിഞ്ഞു. “ഒരു കെട്ടിടം എന്നത് ഒരു സമൂഹം അതിന്റെ പ്രത്യേക ചരിത്ര സന്ദർഭത്തിൽ, ഒരു പ്രത്യേക സ്ഥലത്ത് നടത്തുന്ന സാമൂഹികമായ ഒരിടപെടൽ ആണ്. സ്ഥലപരവും സമയപരവുമായ ഇടപെടൽ’ – നോളജ് സിറ്റിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അക്കാദമിക് കൗൺസിലിലെ അംഗമായ ഡോ. മുഹമ്മദ് റോഷൻ നൂറാനിയുടെ വിശദീകരണം കേവലം ഒരു കെട്ടിടത്തിന്റെ ഉള്ളടക്കം എന്നതിൽ നിന്നും പുറത്തേക്ക് പോയി, സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഒരു വിശ്വാസി സമൂഹം എങ്ങനെ നിലവിലുള്ള സ്ഥലത്തെ (space) ക്രമപ്പെടുത്തുകയും അതുവഴി പുതിയ സ്ഥലങ്ങൾ രൂപവത്കരിക്കുകയും ചെയ്യുന്നു എന്ന തലത്തിലുള്ള കുറേക്കൂടി ഗൗരവപൂർണമായ ഒരു വിശകലനം മർകസ് നോളജ് സിറ്റി ആവശ്യപ്പെടുന്നുണ്ട് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മർകസ് നോളജ് സിറ്റിയിൽ പ്രവേശിക്കുന്ന ഏതൊരാളെയും പിടിച്ചുനിർത്തുന്ന ആദ്യത്തെ കാഴ്ച മിനാരങ്ങളും ഖുബ്ബകളും നിറഞ്ഞ മസ്ജിദിന്റെതാണ്. എന്നാൽ ഈ മസ്ജിദ് നമ്മുടെ നാട്ടിൽ സാധാരണ കാണാറുള്ളത് പോലുള്ള ഒറ്റപ്പെട്ടു നിൽക്കുന്ന ആരാധനാ കേന്ദ്രമല്ല എന്നതാണ് പ്രധാനപ്പെട്ട സവിശേഷത. പൈതൃക മ്യൂസിയം, സ്പിരിച്വൽ എൻക്ലേവ്, ഗവേഷണ കേന്ദ്രം, ലോകോത്തര ലൈബ്രറി, സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഇന്റർ നാഷനൽ ഇവന്റ് സെന്റർ തുടങ്ങിയവ ഉൾപ്പെടുന്ന വിശാലമായ സമുച്ചയമായ മലൈബാർ കൾച്ചറൽ സെന്ററിന്റെ ഭാഗമാണ് ഈ മസ്ജിദ്. മുസ്‌ലിംകളുടെ പ്രധാനപ്പെട്ട ഒരു ആരാധനാ കേന്ദ്രം എങ്ങനെ ഒരു സാംസ്കാരിക സമുച്ചയത്തിന്റെ ഭാഗമായിത്തീരുന്നു എന്നത് കൗതുകകരമായ കാര്യമാണ്. ലോകത്തുടനീളം മുസ്‌ലിം ആരാധനാലയങ്ങളുടെ രൂപകൽപ്പനയിലും നിർമാണത്തിലും നടന്നുകൊണ്ടിരിക്കുന്ന കാതലായ ഒരു മാറ്റത്തെയാണ് മലൈബാർ കൾച്ചറൽ സെന്ററിലെ ഈ മസ്ജിദിന്റെ കിടപ്പ് ഉൾവഹിച്ചിരിക്കുന്നത്. മുസ്‌ലിംകളെയും അവരുടെ ആരാധനാ ക്രമങ്ങളെയും കടുത്ത ഭീതിയോടെ കാണുന്ന ഒരു ചരിത്ര സന്ദർഭത്തിൽ, അവയെ എങ്ങനെ സുതാര്യമാക്കാം എന്ന ചോദ്യം മുസ്‌ലിം വാസ്തുശിൽപ്പ കല അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വലിയ ചോദ്യമാണ്. ലോകത്തെ വിവിധ മുസ്്ലിം സമൂഹങ്ങൾ തങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഈ ചോദ്യത്തിന് സർഗാത്മകമായ മറുപടികൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആ മറുപടിയുടെ ഒരു തുടർച്ച മലൈബാർ കൾച്ചറൽ സെന്ററിലെ മസ്ജിദിലും കാണാൻ കഴിയുന്നുണ്ട്.

