Connect with us

Prathivaram

ഡോ. എം ഗംഗാധരൻ: മലബാറിന്റെ ചരിത്രഖനി

മികവുറ്റ മതനിരപേക്ഷ ചരിത്രകാരൻ എന്നതാണ്‌ ഡോ. ഗംഗാധരനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ പോലും പ്രാദേശിക ചരിത്ര പഠനത്തിന് അദ്ദേഹത്തെ തേടി എത്തിയിരുന്നു.

Published

|

Last Updated

ഇയ്യിടെ അന്തരിച്ച ഡോ. എം ഗംഗാധരൻ ഉറച്ച നിലപാടുകളുള്ള വ്യക്തിയായിരുന്നു. വിഷയങ്ങളെക്കുറിച്ച് അതിസൂക്ഷ്മമായി പഠിച്ചതിന് ശേഷമേ അദ്ദേഹം അഭിപ്രായം പറഞ്ഞിരുന്നുള്ളൂ. പഠിക്കാത്ത വിഷയങ്ങളിൽ കേറി അഭിപ്രായം പറയില്ല. തനിക്ക്‌ ബോധ്യപ്പെട്ട കാര്യം ഏത്‌ വേദിയിലും തുറന്ന് പറയും. അതുകൊണ്ട് ഗംഗാധരൻ മാഷിനെ പ്രോഗ്രാമുകൾക്ക് വിളിക്കാൻ പലരും മടിക്കും. ചിലപ്പോൾ “നിങ്ങളുടെ പ്രോഗ്രാമിന് വരാൻ പറ്റില്ല’ എന്ന്‌ സ്‌നേഹ പൂർവം പറയും. ദേശീയവാദിയായിരുന്ന അദ്ദേഹത്തിന് ദേശീയ നേതാക്കളോട്‌ വലിയ ബഹുമാനമായിരുന്നു. തന്റെ മാപ്പിള പഠനങ്ങൾ എന്ന പുസ്തകത്തിൽ കേശവമേനോൻ, മാധവൻ നായർ തുടങ്ങിയവർക്കെതിരെ ചിലർ നടത്തിയ പരാമർശങ്ങളെ അദ്ദേഹം ശക്തിയായി വിമർശിക്കുന്നു.എം പി നാരായണ മേനോനും മറ്റ് ചിലരും ദേശീയരംഗത്ത് അവഗണിക്കപ്പെട്ടതിന്റെ പിന്നിൽ ഈ നേതാക്കളുടെ കൈയുണ്ട് എന്ന ചിലരുടെ വിമർശനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

1933ൽ പി കെ നാരായണൻ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി പരപ്പനങ്ങാടിയിൽ ജനിച്ച ഗംഗാധരൻ സാറിന് മരിക്കുമ്പോൾ എൺപത്തൊമ്പത് വയസ്സായിരുന്നു പ്രായം. പ്രസിദ്ധ ചരിത്രകാരൻ എം ജി എസ് നാരായണന്റെ അമ്മാവൻ കൂടിയാണ് ഗംഗാധരൻ മാഷ്. കേന്ദ്ര സാഹിത്യ അക്കാദമിയും കേരളസാഹിത്യ അക്കാദമിയും അദ്ദേഹത്തിന് അവാർഡുകൾ നൽകിയിട്ടുണ്ട്. ഉണർവിന്റെ ലഹരിയിലേക്ക്, വസന്തത്തിന്റെ മുറിവ് എന്നീ ഗ്രന്ഥങ്ങൾക്കാണ് അവാർഡുകൾ.

