Connect with us

Siraj Article

സമ്പദ്ഘടന വെന്റിലേറ്ററിൽ തന്നെ

കൊവിഡും ലോക്ക്ഡൗണും ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും അശാസ്ത്രീയവും ദീർഘ വീക്ഷണവുമില്ലാതെ കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ടുനിരോധനമാണ് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചത്. തീരെ അശാസ്ത്രീയവും അധാർമികവുമായ നോട്ടുനിരോധം ബൗദ്ധികവും ശാസ്ത്രീയവുമായ മുഴുവൻ വിലയിരുത്തലുകളെയും തള്ളിക്കളഞ്ഞുകൊണ്ടാണ് നടപ്പാക്കിയത്. ഇതിനായി കേന്ദ്രസർക്കാർ നിരത്തിയ ന്യായീകരണങ്ങൾ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു തത്വങ്ങൾക്കും നിരക്കുന്നതായിരുന്നില്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഇതു പ്രായോഗികമല്ലെന്ന പഠനങ്ങളും പരാജയപ്പെട്ട മുൻ അനുഭവങ്ങളും കേന്ദ്ര സർക്കാറിന് മുന്നിലുണ്ടായിരുന്നിട്ടും അതിനെ തിരസ്‌കരിച്ചതിന് പിന്നിൽ രാഷ്ട്രീയമല്ലാതെ മറ്റുകാരണങ്ങളില്ലെന്ന് വ്യക്തമാണ്. ലക്ഷ്യത്തിനപ്പുറം ഇതിന് സ്വീകരിച്ച മാർഗങ്ങളും ശൈലിയുമെല്ലാം അശാസ്ത്രീയവും പ്രാകൃതവുമായിരുന്നു

Published

|

Last Updated

സ്വതവേ ദുർബല പിന്നെ ഗർഭിണിയും’ എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന അവസ്ഥയാണ് രാജ്യത്തിന്റെ സമ്പദ് ഘടനയുടേത്. മനുഷ്യ നിർമിത ദുരന്തമായ നോട്ടുനിരോധനവും ജി എസ് ടിയിലേക്കുള്ള നികുതിഘടനയുടെ അശാസ്ത്രീയമായ മാറ്റവും തകർത്തെറിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനക്ക് മേൽ പുതിയ ആഘാതം സൃഷ്ടിച്ചുകൊണ്ടാണ് പ്രകൃതി ദുരന്തമായ കൊവിഡും തുടർന്ന് അടച്ചുപൂട്ടൽ നിയന്ത്രണങ്ങളും എത്തിയത്. എന്നാൽ ഈ ദുരന്തങ്ങളെ അതിജീവിച്ച് തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് കൊവിഡിന്റെ ഒമിക്രോൺ വകഭേദവും ക്രമാതീതമായ ഇന്ധന വില വർധന സൃഷ്ടിച്ച് വിലക്കയറ്റവും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന് വിലങ്ങുതടിയായി നിൽക്കുന്നത്. മനുഷ്യ നിർമിത ദുരന്തങ്ങളായ നോട്ടുനിരോധവും ജി എസ് ടിയും ഏൽപ്പിച്ച പരുക്കിൽ നിന്ന് മോചിതമാകുന്നതിന് മുമ്പാണ് കൊവിഡ് തകർത്താടിയത്.
കൊവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വഴിമാറി സാമ്പത്തിക മേഖലകൾ വീണ്ടും സജീവമായതും കൊവിഡ് പ്രതിരോധ വാക്‌സീനേഷൻ വ്യാപകമാക്കിയതും രാജ്യത്തെ സമ്പദ്ഘടനക്ക് അനുകൂല ഘടകമായിരുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങിവരുന്നുവെന്ന് വ്യത്യസ്ത സൂചികകളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് വില്ലനായി ഒമിക്രോണും വിലക്കയറ്റവും പുതിയ ഭീഷണി ഉയർത്തിയിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ സാമ്പത്തിക വീണ്ടെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന കാര്യത്തിൽ നിലവിൽ വലിയ വ്യക്തതയില്ല. ഒമിക്രോൺ ഉയർത്തുന്ന ഭീഷണിക്കൊപ്പം വർധിക്കുന്ന വിലക്കയറ്റ നിരക്കും സമ്പദ് ഘടനയുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്നതാണ്.