“സംസ്കാരം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൾച്ചറൽ സെന്ററിന്റെ രൂപകൽപ്പന. വാസ്തുശിൽപ്പപരമായ കേവലം ഒരു ആശ്ചര്യം എന്ന നിലയിൽ നിന്നും ഈ കെട്ടിടത്തിന് ചരിത്രപരമായ സൗന്ദര്യം നൽകുന്നത് സംസ്കാരം എന്ന പരികൽപ്പനയുമായുള്ള അതിന്റെ ഉൾച്ചേരലാണ്. വാസ്തുശിൽപ്പകലയിൽ ഏറ്റവും അധികം സംഭാവനകൾ ചെയ്ത ഒരു സമൂഹമാണ് മുസ്‌ലിംകളുടെത്. യൂറോപ്പ് അതിന്റെ സൗന്ദര്യ ആവിഷ്കാരത്തിനു തിരഞ്ഞെടുത്തത് ചിത്രകല ആയിരുന്നുവെങ്കിൽ മുസ്‌ലിംകൾക്കത് കാലിഗ്രഫിയും വാസ്തുശിൽപ്പവുമായിരുന്നു. കഅ്ബ എന്ന, അല്ലാഹു ഭൂമിയിൽ നടത്തിയ വാസ്തുശിൽപ്പപരമായ ഒരിടപെടലിലേക്ക് മുന്നിട്ടാണല്ലോ മുസ്‌ലിംകൾ അവരുടെ ദൈനംദിന ജീവിതത്തെ തന്നെ സംവിധാനിച്ചിരിക്കുന്നത്. സംസ്കാരത്തിന്റെ സാധ്യതകളെ എങ്ങനെ ഒരു സമുദായത്തിന്റെ മുന്നോട്ടു പോക്കിനുള്ള ഊർജമാക്കി മാറ്റാം, ആ ഊർജത്തെ എങ്ങനെ വാസ്തുശിൽപ്പ കലയിലേക്ക് ആവാഹിക്കാം എന്നതായിരുന്നു ഞങ്ങളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെയും ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെയും ലോക അനുഭവങ്ങൾ ആണ് ഈ വെല്ലുവിളിയെ മറികടക്കാൻ ഞങ്ങളെ സഹായിച്ചത്’- മലൈബാർ കൾച്ചറൽ സെന്ററിന്റെ സാമൂഹിക ദൗത്യത്തെ, അതിന്റെ നിർമാണത്തിൽ പങ്ക് വഹിച്ച ടാലൻമാർക്കിലെ എം ഹബീബുർറഹ്്മാൻ, എൻ ഹിബത്തുല്ല, എൻ എ മുഹമ്മദ് ഷക്കീൽ എന്നിവർ വിശദീകരിച്ചുതന്നു.

മലൈബാർ എന്ന പ്രയോഗത്തിൽ തന്നെ ചരിത്രത്തിന്റെ വേരുകളിലേക്കുള്ള ഒരു പോക്ക് ഉണ്ട്. എന്നാൽ ആ പോക്ക്, സമകാലീനതയിൽ നിന്നോ, അതിന്റെ തുടർച്ചയായ ഭാവിയിൽ നിന്നോ ഉള്ള പുറംതിരിഞ്ഞു നിൽപ്പല്ല താനും. ആ അർഥത്തിൽ പാരമ്പര്യത്തെ കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടിനെ ഈ പോക്ക് കീഴ്മേൽ മറിക്കുന്നുണ്ട്. ചരിത്രത്തിലേക്ക് പോകുമ്പോഴും അതിനെ വർത്തമാനവുമായി ബന്ധപ്പെടുത്തുമ്പോഴും പ്രാദേശികതയുടെ ഗൃഹാതുരത്വത്തിൽ സ്തംഭിച്ചുപോകാതിരിക്കാനുള്ള ജാഗ്രത ഈ വാസ്തുശിൽപ്പങ്ങളിലൊക്കെയും കാണാൻ സാധിക്കും. കേവലം മലബാറിന്റെ ചരിത്രത്തിലേക്ക് മാത്രമല്ല, ലോകത്തെ വിവിധ മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും തുറന്നുവെച്ച ഒരു വാതിൽ ഈ കൾച്ചറൽ സെന്ററിൽ കാണാം. ഇന്തോനേഷ്യ മുതൽ ടാൻസാനിയയിലെ സെൻസിബാർ വരെ യാത്ര ചെയ്ത ഒരാൾ എന്ന നിലയിൽ, അവിടെയൊക്കെയുള്ള മുസ്‌ലിം സമൂഹത്തിന്റെ ചരിത്ര വർത്തമാനങ്ങളിലേക്ക് ഏതെങ്കിലും തരത്തിൽ കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന എന്തെങ്കിലും ഒരു റഫറൻസ് ഈ കൾച്ചറൽ സെന്ററിലുടനീളം കാണാൻ കഴിയും. അങ്ങനെ ആഗോള സമൂഹത്തിലേക്ക് നോക്കാനും അതുവഴി പ്രാദേശികതയുമായുള്ള സംവാദം സാധ്യമാക്കാനുമുള്ള സാധ്യത കൾച്ചറൽ സെന്ററിനുണ്ട്. ആ സാധ്യത കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഭാവിയെ ചിട്ടപ്പെടുത്തുന്നതിൽ നിർണായകവുമാണ്.

മസ്ജിദിന് പുറത്ത് കൾച്ചറൽ സെന്റർ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ആ സാധ്യതയെ ബലപ്പെടുത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പള്ളിയുടെ അടിഭാഗത്ത് സംവിധാനിച്ച വിശാലമായ സൂഖ്. ആ സൂഖിന്റെ രൂപകൽപ്പന എന്നെ വീണ്ടും ഇസ്താംബൂൾ നഗരത്തിലേക്ക് കൊണ്ടുപോയി. ഫാതിഹ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന, ദിനേന മുപ്പതിനായിരത്തിൽ അധികം സന്ദർശകർ എത്തുന്ന ഗ്രാൻഡ് ബസാർ ലോകത്തെ തന്നെ ഏറ്റവും വലിയ സൂഖുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. ഒരു കച്ചവട സമൂഹം എന്ന നിലയിൽ മുസ്‌ലിം സമൂഹത്തിന്റെ ചരിത്ര ദൗത്യത്തെയാണ് സൂഖുകൾ അടയാളപ്പെടുത്തുന്നത്. ആ അടയാളത്തെ പുതിയ കച്ചവട സാധ്യതകളോട് ചേർത്ത് അവതരിപ്പിക്കാൻ കഴിയുന്നു എന്നതാണ് മലൈബാർ സെന്ററിലെ സൂഖിന്റെ പ്രത്യേകത. പ്രാദേശിക ഉത്പന്നങ്ങൾക്കും ബ്രാൻഡുകൾക്കും ആഗോള മാർക്കറ്റിൽ ഇടം കണ്ടെത്തുക ലക്ഷ്യംവെച്ചുള്ള ഗ്ലോക്കൽ ഇൻക്യൂബേഷൻ സെന്റർ അതിൽ ഒന്നാണ്. മസ്ജിദിനകത്തെ ദൃശ്യഭംഗിയും അതിമനോഹരമായ കാലിഗ്രഫിയും വെളിച്ച സംവിധാനവും പള്ളിക്കകത്തെ സ്ഥലങ്ങളുടെ തന്ത്രപരമായ ഘടനയും വിതരണവും സന്ദർശകരെ പുതിയൊരു പരിസ്ഥിതിയിലേക്ക് കൊണ്ടുപോകാൻ ശേഷിയുള്ളതാണ്. ഇവ സംവിധാനിക്കാൻ വേണ്ടി ലോകത്തെ വിവിധ സമൂഹങ്ങളുടെ വിഭവ ശേഷിയെയാണ് നോളജ് സിറ്റി ആശ്രയിച്ചത് എന്നത്, ഒരു സമുദായം എന്ന നിലയിൽ ഇക്കാലത്ത് മുസ്‌ലിംകൾ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ തന്നെ രൂപരേഖയാണ്. അതിന്റെ സൂക്ഷ്മമായ ആവിഷ്കാരങ്ങൾ ഈ നഗരത്തിലെ ഓരോ കെട്ടിടത്തിലും പദ്ധതികളിലും കാണാനും കഴിയും.

നോളജ് സിറ്റിയുടെ ഗവേഷണ വിഭാഗമായ മലൈബാർ ഫൗണ്ടേഷൻ ചീഫ് കൺസൽട്ടന്റ്കൂടിയായ ഡോ. നുഐമാനോടൊപ്പം ഈ വിജ്ഞാന നഗരം ചുറ്റിക്കറങ്ങി പുറത്തുവന്നു പശ്ചിമ ഘട്ടത്തിന്റെ താഴ്‌വാരത്തു നിന്നും വീണ്ടും ആകാശം നോക്കി. തീർച്ചയായും ഇത് പുതിയൊരു ആകാശമാണ്. നിൽക്കുന്നതോ പുതിയ ഭൂമിയിലും. ഭൂമിയിലേക്ക് വേരുകളാഴ്‍ത്താനും ആകാശങ്ങളിലേക്ക് പടരാനുമുള്ള ഒരു മരത്തിന്റെ ആകാംക്ഷയോടാണല്ലോ ഈ സമുദായത്തെ ഖുർആൻ ഉപമിച്ചത്. ആ ആകാംക്ഷയുടെ സൗന്ദര്യാനുഭവങ്ങൾ പ്രസരിപ്പിക്കാൻ കഴിയുന്നു എന്നതു തന്നെയാണ് ഈ വൈജ്ഞാനിക നഗരത്തിന്റെ ലക്ഷ്യവും വിജയവും.
(ന്യൂഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ യിലെ ടർക്കിഷ് പഠന വിഭാഗത്തിൽ അധ്യാപകനായ ലേഖകൻ, പുരാതന മലബാറിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നു)
.