പ്രാദേശിക ചരിത്രത്തിൽ, പ്രത്യേകിച്ചും മാപ്പിള സമുദായത്തെക്കുറിച്ച്, അദ്ദേഹം ശാസ്ത്രീയമായ അപഗ്രഥനങ്ങൾ നടത്തി. മുസ്‌ലിം നേർച്ചകളെ കുറിച്ച് എഫ്‌ഡെയ്‌ലിനോടൊപ്പം നടത്തിയ പഠനം ശ്രദ്ധേയമാണ്. ഡെയ്ൽ മാപ്പിളമാരെക്കുറിച്ചും അവരുടെ കാർഷിക സമരങ്ങളെകുറിച്ചും പഠിക്കാൻ കേരളത്തിലെത്തിയപ്പോൾ അദ്ദേഹത്തിന്‌ സർവസഹായങ്ങളുമൊരുക്കിയത് ഗംഗാധരൻ സാറാണ്. മാപ്പിള സമുദായത്തെ സമഗ്രമായി വിലയിരുത്താൻ അദ്ദേത്തിന് കഴിഞ്ഞത് മലബാർ സമരത്തെ കുറിച്ച് അദ്ദേഹം നടത്തിയ ഗവേഷണത്തിലൂടെയാണ്. കൂടാതെ താൻ ജനിച്ചുവളർന്ന പരപ്പനങ്ങാടിയിലെ മുസ്‌ലിം ജനതയുമായിഅടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്‌ലിംകളുടെ വിദ്യാഭ്യാസമില്ലായ്മയിൽ അദ്ദേഹം പരിതപിച്ചു. മലബാർ സമരം വഴിതെറ്റാൻ ഇത് കാരണമായെന്നും അദ്ദേഹം കരുതുന്നു. കലാപത്തിന് കോൺഗ്രസ് ഉത്തരവാദിയെന്ന വാദം അദ്ദേഹം അംഗീകരിക്കുന്നില്ല. മാപ്പിളമാരെ അഹിംസയിൽ പിടിച്ചുനിർത്താൻ കഴിയാതെ പോയത്‌ കോൺഗ്രസ് നേതാക്കളെ കലാപ ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നതിൽ നിന്ന് അധികാരികൾ വിലക്കിയതുകൊണ്ടാണെന്ന് അദ്ദേഹം സമർഥിക്കുന്നു. തന്റെഗവേഷണ പ്രബന്ധം മലബാർ റെബല്യൺ എന്ന പേരിൽ ആദ്യം ഡൽഹിയിൽ നിന്നും പിന്നീട്‌ കേരളത്തിൽ നിന്നും പ്രസാധനം ചെയ്തു. കലാപത്തെ മുടിനാരിഴ വിശകലനം ചെയ്തശേഷം അതൊരു ദേശീയ സമരമാണെന്നും അതുകൊണ്ട്തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും അടിവരയിടുന്നു. ഏതാണ്ട് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഖിലാഫത്‌ സ്മരണകൾ എന്ന പുസ്തകത്തിൽകുറിച്ച അഭിപ്രായമാണ്‌ വിഷയം പഠന വിധേമയമാക്കിയ ഗംഗാധരൻ സാറും പറയുന്നത്. സമരംകാർഷികമാണെന്ന് മാത്രം പറയാൻ അദ്ദേഹം തയ്യാറല്ല. ഏതെങ്കിലും ഒരു തിയറിയോട് ഒട്ടിനിന്ന് ചരിത്രത്തെ വിലയിരുത്താൻ അദ്ദേഹം തയ്യാറുമല്ല. മലബാർ കലാപത്തിന്റെ നൂറാം വാർഷികംആചരിക്കുന്നതിനോട് അദ്ദേഹംയോജിച്ചില്ല. ഇക്കാര്യം അദ്ദേഹംതുറന്ന് പറഞ്ഞിരുന്നു.
രണ്ട്‌ വാള്യങ്ങളിൽ ഗംഗാധരൻസാർ എഴുതിയ മഹാത്മജിയെ കുറിച്ചുള്ള ഗ്രന്ഥം (ഗാന്ധിഒരന്വേഷണം)ഒരു പുതിയ കാഴ്ചപ്പാടിലൂടെ ഗാന്ധിജിയെ വിലയിരുത്തുന്നു. സാധാരണ എഴുത്തുകാരും കോൺഗ്രസുകാരും ചിന്തിക്കുന്നതിലപ്പുറമാണ് ഗാന്ധിജി എന്നാണ് കൃതിയിൽ സാർ സമർഥിക്കുന്നത്.

1954ൽ മദ്രാസ്‌ സർവകലാശാലയിൽ നിന്ന് പി ജി ബിരുദം കരസ്ഥമാക്കിയ ശേഷം അദ്ദേഹം സാഹിത്യവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുപോന്നു. അതോടൊപ്പംചരിത്രം, രാഷ്ട്രീയം, ഗാന്ധിസം, സ്ത്രീ വാദം, വിദ്യാഭ്യാസം എന്നീമേഖലകളിലൊക്കെ അദ്ദേഹംകൈവെച്ചു. ഇത്‌ സംബന്ധമായി നിരവധി ലേഖനങ്ങൾ അദ്ദേഹംഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതി. പരിസ്ഥിതി, സ്വതന്ത്ര ചിന്ത, സിനിമ, ആധുനിക ചിന്ത എന്നീ മേഖലകളിലെല്ലാം ഗംഗാധരൻ മാഷിന് തന്റേതായ കാഴ്ചപ്പാടുകളുണ്ട്. സാറിന്റെ “അന്വേഷണം, ആസ്വാദനം’ തുടങ്ങിയ ആദ്യകാല സാഹിത്യ സാംസ്‌കാരിക വിശകലനങ്ങൾ ആധുനികതയിലേക്കുള്ള വാതിൽ തുറന്നുതരുന്നു. എം ഗോവിന്ദൻ, പി കെ ബാലകൃഷ്ണൻ, അയ്യപ്പപ്പണിക്കർ, അനന്തമൂർത്തി, കടമ്മനിട്ട തുടങ്ങിയ പ്രതിഭകളോടൊപ്പം ഡോ. ഗംഗാധരൻ പ്രവർത്തിച്ചിട്ടുണ്ട്. കർഷകർക്കും ദരിദ്രർക്കും വേണ്ടി ലേഖനങ്ങളെഴുതാനും പ്രക്ഷോഭ രംഗത്തിറങ്ങാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. വർഗീയതക്കെതിരായ സമരങ്ങളിൽ സജീവ സാന്നിധ്യമായി. ഉയർന്ന ജാതിക്കാരനാണെങ്കിലും ജാതി നിയമങ്ങളെ അദ്ദേഹം അംഗീകരിച്ചില്ല. ദളിതർക്കും ആദിവാസികൾക്കുമൊപ്പം നിലകൊണ്ടു. ചാലിയാറിന്റെയും പശ്ചിമ ഘട്ടത്തിന്റെയും സംരക്ഷണത്തിനുംഅദ്ദേഹം മുൻപന്തിയിൽ നിന്നു. ഇവ സംബന്ധിച്ച സംഘടനകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

മികവുറ്റ മതനിരപേക്ഷ ചരിത്രകാരൻ എന്നതാണ്‌ ഡോ. ഗംഗാധരനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ പോലും പ്രാദേശിക ചരിത്ര പഠനത്തിന് അദ്ദേഹത്തെ തേടി എത്തിയിരുന്നു.

Latest