Connect with us

r harikumar navy administrater

ഇന്ത്യന്‍ നാവികസേനയെ ഇനി മലയാളി നയിക്കും

പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളക്കരക്ക് ഇത് അഭിമാന നിമിഷം. ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്ത്, ഇതാദ്യമായി ഒരു മലയാളി എത്തിയിരിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറാണ് നാവികസേനയുടെ മേധാവിയായി ചുമതലയേറ്റത്. രാവിലെ ഒമ്പത് മണിയോടെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു. രാജ്യത്തിന്റെ 25ാം നാവിക സേന മേധാവിയാണ് ഹരികുമാര്‍.

മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. അവരുടെ പാത പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ നിയമിതനായത്. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി.

1962 ഏപ്രില്‍ 12ന് തിരുവനന്തപുരത്താണ് ആര്‍ ഹരികുമാറിന്റെ ജനനം. മന്നം മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളില്‍ നിസ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പ്രീഡിഗ്രി കോഴ്‌സും പൂര്‍ത്തിയാക്കി . 1979 ജനുവരിയില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 61ാമത് ബാച്ചില്‍ ചേര്‍ന്ന ഹരികുമാര്‍ ജൂലിയറ്റ് സ്‌ക്വാഡ്രണിലേക്ക് നിയമിതനായി. 1981 ഡിസംബറില്‍ എന്‍ഡിഎയില്‍ നിന്ന് ബിരുദം. 1983ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. 1996 ല്‍ ന്യൂപോര്‍ട്ടിലെ യുഎസ് നേവല്‍ വാര്‍ കോളേജില്‍ നേവല്‍ സ്റ്റാഫ് കോഴ്‌സില്‍ ചേര്‍ന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. പിന്നീട് മുംബൈ സര്‍വകലാശാലയില്‍ നിന്ന് എംഫിലും പൂര്‍ത്തിയാക്കി.

തന്റെ പ്രൊഫഷണല്‍ പരിശീലനത്തിന്റെ ഭാഗമായി, 2004ല്‍ ആര്‍മി വാര്‍ കോളേജിലെ ആര്‍മി ഹയര്‍ കമാന്‍ഡ് കോഴ്‌സിലും 2009ല്‍ റോയല്‍ കോളേജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസിലും അദ്ദേഹം പങ്കെടുത്തു. മുംബൈയിലെ നരോത്തം മൊറാര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഷിപ്പിംഗില്‍ നിന്ന് ഷിപ്പിംഗ് മാനേജ്‌മെന്റ് കോഴ്‌സില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി.

പശ്ചിമ നേവല്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് ആര്‍ ഹരികുമാര്‍ എത്തിയത്. ഐ എന്‍ എസ് വിരാട്, ഐ എന്‍ എസ് റണ്‍വീര്‍ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചു.

സേനയിലെ എല്ലാ റാങ്കുകളിലും കപ്പലുകള്‍ നയിക്കാന്‍ അവസരം ലഭിച്ച ഹരികുമാറിനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തി. പരം വിശിഷ്ഠ് സേവ മെഡല്‍ , അതി വിശിഷ്ഠ് സേവാമെഡല്‍, വിശിഷ്ഠ് സേവാമെഡല്‍ തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest