Connect with us

Siraj Article

മുസ്‌ലിം ജനവിഭാഗത്തിന് ഒരാശങ്കയും വേണ്ട

അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ നേരിട്ട് നിയമനം നടത്തുന്നതിന് മുസ്്ലിം സമുദായത്തിലുള്ള ഉദ്യോഗാർഥികളുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടത് പി എസ് സിയുടെ ചുമതലയായിരിക്കും

Published

|

Last Updated

വിശ്വാസികളായ മുൻതലമുറ ദാനം ചെയ്ത സ്വത്തുക്കൾ സംരക്ഷിക്കാൻ നിലകൊള്ളുന്ന സ്ഥാപനമാണ് വഖ്ഫ് ബോർഡ്. ഈ സ്വത്തുവകകൾ ജനോപകാരപ്രദമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് വഖ്ഫ്‌ ബോർഡിന്റെ ചുമതലയാണ്.

സർക്കാർ അനുവദിക്കുന്ന ഗ്രാന്റിൽ നിന്ന് വിവാഹ ധനസഹായം, ചികിത്സാ സഹായം തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നത് വഖ്ഫ് ബോർഡിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിൽ ഒന്നാണ്. കൂടാതെ ബോർഡിന് കീഴിൽ കൂടുതൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും പരിശോധിച്ചു വരികയാണ്. വഖ്ഫ് ബോർഡിന്റെ ആസ്തിയുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ അത്തരം പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ ഗൗരവമുള്ള ചുമതലകൾ നിർവഹിക്കാനുള്ള സുപ്രധാന സ്ഥാപനമാണ് വഖ്ഫ്‌ ബോർഡ്. കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരുടെ പിന്തുണയോടെ മാത്രമേ നല്ല നിലയിലുള്ള പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ. ഈ വിഷയം അതീവ ഗൗരവത്തിൽ പരിഗണിച്ചാണ് ബോർഡിലെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ നിയമനം പി എസ് സി വഴിയാക്കാനുള്ള ബിൽ മുന്നോട്ടുവെച്ചത്. 112 തസ്തികകളിലേക്ക് വഖ്ഫ് ബോർഡ് നടത്തുന്ന നിയമനമാണ് പി എസ് സിക്ക് വിടുന്നത്.

വഖ്ഫ് ബോർഡ് പ്രവർത്തനങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈകടത്തുന്നു എന്നതാണ് ഈ ബില്ലിനെതിരായ പ്രധാന ആക്ഷേപം. സർക്കാറിന് അത്തരം ഒരു താത്പര്യവുമില്ല. വഖ്ഫ് പ്രവർത്തനങ്ങൾ കൂടുതൽ നീതിയുക്തവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം. വഖ്ഫ് ബോർഡിലെ നിയമനങ്ങൾ വഖ്ഫ് റെഗുലേഷൻസ് പ്രകാരം വഖ്ഫ് ബോർഡ് തന്നെയാണ് നടത്തിയിരുന്നത്. അതിന് അധികാരം വഖ്ഫ് ബോർഡിന് തന്നെയായിരുന്നു. ഇത് വഖ്ഫ് ആക്ടിൽ പറയുന്നുണ്ട്. പ്രസ്തുത നിയമത്തിലെ 110 ാം വകുപ്പ് പ്രകാരമാണ് വഖ്ഫ് ബോർഡ്, സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതിയോടുകൂടിയും നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായും വഖ്ഫ് റഗുലേഷൻസ് നിർമിച്ചത്. ഈ റഗുലേഷനിൽ 2020 ൽ വഖ്ഫ് ബോർഡ് നിർദേശിച്ച ഭേദഗതിയാണ്, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ എല്ലാ നിയമനങ്ങളും നടത്താൻ, പി എസ് സിയെ ചുമതലപ്പെടുത്താം എന്നത്.

വഖ്ഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാൻ ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. എന്നാൽ, ഭരണപരമായ കാരണങ്ങളാൽ നിയമമാക്കുന്ന നടപടികളിലേക്ക് പോകാൻ കഴിഞ്ഞില്ല. ഈ ഓർഡിനൻസിന് പകരമുള്ള ബില്ലാണ് കഴിഞ്ഞ മാസം 27ന് നിയമസഭയിൽ അവതരിപ്പിച്ചത്. 2016 വഖ്ഫ് റഗുലേഷൻസിൽ ഉൾപ്പെടുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ആ നിയമനം പി എസ് സിയുടെ ചുമതലയായി മാറ്റേണ്ടതുണ്ട്. അത്തരത്തിൽ വഖ്ഫ് നിയമനം പി എസ് സിയുടെ അധിക ചുമതലയായി നിശ്ചയിച്ച ബില്ലാണിത്.

മുസ്‌ലിം വിഭാഗത്തിലുള്ളവർ മാത്രം ഉൾപ്പെടുന്ന വഖ്ഫ് നിയമനത്തിൽ മറ്റ് മതക്കാരും കടന്നുവരും എന്ന് പ്രചരിപ്പിക്കാൻ ചില തത്പരകക്ഷികൾ ശ്രമിക്കുന്നുണ്ട്. അത് തികച്ചും വസ്തുതാവിരുദ്ധമാണ്. അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ നേരിട്ട് നിയമനം നടത്തുന്നതിന് മുസ്‌ലിം സമുദായത്തിലുള്ള ഉദ്യോഗാർഥികളുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടത് പി എസ് സിയുടെ ചുമതലയായിരിക്കും.
ദേവസ്വം ബോർഡ് നിയമനങ്ങൾക്ക് നിലവിൽ വന്ന പോലെ ഇവിടെ റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്കരിക്കാൻ കഴിയില്ല. ദേവസ്വം ബോർഡിന്റെ റിക്രൂട്ട്‌മെന്റ് ബോർഡ് നൂറുകണക്കിന് ക്ഷേത്രങ്ങളിലെ നിയമനത്തിനുള്ളതാണ്. ഇവിടെ 112 പേരുടെ നിയമനം മാത്രമാണുള്ളത്. യോഗ്യരായ ആയിരക്കണക്കിന് ആളുകളിൽ നിന്ന് മിടുക്കരായവരെ കണ്ടെത്താനാണ് നിയമനം പി എസ് സിക്ക് വിടുന്നത്. മുസ്്ലിം ജനവിഭാഗത്തിന് ഒരാശങ്കയും വേണ്ട.

ഏറ്റവും അർഹതയുള്ളവർക്ക് മാത്രമേ നിയമനം ലഭിക്കൂ. വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്യുന്ന പള്ളികളിലോ, മദ്റസകളിലോ ഉള്ള നിയമനം. പി എസ് സിക്ക് കീഴിലാക്കാൻ ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നുമില്ല.

വഖ്ഫ് ബോർഡിന്റെ സ്വയംഭരണാവകാശവും അധികാരങ്ങളും ശക്തിപ്പെടുത്തി അതിനെ കൂടുതൽ കാര്യക്ഷമമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പിണറായി സർക്കാർ വന്ന ശേഷം ഈ ദിശയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ വഖ്ഫ് ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. വഖ്ഫ് ബോർഡിനെയും അതിന്റെ പ്രവർത്തനങ്ങളെയും കാര്യക്ഷമമാക്കാൻ എല്ലാ പിന്തുണയും നൽകുകയാണ് സർക്കാർ.
ദുരുപദിഷ്്ടിതമായ പ്രചാരണങ്ങൾ നടത്തി സാമുദായിക ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുക തന്നെ ചെയ്യും. മതനിരപേക്ഷതയെ കാത്തുസൂക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു വരുന്നത്. ആ സമീപനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല.

---- facebook comment plugin here -----

Latest