Connect with us

Siraj Article

സാംസ്കാരിക സമന്വയത്തിന്റെ ഭാഷ

ഭാഷാഭിമാനം ഒരിക്കലും ഇതര ഭാഷകള്‍ പഠിക്കുന്നതിന് തടസ്സമാകാന്‍ പാടില്ല. കാരണം ഇസ്‌ലാം എല്ലാ ഭാഷക്കാരെയും സമൂഹങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സാർവലൗകിക സന്ദേശമാണ്

Published

|

Last Updated

നുഷ്യനെ ഇതര ജീവജാലങ്ങളിൽ നിന്ന് വ്യതിരിക്തമാക്കുന്ന പ്രധാന സവിശേഷതകളിലൊന്നാണ് വിവിധ ഭാഷകൾ സംസാരിക്കുകയെന്നത്. സാമൂഹിക ജീവിയായ മനുഷ്യന്റെ വ്യവഹാരങ്ങൾക്കും മുന്നേറ്റങ്ങൾക്കും ദൈനംദിന ആവശ്യങ്ങൾക്കും ഭാഷ അനിവാര്യമാണ്. “സംസാരിക്കുന്ന ജീവി’ എന്നാണ് മനുഷ്യനെ പൊതുവിൽ വിശേഷിപ്പിക്കാറുള്ളത്. ആയിരക്കണക്കിന് ഭാഷകളും ഉപഭാഷകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മനുഷ്യർ സംസാരിക്കുന്നുണ്ട്. ഭാഷയുടെ ഉത്ഭവം തേടിയുള്ള യാത്ര മനുഷ്യോത്പത്തിയിലാണ് ചെന്നെത്തുന്നത്. മനസ്സ്, ചിന്ത, ഭാവന, സംസ്കാരം, അവബോധം, ആശയവിനിമയം എന്നിങ്ങനെ ബുദ്ധിപരമായും ധൈഷണികമായും മനുഷ്യ ജീവിതത്തെ അർഥപൂർണമാക്കുന്നതിൽ ഭാഷയുടെ പങ്ക് നിസ്സീമമാണ്.

ഭാഷകളുടെ രാജാവാണ് അറബി. ഏറ്റവും സ്ഫുടമായി സംസാരിക്കാൻ കഴിയുന്നതും മാധുര്യമുള്ളതുമായ ഭാഷയാണത്. സെമിറ്റിക് ഭാഷകളിലൊന്നായ അറബി ഭാഷക്ക് നാലായിരത്തിലധികം വർഷം പഴക്കമുണ്ട്. ആദ്യ പിതാവ് ആദം നബി(അ)ക്ക് സർവ നാമങ്ങളും പഠിപ്പിച്ചിരുന്നുവെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിൽ അറബി ഭാഷയുമുൾപ്പെടുമെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. (അൽബഖറ: 31) പ്രവാചകന്മാരിൽ പലരും അറബി ഭാഷ സംസാരിച്ചതായി ചരിത്രരേഖകളിലുണ്ട്. എങ്കിലും നിയോഗിത സമൂഹത്തിന്റെ ഭാഷയിലായിരുന്നു അവരെല്ലാം പ്രബോധന ദൗത്യം നിർവഹിച്ചിരുന്നത്. ഖുർആൻ പറയുന്നു: “യാതൊരു ദൈവദൂതനെയും തന്റെ ജനതക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവന്‍’ (സൂറതു ഇബ്റാഹീം: 4).

