Connect with us

Prathivaram

ഇരുണ്ട മനോവ്യാപാരങ്ങളുടെ തടവറയിലകപ്പെട്ട പ്രതിഭ

അസാധാരണമായ തന്റെ സർഗവൈഭവം കൊണ്ട് പത്തൊന്പതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ കലാ സിദ്ധാന്തങ്ങൾക്ക് അദ്ദേഹം പുതിയ മാനങ്ങൾ നൽകി.

Published

|

Last Updated

കവി, കലാസാഹിത്യ നിരൂപകൻ, വിവർത്തകൻ തുടങ്ങിയ നിലകളിൽ ലോകശ്രദ്ധ നേടിയ ബോദ്്ലേർ ഫ്രാൻസിന്റെ സാഹിത്യഭൂമികയിൽ ആധുനികതക്ക് വഴിതുറന്ന എഴുത്തുകാരിൽ പ്രധാനിയായിരുന്നു. അസാധാരണമായ തന്റെ സർഗവൈഭവം കൊണ്ട് പത്തൊന്പതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ കലാ സിദ്ധാന്തങ്ങൾക്ക് അദ്ദേഹം പുതിയ മാനങ്ങൾ നൽകി. അതേസമയം, കുത്തഴിഞ്ഞ ജീവിതവും പ്രകോപനപരമായ പ്രതിപാദ്യവിഷയങ്ങൾ പങ്കുവെക്കുന്ന രചനകളും കൊണ്ട് ലോകത്തിന്റെ വിമർശവും ഇദ്ദേഹം ഏറ്റുവാങ്ങുകയുണ്ടായി. ഇപ്പോൾ ചാൾസ് ബോദ്്ലേറിന്റെ ഇരുന്നൂറാം ജന്മവാർഷികം ആഘോഷിക്കുകയാണ് യൂറോപ്പിലെ അക്ഷരലോകം.

1821 ഏപ്രിൽ ഒന്പതിനാണ് ചാൾസ് പിയെറി ബോദ്്ലേർ (Charles Pierre Baudelaire) ജനിച്ചത്. പിതാവ് ഫ്രാംഗ്കോ ബോദ്്ലേർ ആ നാട്ടിലെ അറിയപ്പെടുന്ന കവിയും ചിത്രകാരനുമായിരുന്നു. ബോദ്്ലേറിന്റെ ആറാം വയസ്സിൽ പിതാവ് അന്തരിച്ചതിനെത്തുടർന്ന് മാതാവ് പുനർവിവാഹം ചെയ്തു. കുടുംബത്തിൽ പൊതുവെ ഏകാകിയായിരുന്നു ബോദ്്ലേർ. തരളിതമായിരുന്ന അദ്ദേഹത്തിന്റെ മനസ്സിനെ മാതാവിന്റെ പുനർവിവാഹം കൂടുതൽ ചകിതമാക്കി.
1938 ൽ നിയമബിരുദം നേടിയെങ്കിലും അഭിഭാഷകനായിത്തീരാൻ ബോദ്്ലേർ ഒരിക്കലും ആഗ്രഹിച്ചില്ല. അദ്ദേഹത്തിന്റെ മനസ്സുനിറയെ കവിതയായിരുന്നു. അതുകൊണ്ടുതന്നെ മുഴുവൻ സമയവും സാഹിത്യകാരനായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 1841 ൽ രണ്ടാനച്ഛന്റെ പ്രേരണയെത്തുടർന്ന് ബോദ്്ലേർ കപ്പൽമാർഗം ഇന്ത്യയിലെത്തി. ഈ യാത്ര അദ്ദേഹത്തിന്റെ മനസ്സിന് വലിയൊരാശ്വാസമായിരുന്നു. ഇന്ത്യയിലെ ജീവിതവും കാഴ്ചകളും തന്റെ പിൽക്കാല സാഹിത്യജീവിതത്തിന് കൂടുതൽ ഉൾക്കരുത്ത് നൽകുന്നതിൽ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

