Connect with us

Kerala

കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് തീര്‍ഥാടക സംഘവും മക്കയിലെത്തി; ഇന്ത്യന്‍ ഹാജിമാരുടെ വരവ് പൂര്‍ണം

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മുഖേനയെത്തിയ 1,22,518 തീര്‍ഥാടകർ പുണ്യ ഭൂമിയില്‍

Published

|

Last Updated

മക്ക |ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നുള്ള അവസാന ഹജ്ജ് സംഘവും മക്കയിലെത്തി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീര്‍ഥാടകരുടെ സംഘങ്ങളും പുണ്യ ഭൂമിയിലെത്തിച്ചേര്‍ന്നു. ഏപ്രില്‍ 29നായിരുന്നു ഹൈദരാബാദില്‍ നിന്നുമുള്ള 262 പേരടങ്ങുന്ന ആദ്യ സംഘം പ്രവാചക നഗരിയയായ മദീനയിലെത്തിച്ചേര്‍ന്നത്. അവസാന സംഘം ശനിയാഴ്ച രാത്രിയോടെയാണ് എത്തിയത്. ഒരു മാസത്തിലധികം നീണ്ട ഇന്ത്യന്‍ തീര്‍ഥാടകരുടെ വരവാണ് പരിസമാപ്തിയായത്. കൊച്ചിയില്‍ നിന്ന് 289 തീര്‍ഥാടകരുമായാണ് അവസാന വിമാനം ജിദ്ദയിലിറങ്ങിയത്

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മുഖേന 1,22,518 തീര്‍ഥാടകരാണ് പുണ്യ ഭൂമിയില്‍ ഇതുവരെ എത്തിച്ചേര്‍ന്നത്. രാജ്യത്തെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് ഹജ്ജ് യാത്രക്കാരെ വഹിച്ച് 390 വിമാനങ്ങളാണ് ഇത്തവണ സര്‍വീസ് നടത്തിയത്. കേരത്തില്‍ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 16,341 ഹാജിമാരാണ് ഹജ്ജിനെത്തിയത്.

വ്യാഴാഴ്ചയാണ് ഹജ്ജിലെ സുപ്രധാന കര്‍മമമായ അറഫാ സംഗമം നടക്കുക. ചൊവ്വാഴ്ചയായോടെ മക്കിയില്‍ നിന്ന് ഹാജിമാര്‍ തമ്പുകളുടെ നഗരിയായ മിനയിലെത്തിച്ചേരുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും.

 

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----