ഏതൊരു സമൂഹത്തിന്റെയും സാമൂഹിക ഐക്യവും സാംസ്കാരിക പുരോഗതിയും പ്രധാനമായും അടയാളപ്പെടുത്തുന്നത് അവരുടെ ഭാഷയിലൂടെയാണ്. ഭാഷകൾ സമൂഹങ്ങളെ വേർതിരിക്കുന്നതിലും രാജ്യങ്ങളുടെ അതിർത്തി നിർണയിക്കുന്നതിലും സംസ്ഥാനങ്ങളെ രൂപപ്പെടുത്തുന്നതിലും നിസ്തുലമായ പങ്ക് വഹിക്കുന്നുണ്ട്. എഴുത്തിലെ സൗന്ദര്യം കൊണ്ടും ഉച്ചാരണത്തിലെ വശ്യത കൊണ്ടും ആശയ ഗ്രാഹ്യതയിലെ വേഗത കൊണ്ടും ലോക ഭാഷകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഭാഷയായ അറബിയിലൂടെ വിവിധ സംസ്കാരിക കൈമാറ്റങ്ങളും നാഗരിക വികാസവും സാധ്യമായിട്ടുണ്ട്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉദാത്തമായ അനേകം സന്ദേശങ്ങൾ കൈമാറാൻ സഞ്ചാരികളായ അറബികളുടെ ഇടപെടലിലൂടെ സാധ്യമായിട്ടുണ്ട്. പരസ്പരം പോരടിച്ച് അനൈക്യത്തില്‍ കഴിഞ്ഞിരുന്ന ആറാം നൂറ്റാണ്ടിലെ അപരിഷ്കൃത അറബികളെ ഏകോപിപ്പിച്ചത് അറബി ഭാഷയിലുള്ള ഖുർആനികാധ്യാപനങ്ങളായിരുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന സംഘട്ടനങ്ങൾ അവസാനിപ്പിക്കാനും അവർക്കിടയിൽ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വെള്ളരിപ്രാവുകൾ പറത്താനും മനുഷ്യത്വത്തിന്റെയും മാനവികതയുടെയും ഉദാത്ത സന്ദേശങ്ങൾ കൈമാറാനും അറബി ഭാഷയുടെ സുന്ദരമായ വിരിമാറിൽ അവരെയെല്ലാം ഒരുമിപ്പിക്കാനും സാധിച്ചു. അതിലൂടെ അനേകം ഗദ്യവും പദ്യവുമായ രചനകൾ വിരചിതമായി. പ്രശംസാ കാവ്യങ്ങളും വിലാപ കാവ്യങ്ങളും ആക്ഷേപ കാവ്യങ്ങളും കോർത്തിണക്കപ്പെട്ടു. തത്വ ശാസ്ത്രം, തർക്കശാസ്ത്രം, ഭാഷാശാസ്ത്രം, അലങ്കാര ശസ്ത്രം, സാമുഹ്യ ശാസ്ത്രം, ആരോഗ്യ ശാസ്ത്രം എന്നീ മേഖലകളിലെല്ലാം കനപ്പെട്ട ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു.

ആശയങ്ങളുടെ കലവറയാണ് ഓരോ ഭാഷയും. മാനവ സംസ്കൃതിയുടെ അടയാളവുമാണത്. അതിന് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകളും വൈജാത്യങ്ങളും നിശ്ചയിക്കുന്നത് ശരിയല്ല. മനുഷ്യർക്കിടയിൽ സ്നേഹവും സൗഹാർദവും വളർത്തുന്നതിനാണ് ഓരോ ഭാഷയും ശ്രമിക്കേണ്ടത്. ലോക ജനതയെ കൂട്ടിയിണക്കുന്നതിൽ എല്ലാ കാലത്തും അറബി ഭാഷ മുഖ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. സഹസ്രാബ്ദങ്ങൾക്ക് ശേഷവും വിനിമയ സാഹിത്യ രംഗങ്ങളിൽ ക്ലാസിക്കൽ ഭാഷകളിൽ അദ്വിതീയ സ്ഥാനം അലങ്കരിക്കാൻ അറബി ഭാഷക്ക് സാധിക്കുന്നത് അതിന്റെ സൗന്ദര്യവും ഔന്നത്യവും മഹത്തായ പൈതൃകവും കൊണ്ട് തന്നെയാണ്. പുതിയ ലോകത്തിന്റെ പുരോഗതികൾക്കൊപ്പം സഞ്ചരിക്കാനും ശാസ്ത്ര സാഹിത്യ സാങ്കേതിക വൈജ്ഞാനിക രാഷ്ട്രീയ നഭോമണ്ഡലങ്ങളിൽ സജീവ സാന്നിധ്യമാവാനും അറബി സാഹിത്യത്തിന് സാധിക്കുന്നുണ്ട്.

