Kerala
കീം പ്രവേശം അനശ്ചിതത്വത്തിലാക്കിയത് സര്‍ക്കാരിന്റെ ദുര്‍വാശിയും ഗുരുതരവീഴ്ചയും: കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
കീം പ്രവേശന വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ല. പക്ഷെ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണം

പത്തനംതിട്ട | സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍വാശിയും ഗുരുതരവീഴ്ചയുമാണ് കേരള എഞ്ചിനിയറിങ് പ്രവേശനം അനശ്ചിതത്വത്തില്‍ ആക്കിയതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അതിന്റെ ഫലം അനുഭവിക്കുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമാണ്.സര്‍ക്കാര്‍ അതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ പി സി സി പ്രസിഡന്റ്.
കീം പ്രവേശന വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ല. പക്ഷെ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണം.ഉന്നതവിദ്യാഭ്യസ മന്ത്രി ന്യായീകരണവും ദുരഭിമാനവും ഉപേക്ഷിച്ച് യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകണം. നിലപാട് സ്വീകരിക്കുന്നതില്‍ സിപിഐ കുറച്ചുകൂടി ധൈര്യം കാണിക്കണം. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഒപ്പമാണ് പ്രതിപക്ഷം.കീം വിഷയത്തില്‍ നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദി സര്‍ക്കാരാണ്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം.അവകാശവാദങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെയും ആരോഗ്യ മേഖലയുടെയും തകര്‍ച്ചയില്‍ നിന്ന് അവകാശവാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ഭാഗമാണെന്ന് പറഞ്ഞ സണ്ണി ജോസഫ് ജനാധിപത്യ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എല്ലാവരും സന്നദ്ധരാണെന്നും പറഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്രതിപക്ഷത്തുള്ളതിനാല്‍ സംഘടനപരമായ ഉത്തരവാദിത്തവും രാഷ്ട്രീയ ദൗത്യവും വലുതാണ്.അതേറ്റെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.