Connect with us

National

പഞ്ചാബ് ഗായകൻ സിദ്ദു മൂസാവലയുടെ ഘാതകരെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു

ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെ ഭക്‌ന ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.

Published

|

Last Updated

അമൃത്സർ | പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട രണ്ട് ഗുണ്ടാ സംഘാംഗങ്ങളെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെ ഭക്‌ന ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ജഗ്രൂപ് രൂപ, മൻപ്രീത് മന്നു എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ 5 മണിക്കൂറോളം നീണ്ടു. എകെ 47, പിസ്റ്റൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

സിദ്ദു മൂസാവാലയുടെ ഘാതകർക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാസ് സംഭവം. കേസിലെ പ്രതികൾ അതിർത്തിയിൽ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ഇവിടെ എത്തിയതെന്ന് ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്‌സിലെ എഡിജിപി പ്രമോദ് ബാൻ പറഞ്ഞു. ഈ ഓപ്പറേഷനിൽ 3 പോലീസുകാർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.

രാവിലെ 11 മണിയോടെ പോലീസ് ഗുണ്ടാസംഘങ്ങളെ വളഞ്ഞു. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ ഇരുഭാഗത്തുനിന്നും ശക്തമായ വെടിവയ്പുണ്ടായി. ഇരുഭാഗത്ത് നിന്നും നൂറിലധികം റൗണ്ട് വെടിവെപ്പ് നടന്നതായാണ് റിപ്പോർട്ടുകൾ. എകെ 47 ഉപയോഗിച്ചാണ് ഗുണ്ടാസംഘം പോലീസിന് നേരെ വെടിയുതിർത്തത്. മൂസ്വാലയുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഈ ഗുണ്ടാസംഘങ്ങളുടെ പക്കലുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഈ ആയുധങ്ങളുമായി ഇവർ പോലീസിനെ ആക്രമിക്കുകയായിരുന്നു.

പ്രതികൾ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഭക്‌ന ഗ്രാമത്തിലെ കൃഷിയിടത്തിൽ നിർമിച്ച ആളൊഴിഞ്ഞ വീട്ടിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. 52 ദിവസമായി പോലീസ് സംഘം ഇവരെ തിരയുകയായിരുന്നു.

ഏറ്റുമുട്ടലിനിടെ 2 കിലോമീറ്റർ പ്രദേശം സീൽ ചെയ്തു. ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്, സ്‌പെഷ്യൽ ഓപ്പറേഷൻ സെൽ, ഓർഗനൈസ്ഡ് ക്രൈം കൺട്രോൾ യൂണിറ്റ് എന്നിവ ഏറ്റുമുട്ടലിൽ പങ്കാളികളായി. ഇതിന് പുറമെ പോലീസിന്റെ ക്വിക്ക് റിയാക്ഷൻ ടീമും എത്തിയിരുന്നു. ഓപ്പറേഷൻ സമയത്ത് ആളുകളോട് വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകി.

അതേസമയം, ഏറ്റുമുട്ടലിൽ 4 ഗുണ്ടാസംഘാംഗങ്ങൾ കൊല്ലപ്പെട്ടതായി അട്ടാരിയിലെ എംഎൽഎ ജസ്വീന്ദർ രാംദാസ് അവകാശപ്പെട്ടു. കൊല്ലപ്പെട്ടവർ ഗുണ്ടാസംഘങ്ങളാണോ തീവ്രവാദികളാണോ എന്ന് സ്ഥിരീകരിക്കാൻ പഞ്ചാബ് പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അൽപസമയത്തിനകം മുഴുവൻ ഓപ്പറേഷനെക്കുറിച്ചും പോലീസ് വിവരങ്ങൾ നൽകും.

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ് വാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിനെ മെയ് 29 ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെ്ച്ച വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെയായിരുന്നു സംഭവം.