local body election 2025
ചിത്രം വ്യക്തം; ഇനി പോരാട്ടം
കൊടുവള്ളി നഗരസഭയിൽ 123 പേർ മത്സര രംഗത്ത്. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലായി 241 സ്ഥാനാർഥികൾ
കൊടുവള്ളി | ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. പത്രിക പിൻവലിക്കാനുള്ള സമയ പരിധി ഇന്നലെ വൈകിട്ട് അവസാനിച്ചപ്പോൾ കൊടുവള്ളി നഗരസഭയിൽ 123 പേർ മത്സര രംഗത്തുണ്ട്. ഒന്ന് മുതൽ 19 വരെയുള്ള ഡിവിഷനുകളിൽ 61 പേരും 20 മുതൽ 37 വരെയുള്ള ഡിവിഷനുകളിൽ 62 പേരുമാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. ആകെ 37 ഡിവിഷനുകളാണ് നഗരസഭയിലുള്ളത്.
മടവൂർ പഞ്ചായത്തിൽ ആകെയുള്ള 19 വാർഡുകളിലേക്ക് 60 പേർ മത്സര രംഗത്തുണ്ട്. കിഴക്കോത്ത് പഞ്ചായത്തിൽ 20 വാർഡുകളിലേക്കായി 64 സ്ഥാനാർഥികൾ ജനവിധി തേടുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ 19 ഡിവിഷനുകളിലേക്ക് 68 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. പിൻവലിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ സ്ഥാനാർഥികൾ വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥന സജീവമാക്കി. പഞ്ചായത്ത്, വാർഡ്, ബൂത്ത് കൺവെൻഷനുകൾ തുടങ്ങിക്കഴിഞ്ഞു.
മുക്കം| നഗരസഭയിലും മലയോരത്തെ മറ്റ് പഞ്ചായത്തുകളിലുമായി 241 പേർ മത്സര രംഗത്ത്. പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളും സ്വതന്ത്രരും വിമതരുമുൾപ്പെടെ ഇന്നലെ പത്രിക പിൻവലിച്ചിട്ടുണ്ട്. 34 ഡിവിഷനുകളുള്ള നഗരസഭയിൽ 107 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇവിടെ 298 സ്ഥാനാർഥികൾ പത്രിക നൽകിയിരുന്നു.
19 വാർഡുകളുള്ള കൊടിയത്തൂർ പഞ്ചായത്തിൽ 62 സ്ഥാനാർഥികളാണുള്ളത്. ഇവിടെ 143 സ്ഥാനാർഥികൾ പത്രിക നൽകിയിരുന്നു. 20 വാർഡുകളുള്ള കാരശ്ശേരിയിൽ 72 പേർ മത്സര രംഗത്തുണ്ട്. ഇവിടെ 171 പേരാണ് പത്രിക നൽകിയിരുന്നത്. സ്ഥാനാർഥികൾ ആരൊക്കെയെന്നതും ചിഹ്നങ്ങൾ സംബന്ധിച്ചും തീരുമാനമായതോടെ ഇനി മത്സരരംഗം കൊഴുക്കും.
ഓമശ്ശേരിയിൽ പാർട്ടി സ്ഥാനാർഥിക്ക് പകരം എൽ ഡി എഫ് സ്വതന്ത്രൻ
ഓമശ്ശേരി| 15ാം വാർഡ് വെളിമണ്ണയിൽ എൽ ഡി എഫ് സ്ഥാനാർഥിയെ പിൻവലിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന സി പി എം സ്ഥാനാർഥി ടി എ മുഹമ്മദിനെയാണ് പിൻവലിച്ചത്. പകരം സ്വതന്ത്ര സ്ഥാനാർഥിയായി നാമ പത്രിക സമർപ്പിച്ച നായിഫ് കുന്നത്തിനെ എൽ ഡി എഫ് സ്വാതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.




