Connect with us

Kerala

ഓണം വാരാഘോഷത്തിന് ഔദ്യോഗിക സമാപനം

നഗരം ഇതുവരെ കാണാത്ത ദൃശ്യാനുഭവം സമ്മാനിച്ചാണ് ഘോഷയാത്ര കടന്നുപോയത്.

Published

|

Last Updated

തിരുവനന്തപുരം | അനന്തപുരിയെ ഇളക്കിമറിച്ച വമ്പന്‍ സാംസ്‌കാരിക ഘോഷയാത്രയോടെ ഇത്തവണത്തെ ഓണം വാരാഘോഷത്തിന് ഔദ്യോഗിക സമാപനം. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളയമ്പലം കെല്‍ട്രോണിന് സമീപത്ത് നിന്നും ഫ്ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര കാണാന്‍ പാതയുടെ ഇരുവശങ്ങളിലും പതിനായിരങ്ങള്‍ തടിച്ചുകൂടി. 76 ഫ്ളോട്ടുകളും 77 കലാരൂപങ്ങളുമായി നഗരം ഇതുവരെ കാണാത്ത ദൃശ്യാനുഭവം സമ്മാനിച്ചാണ് ഘോഷയാത്ര കടന്നുപോയത്.

ഒന്നാം നിരയില്‍ കേരള പോലീസിന്റെ ബാന്‍ഡ് സംഘം, പിന്നാലെ പഞ്ചവാദ്യവും കേരള പോലീസ് അശ്വാരൂഢസേനയും അനുഗമിച്ച് വൈവിധ്യമാര്‍ന്ന നാടന്‍ കലാരൂപങ്ങളും ഫ്ളോട്ടുകളും നിരത്തിലിറങ്ങിയതോടെ ജനം ഇളകിമറിഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിളിച്ചോതുന്നതും മലയാളത്തനിമ ചോരാത്തതുമായ ഫ്ളോട്ടുകള്‍ വ്യത്യസ്ത അനുഭവമായി. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പുറമെ പത്തോളം ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും ഘോഷയാത്രക്ക് അകമ്പടിയായി.

വിനോദ സഞ്ചാര വകുപ്പിന്റെ കാരവന്‍, കേരള പോലീസ് തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ വിഭാഗത്തിന്റെ കവചിത വാഹനം, വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കരുതെന്ന സന്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്, വനസംരക്ഷണ സന്ദേശവുമായി കേരള വനം വന്യജീവി വകുപ്പ് എന്നിവയുടെ ഫ്ളോട്ടുകള്‍, കെ എസ് ആര്‍ ടി സിയുടെ സിറ്റി റൈഡ് ഇരുനില ബസ് തുടങ്ങിയവ ജനശ്രദ്ധ നേടി. ഏറ്റവും പിന്നിലായി അണിനിരന്ന കെ എസ് ഇ ബിയുടെ ഫ്‌ളോട്ടും ദൃശ്യമികവ് കൊണ്ട് ശ്രദ്ധേയമായി.

Latest