Connect with us

From the print

ലീഗുമായുള്ള പ്രത്യേക ബന്ധത്തിന് തകരാർ ഉണ്ടാക്കരുതെന്ന് ഇ കെ വിഭാഗം നേതാക്കൾ

കഴിഞ്ഞ ദിവസം ഇ കെ വിഭാഗം സെക്രട്ടറി ഉമർ ഫൈസി മുക്കം മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വരികയും ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗും അണികളുമായുള്ള ഇ കെ വിഭാഗം സമസ്തയുടെ പ്രത്യേക ബന്ധത്തിന് തകരാർ ഉണ്ടാക്കരുതെന്ന് ഇ കെ വിഭാഗം നേതൃത്വം. തെറ്റിദ്ധാരണകൾ പരത്തുന്ന അനാവശ്യ പ്രചാരണങ്ങൾ എല്ലാവരും ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇ കെ വിഭാഗം ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്്ലിയാർ, ട്രഷറർ പി പി ഉമ്മർ മുസ്്ലിയാർ കൊയ്യോട്, വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു.

കഴിഞ്ഞ ദിവസം ഇ കെ വിഭാഗം സെക്രട്ടറി ഉമർ ഫൈസി മുക്കം മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വരികയും ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, പൊന്നാനിയിലെ ഇടത് സ്ഥാനാർഥി കെ എസ് ഹംസ ഇ കെ വിഭാഗവുമായി അടുപ്പമുള്ള ആളാണെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു.
ഇ കെ വിഭാഗത്തിന്റെ പ്രമുഖ നേതാവായ ഉമർ ഫൈസിയുടെ നിലപാട് വ്യക്തമാക്കിയതോടെ ഹംസക്ക് അനുകൂലമായും പ്രതികൂലമായും അണികൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഏറ്റുമുട്ടി. കൂടാതെ, യുവജന സംഘടനാ നേതാവ് നാസർ ഫൈസി കൂടത്തായി ഉമർ ഫൈസിക്കെതിരെ രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് ലീഗിനെ അനുകൂലിക്കുന്ന തരത്തിൽ നേതാക്കൾ ഇന്നലെ പത്രക്കുറിപ്പ് പുറത്തിറക്കിയത്.

ഉമർ ഫൈസിയുടെ വിവാദ പ്രസ്താവന പുറത്തുവന്നതോടെ സയ്യിദ് ജിഫ്‌രി തങ്ങൾ അടക്കമുള്ള ഇ കെ വിഭാഗം നേതാക്കളെ അണിനിരത്തി സംയുക്ത വാർത്താ സമ്മേളനം നടത്തണമെന്ന ആവശ്യം ലീഗ് പക്ഷത്ത് നിന്ന് ഉയർന്നിരുന്നുവെന്നാണ് വിവരം. എന്നാൽ, ഇ കെ വിഭാഗം നേതൃത്വം ഇതിന് വഴങ്ങാതായതോടെ ലീഗ് -ഇ കെ വിഭാഗം സംയുക്ത പ്രസ്താവന ഇറക്കണമെന്നും നേതൃത്വം ആവശ്യമുന്നയിച്ചുവത്രെ. എന്നാൽ, ഇ കെ വിഭാഗം നേതൃത്വം ഇതിനും വഴങ്ങാതെയാണ് സ്വന്തം നിലയിൽ ഇന്നലെ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. അതിനിടെ, ഇ കെ വിഭാഗത്തിനെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം വിമർശവുമായി വീണ്ടും രംഗത്തെത്തി. ഇ കെ വിഭാഗത്തിന് തെക്കൻ കേരളത്തിൽ ശക്തിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മാസങ്ങൾക്ക് മുമ്പ് “മുഖ്യമന്ത്രി വിളിച്ചാൽ എല്ലാമായി എന്ന് കരുതുന്നവർ’ തുടങ്ങി ജിഫ്‌രി തങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. സലാമിനെതിരെ നടപടി ആവശ്യപ്പെട്ട് ഇ കെ വിഭാഗം സ്വാദിഖലി തങ്ങളെ സമീപിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം അവഗണിക്കുകയായിരുന്നു. “തലയിരിക്കുമ്പോൾ വാലാടേണ്ട’ എന്നായിരുന്നു ഇ കെ വിഭാഗം യുവ നേതാക്കളോട് സ്വാദിഖലി തങ്ങൾ പറഞ്ഞത്. ലീഗ് നേതാക്കളുടെ വിമർശങ്ങളെ സഹിക്കാനും തിരിച്ചുള്ള വിമർശങ്ങൾക്ക് വിശദീകരണവും തിരുത്തും നൽകാനും നിർബന്ധിതരാകുന്ന അവസ്ഥയിൽ ഇ കെ വിഭാഗത്തിലെ ഒരു പക്ഷം അസ്വസ്ഥരാണ്.