ലോക രാജ്യങ്ങളുമായി അഭേദ്യ ബന്ധം സ്ഥാപിച്ച അറബി ഭാഷ അനേകം ലോക സഞ്ചാരികളുടെ ഭൂപട ഭാഷയായിരുന്നു. ആയതിനാൽ ലോക ഭാഷകളിൽ പലതിലും അറബിയുടെ സ്വാധീനം പ്രകടമാണ്. ഇന്ത്യന്‍ ഭാഷകളായ തെലുങ്ക്, തമിഴ്, കന്നട, ഉര്‍ദു, ഹിന്ദി, ബ്യാരി, സംസ്‌കൃതം തുടങ്ങിയവയിലും അറബി ഭാഷയുടെ സ്വാധീനം കാണാം. ജാതി മത ഭേദമന്യേ നിത്യോപയോഗങ്ങളിലും അച്ചടി ഭാഷയിലും അറബി പദങ്ങൾ കടന്നുവരുന്നത് അറബിയുടെ സൗന്ദര്യത്തെയും സ്വീകാര്യതയെയുമാണ് കാണിക്കുന്നത്. മനുഷ്യര്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ അറബി ഭാഷക്കുള്ള കഴിവ് അംഗീകരിക്കപ്പെട്ടതാണ്. കാരണം എല്ലാ കാലത്തെയും എല്ലാ സംസ്കാരത്തെയും ഉൾക്കൊള്ളാനും ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളെയും ഉപകരണങ്ങളെയും വിവരിക്കാനും അതിന് കഴിയുന്നു എന്നതാണ്. ഇമാം ശാഫിഈ(റ) പറയുന്നു: എല്ലാ മദ്ഹബുകളെയും ഉള്‍ക്കൊള്ളുന്നതും പദസമ്പത്ത് വർധിച്ചതുമായ ഭാഷയാണ് അറബി. എന്നാല്‍, ഭാഷാഭിമാനം ഒരിക്കലും ഇതര ഭാഷകള്‍ പഠിക്കുന്നതിന് തടസ്സമാകാന്‍ പാടില്ല. കാരണം ഇസ്‌ലാം എല്ലാ ഭാഷക്കാരെയും സമൂഹങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സാർവലൗകിക സന്ദേശമാണ്.

ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ ആറ് ഭാഷകളിലൊന്നും ഏഷ്യനാഫ്രിക്കൻ പ്രവിശ്യകളിലെ 24 രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയും 160 കോടി മുസ്‌ലിംകളുടെ ആരാധനാ ഭാഷയുമായ അറബിയുടെ പ്രസക്തിയും അനന്ത സാധ്യതകളും അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്.1948ല്‍ ലബനാനിലെ ബൈറൂത്തില്‍ ചേര്‍ന്ന യുനസ്‌കോയുടെ മൂന്നാമത്തെ പൊതു സമ്മേളനത്തിലാണ് മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അറബിയെ പ്രഖ്യാപിച്ചത്. 1973 ഡിസംബര്‍ 18ന് ഐക്യരാഷ്ട്രസഭ അറബി ഭാഷയെ ഔദ്യോഗികമായി അംഗീകരിക്കുകയും 2010 ഡിസംബര്‍ 18 മുതല്‍ എല്ലാവർഷവും അറബി ഭാഷാ ദിനാചരണം ലോകാടിസ്ഥാനത്തിൽ വ്യാപകമായി നടന്നുവരികയും ചെയ്യുന്നു.

Latest