Connect with us

Afghanistan crisis

ഖത്വറിലെ ഇന്ത്യന്‍ സ്ഥാനപതിയും താലിബാന്‍ നേതാവും കൂടിക്കാഴ്ച നടത്തി

അഫ്ഗാൻ കീഴടക്കിയതിന് ശേഷം താലിബാനുമായി ഇതാദ്യമായാണ് നയതന്ത്രതലത്തിൽ ഇന്ത്യ ബന്ധപ്പെടുന്നത്.

Published

|

Last Updated

ദോഹ | ഖത്വറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തലും താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനേക്‌സായിയും ദോഹയില്‍ കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചതാണിത്. അഫ്ഗാൻ കീഴടക്കിയതിന് ശേഷം താലിബാനുമായി ഇതാദ്യമായാണ് നയതന്ത്രതലത്തിൽ ഇന്ത്യ ബന്ധപ്പെടുന്നത്.

ദോഹയിലെ ഇന്ത്യന്‍ എംബസിയിലാണ് കൂടിക്കാഴ്ച നടന്നത്. താലിബാന്‍ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു കൂടിക്കാഴ്ച. സുരക്ഷ, അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗം സ്വദേശത്തെത്തിക്കല്‍ അടക്കമുള്ളവ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍.

പ്രത്യേകിച്ച് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാരായ ന്യൂനപക്ഷങ്ങളുടെ കാര്യവും ചര്‍ച്ച ചെയ്തു. ഭീകരവാദത്തിനും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാന്‍ മണ്ണ് ഒരിക്കലും ഉപയോഗപ്പെടുത്തരുതെന്ന ഇന്ത്യയുടെ ആശങ്ക സ്ഥാനപതി മിത്തല്‍ ഉന്നയിച്ചു. ഇന്ത്യ ഉയര്‍ത്തിയ എല്ലാ വിഷയങ്ങളും അനുകൂലതരത്തില്‍ അഭിമുഖീകരിക്കുമെന്ന് താലിബാന്‍ പ്രതിനിധി സ്ഥാനപതിക്ക് ഉറപ്പുനല്‍കി.

Latest