Connect with us

medicines

സമാന്തര വിപണി വളരുന്നു; മരുന്ന് പരിശോധന കൂട്ടുന്നു

ഒരു ഡ്രഗ് ഇൻസ്‌പെക്ടർ ഇനി 23 സാമ്പിളുകൾ പരിശോധനക്കെടുക്കണം

Published

|

Last Updated

കൊച്ചി | സംസ്ഥാനത്തെ മരുന്ന് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മരുന്നുകളുടെ ഗുണനിലവാര പരിശോധന കൂട്ടാൻ ആരോഗ്യ വകുപ്പിന്റെ നിർദേശം. മരുന്നുകളുടെ സാമ്പിൾ ശേഖരണത്തിന്റെ തോത് ഇരട്ടിയോളം കൂട്ടാനാണ് നിർദേശം നൽകിയിട്ടുള്ളത്. മരുന്ന് പരിശോധനക്ക് ചുമതലയുള്ള ഓരോ ഡ്രഗ് ഇൻസ്‌പെക്ടർമാരും നിലവിൽ പ്രതിമാസം ശേഖരിക്കുന്ന 13 സാമ്പിളുകൾക്ക് പുറമേ പത്ത് സാമ്പിളുകൾ കൂടി അധികമായി അടുത്ത മാസം മുതൽ പരിശോധനക്കെടുക്കണമെന്ന നിർദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
കാൽലക്ഷത്തിലേറെ മെഡിക്കൽ സ്റ്റോറുകളും ആറായിരത്തിലധികം കോടി വാർഷിക വിറ്റുവരവുമുള്ള സംസ്ഥാനത്തെ മരുന്ന് വിപണിക്ക് സമാന്തരമായി വ്യാജ ഉത്പന്നങ്ങളുടെ വിപണനം ശക്തമാകുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് പുതിയ തീരുമാനം. സംസ്ഥാനത്ത് 47 ഡ്രഗ് ഇൻസ്പെക്ടർമാരും സ്റ്റാറ്റ്യൂട്ടറി പരിശോധനക്കായി ഇനി പ്രതിമാസം 23 സാമ്പിളുകൾ ശേഖരിക്കണം.

ഒരു ഇൻസ്പെക്ടർ മാസം 30 പരിശോധനയും നടത്തണം. സർക്കാർ മേഖലയിൽ നിന്നും പൊതു വിപണിയിൽ നിന്നും മരുന്നെടുക്കാനും കൃത്യമായ ഇടപെടൽ നടത്താനുമുള്ള സംവിധാനങ്ങളുടെ പരിമിതി മൂലമാണ് സമാന്തര മരുന്ന് വിപണി തഴച്ച് വളരുന്നതെന്നാണ് പരാതി.
ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, കഫ് സിറപ്പ്, ലൈംഗികോത്തേജന മരുന്നുകൾ തുടങ്ങിയ ഗണത്തിൽപ്പെടുന്നവയുടെ വിൽപ്പനക്ക് സമാന്തര വിപണിയുണ്ടെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ജി എസ് ടിയുടെ അടിസ്ഥാനത്തിൽ എവിടെ നിന്നു വേണമെങ്കിലും മരുന്നെടുക്കാം എന്ന പഴുത് ഉപയോഗിച്ചാണ് വ്യാജ മരുന്നുകൾ വിപണിയിലെത്തുന്നത്. ഇതേക്കുറിച്ചുള്ള പരാതികൾ ആവർത്തിക്കപ്പെട്ട സാഹചര്യത്തിലും പരിശോധന പേരിലൊതുങ്ങുകയായിരുന്നു. സംസ്ഥാനത്തെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ പലരും വ്യാജമരുന്നുകൾ ധാരാളമായി വാങ്ങിക്കഴിക്കുന്നുവെന്ന് അടുത്തിടെ ഡ്രഗ് കൺട്രോ ൾ വിഭാഗം തന്നെ കണ്ടെത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ കുറിപ്പടിയില്ലാതെ പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നുകളടക്കം അമിതമായി കഴിക്കുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. കൂടുതൽ വിൽപ്പനയുള്ള മരുന്നുകളുടെ പേരിലെ അക്ഷരങ്ങളിൽ മാറ്റം വരുത്തി ഗുണനിലവാരമില്ലാതെ എത്തുന്ന മരുന്നുകളും നിരവധിയുണ്ടെന്ന് മെഡിക്കൽ സ്റ്റോർ ഉടമകളും ചൂണ്ടിക്കാട്ടുന്നു. ഇത്തരം മരുന്നുകൾ കുറിപ്പടിയില്ലാതെ വാങ്ങുന്നവരും ഏറെയാണ്.
സൗന്ദര്യം ഉണ്ടാകാനും, നിറം വർധിക്കാനുമെല്ലാമുള്ള വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വിപണനവും കൂടിയിട്ടുണ്ട്. ടൂറിസ്റ്റ് സീസൺ അടുത്തതോടെ വിദേശ സഞ്ചാരികളെയടക്കം ലക്ഷ്യമിട്ട് ഇത്തരം ഉത്്പന്നങ്ങൾ ഇനി വിപണിയിലെത്താനുള്ള സാധ്യതയും ഏറെയാണ്.
ജിംനേഷ്യങ്ങളിലേക്കും മെഡിക്കൽ സ്റ്റോറുകളിലേക്കും സ്റ്റിറോയ്ഡുകൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നുണ്ടെന്ന വിവരവും ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിനുണ്ട്. അതേസമയം, പരിശോധന കാര്യക്ഷമമാക്കാൻ കുറഞ്ഞത് 61പേരെങ്കിലും വേണ്ടിടത്ത് 47 ഡ്രഗ് ഇൻസ്‌പെക്ടർമാരെക്കൊണ്ട് എന്ത് ചെയ്യാനാകുമെന്ന ചോദ്യവും ഉയർന്നു വന്നിട്ടുണ്ട്.

തിരുവനന്തപുരത്ത് മാത്രം ലാബ് ഉണ്ടായിരുന്നപ്പോഴത്തെ തസ്തികകളാണ് ഇപ്പോഴുമുള്ളത്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഓരോ ഡ്രഗ് ഇൻസ്‌പെക്ടർ മാത്രമാണുള്ളത്. മായം ചേർന്നതും നിലവാരം ഇല്ലാത്തതുമായ മരുന്നുകൾ കണ്ടെത്തി നടപടി എടുക്കുന്നതിനൊപ്പം വ്യാജ മരുന്ന് സംബന്ധിച്ചുള്ള പരാതികൾ സ്ഥലത്തെത്തി പരിശോധിക്കുക, സ്വകാര്യ ആശുപത്രികളിലെ ഫാർമസികൾ പരിശോധിക്കുക, കോടതി ഡ്യൂട്ടി തുടങ്ങി നിരവധി കാര്യങ്ങൾക്കിടയിൽ സാമ്പിളെടുക്കുന്നതിന്റെ എണ്ണം കൂട്ടുന്നത് എത്രമാത്രം കാര്യക്ഷമമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 1998ന് ശേഷം ഡ്രഗ് ഇൻസ്പെക്ടറുടെ തസ്തിക സൃഷ്ടിച്ചിട്ടുമില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest