Kerala
അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണം; നടി ശ്വേതാ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു
സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയില്‍ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരില്‍ പോലീസ് കേസെടുത്തത്.

കൊച്ചി| തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി ഇന്നുതന്നെ ബെഞ്ചില്‍ കൊണ്ടുവരാനുള്ള ശ്രമവും നടത്തും. തനിക്കെതിരായ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണ്. രാജ്യത്ത് സെന്‍സര്‍ ചെയ്ത ചിത്രങ്ങളിലാണ് താന്‍ അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ശ്വേത ഹരജിയില്‍ പറയുന്നത്.
സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയില്‍ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരില്‍ പോലീസ് കേസെടുത്തത്. എറണാകുളം സിജെഎം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാര്‍ട്ടിന്‍ മേനാച്ചേരിയാണ് പരാതിക്കാരന്‍.
ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്.