pocso arrest
പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം; 54കാരൻ പിടിയില്‍
പൈസയും മിഠായിയും നല്‍കാമെന്ന് പറഞ്ഞ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

പത്തനംതിട്ട | കടയില്‍ സാധനം വാങ്ങാന്‍ പോയ ഒമ്പതുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര പ്രക്കാനം തോട്ടത്തില്‍പ്പടി തോട്ടത്തില്‍ കിഴക്കേതില്‍ കുഞ്ഞുകുഞ്ഞിന്റെ മകന്‍ സുനില്‍ കുമാറിനെ (54) ആണ് ഇലവുംതിട്ട പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.
ഈ മാസം ഏഴിന് വൈകിട്ട് കടയില്‍ പോയ കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പൈസയും മിഠായിയും നല്‍കാമെന്ന് പറഞ്ഞ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടില്‍ അറിയിച്ചതുപ്രകാരം ഇലവുംതിട്ട പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവശേഷം പ്രതി ഒളിവില്‍ പോയി.
പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെ നിര്‍ദേശമനുസരിച്ച്, ഇന്‍സ്പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ ശശികുമാര്‍, അനില്‍, എ എസ് ഐ വിനോദ് കുമാര്‍, എസ് സി പി ഓ സുരേഷ് കുമാര്‍, സന്തോഷ്, ധനൂപ്, സി പി ഓമാരായ അനിത, ശരത്, സച്ചിന്‍ എന്നിവരുണ്ടായിരുന്നു.