ബോദ്്ലേറിന്റെ ആദ്യരചന 1845ൽ പുറത്തുവന്ന ഒരു കലാനിരൂപണമായിരുന്നു. അക്ഷരലോകത്ത് ബോദ്്ലേറിനെ ശ്രദ്ധേയനാക്കിയ ഈ പുസ്തകം അദ്ദേഹത്തിന്റെ ധീരവും പ്രവചനാത്മകവുമായ നിലപാടുകളുടെയും നിരീക്ഷണങ്ങളുടെയും ആകെത്തുകയായാണ് വിലയിരുത്തപ്പെട്ടത്. 1846ൽ രണ്ടാമത്തെ കലാനിരൂപണഗ്രന്ഥം പുറത്തുവന്നു. ഗദ്യകവിത എന്ന ശാഖ അത്യപൂർവമായിരുന്ന ആ കാലത്ത് ആ ജനുസ്സിൽപ്പെട്ട ശ്രദ്ധേയമായ നിരവധി കൃതികൾ അദ്ദേഹം രചിക്കുകയുണ്ടായി. 1857ൽ വെളിച്ചം കണ്ട ” The Flowers of Evil’ പത്തൊന്പതാം നൂറ്റാണ്ടിലെ യൂറോപ്യൻ സാഹിത്യത്തിലെത്തന്നെ ഏറ്റവും മികച്ച കാവ്യസമാഹാരമായി വിലയിരുത്തുന്നു. പ്രശസ്തിയോടൊപ്പം കുപ്രസിദ്ധിയും ഈ പുസ്തകം അദ്ദേഹത്തിന് നേടിക്കൊടുത്തു എന്നത് യാഥാർഥ്യമാണ്. കവിതകളിലെ പ്രതിപാദ്യങ്ങളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രകോപനപരമായിരുന്നു. ഇതിന്റെ പേരിൽ ഫ്രാൻസിലെ നീതിപീഠം ബോദ്്ലേറിനെ പ്രോസിക്യൂട്ട് ചെയ്തതും അതിനെതിരെ അക്കാലത്തെ പ്രമുഖ എഴുത്തുകാരായ ഫ്ലാബേറും (Gustave Flaubert) ഹ്യുഗോയും (Victor Hugo) രംഗത്തുവന്നതും ഫ്രാൻസിന്റെ സാഹിത്യചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമായിരുന്നു. 1868 ൽ അദ്ദേഹത്തിന്റെ “കൊച്ചു ഗദ്യ കവനങ്ങൾ’ (Little Prose Poems) പുറത്തുവന്നു. ഇവ കൂടാതെ എഡ്ഗാർ അലൻ പോയുടെ നിരവധി രചനകളുടെ വിവർത്തനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. പോ അദ്ദേഹത്തെ വളരെയേറെ ആകർഷിച്ച എഴുത്തുകാരനായിരുന്നു. Twenty Prose Poems, Selected Writings on Art and Artists, Selected Letters of Charles Baudelaire, The Essence of Laughter, Arts in Paris എന്നിവയാണ് ഈ എഴുത്തുകാരന്റെ മറ്റു പ്രധാന രചനകൾ.

റൊമാന്റിസിസത്തിന്റെ മനോഹാരിതയിൽ ചാലിച്ച ജീവിത യാഥാർഥ്യങ്ങളാണ് ബോദ്്ലേർ കവിതകളുടെ പ്രധാന സവിശേഷത. വായനക്കാരുടെ ഹൃദയത്തെ അവ ആഴത്തിൽ സ്പർശിക്കുന്നു. വിസ്മയകരവും മായികവുമായ സർഗചൈതന്യത്തിന്റെ പത്തരമാറ്റ് തിളക്കമുള്ളതാണ് ഈ എഴുത്തുകാരന്റെ രചനകൾ. യൂറോപ്പിന്റെ സാഹിത്യ ഭൂമികയിൽ അദ്ദേഹത്തിന് അദ്വിതീയമായൊരു സ്ഥാനം ലഭിച്ചതിന്റെ കാരണവും മറ്റൊന്നല്ല. പദ്യത്തിലെന്നപോലെ ഗദ്യത്തിലും ബോദ്്ലേറിന്റെ ശൈലി സംഗീതാത്മകമാണ്. അദ്ദേഹത്തിന്റെ കത്തുകൾ പോലും അത്രമേൽ ആസ്വാദ്യകര മാണ്. അതേസമയം, ബോദ്്ലേർ ഏറെയും സഞ്ചരിച്ചത് ജീവിതത്തിന്റെ ഇരുൾ മാളങ്ങളിലൂടെയാണ് എന്നതാണ് വിചിത്രമായ വസ്തുത. ആദ്യം മുതലേ ആ ജീവിതത്തെ നിഴൽ പോലെ പിന്തുടർന്നത് വിഷാദവും നിരാശതയും ഏകാന്തബോധവും അസംതൃപ്തിയുമായിരുന്നു. അവ സൃഷ്ടിച്ച ഇരുണ്ട മനോവ്യാപരങ്ങളുടെ തടവറയിൽ തളയ്ക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കടുത്ത ന്യൂറോസിസിന്റെ ഇരയായിരുന്നു ബോദ്്ലേർ. നിരവധി തവണ അദ്ദേഹത്തെ ചുഴലിദീനം ആക്രമിച്ചിട്ടുണ്ട്. ഭ്രാന്തിന്റെ വക്കോളമെത്തിയ ഉന്മാദത്തിരയിൽ പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സിടറിയിട്ടുണ്ട്. അപ്പോഴെല്ലാം അദ്ദേഹത്തെ കാത്തുരക്ഷിച്ചത് ആ മനസ്സിനുള്ളിൽ കത്തിജ്വലിച്ചു നിന്ന സർഗചേതനയായിരുന്നു.

1867 ആഗസ്റ്റ് മുപ്പത്തിയൊന്നിന് ബോദ്്ലേർ മരണത്തിന്റെ നിത്യതയിൽ ലയിക്കുന്നതുവരെ ആ സ്ഫുലിംഗങ്ങൾ അദ്ദേഹത്തിന്റെയുള്ളിൽ അണയാതെനിന്നു.
ഫ്രഞ്ച് സാഹിത്യത്തിൽ ആധുനികതയെ അവതരിപ്പിച്ചതും സർഗാത്മകമായ ഒരുൾക്കരുത്തും ആർജവവും നൽകി അതിനെ പരിപോഷിപ്പിച്ചതും ബോദ്്ലേറാണ്. ഈ രചനകൾ ലോകമെമ്പാടുമുള്ള കവികളെ പ്രചോദിപ്പിക്കുന്നു. ഇരുന്നൂറാം ജന്മദിനത്തിലും ഈ എഴുത്തുകാരൻ ആഘോഷിക്കപ്പെടുന്നതിന്റെ കാരണവും ഇതുതന്നെ.

Latest