അശാസ്ത്രീയവും ജനവിരുദ്ധവുമായ രീതിയിലുള്ള ക്രമാതീതമായ ഇന്ധന വിലവർധന മൂലം രാജ്യത്തെ വിലക്കയറ്റ നിരക്കുകൾ റോക്കറ്റ് പോലെ കുതിക്കുകയാണ്. ഉപഭോക്തൃ വില സൂചികയനുസരിച്ച് കണക്കാക്കുന്ന പണപ്പെരുപ്പ നിരക്ക് രാജ്യത്ത് നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 6.30 ശതമാനമായിരുന്നു. വിലക്കയറ്റ ഘടനയിലെ മുകൾത്തട്ട് പരിധി ആറ് ശതമാനത്തിൽ നിൽക്കുമ്പോഴാണ് അതിനെ മറികടന്നുള്ള പണപ്പെരുപ്പ വർധന. ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും മൂലം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളാണ് വിലക്കയറ്റ നിരക്ക് വർധനയിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വിലക്കയറ്റ നിരക്ക് 7.22 ശതമാനത്തിലെത്തിയിരുന്നുവെങ്കിൽ നടപ്പുസാമ്പത്തിക വർഷം ഇതേ മാസത്തെ മൊത്തവില സൂചിക 1.57 ശതമാനം വിപരീത വളർച്ചയാണ് കാണിക്കുന്നത്. ഇതോടൊപ്പം നിലവിലെ വിലക്കയറ്റ സമ്മർദം മൊത്തവില നിലവാരത്തെയും ബാധിച്ചിട്ടുണ്ട്.

നടപ്പുസാമ്പത്തിക വർഷം ആദ്യപാദത്തിലെ മൊത്തവില സൂചികയിൽ 13 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യപാദത്തിൽ 3.37 ശതമാനമായിരുന്ന മൊത്തവില സൂചിക ഇരട്ട അക്കത്തിലേക്ക് കുതിക്കാനിടയാക്കിയത് അടിത്തറയിലുണ്ടായ താഴ്ചയാണ്. ക്രമാതീതമായി വർധിച്ച ഇന്ധന വിലയാണ് വിലക്കയറ്റ നിരക്ക് വർധനക്കിടയാക്കിയത്. മൊത്തവില സൂചികയിലെ വിവിധ ഘടകങ്ങൾ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇക്കാലയളവിൽ അസംസ്‌കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റേയും വിലയിൽ 56.06 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇതുമൂലം മുൻ വർഷത്തെ അപേക്ഷിച്ച് നടപ്പുസാമ്പത്തിക വർഷം ആദ്യപാദത്തിൽ ധാതു എണ്ണകളുടെ വിലയിൽ 81.16 ശതമാനം വളർച്ചയുണ്ടായി. എന്നാൽ ഈ വളർച്ച മൂലമുണ്ടാകുന്ന എണ്ണവില വർധന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന വസ്തുതയോട് ഭരണകൂടം കണ്ണടച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.

ഗതാഗത ചെലവുകളുടെ വർധന, അസംസ്‌കൃത ഉത്പന്നങ്ങളുടെ വിലക്കയറ്റം, ഭക്ഷ്യ വിലക്കയറ്റം തുടങ്ങി വിവിധ രംഗങ്ങളിൽ വില വർധനക്കിടയാക്കുന്നതാണ് എണ്ണവില വർധന. ഒപ്പം ചില്ലറ വിപണന രംഗത്തും വിലക്കയറ്റത്തിന് ഇന്ധനവിലയിലെ വർധനവ് വഴിയൊരുക്കും. ഇതുമൂലം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വ്യക്തികൾ കൂടുതൽ പണം നൽകേണ്ടിവരും.
അടുത്തിടെ കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വിലകളുടെ എക്‌സൈസ് തീരുവ അൽപ്പം കുറച്ചത് ഗുണകരമെങ്കിലും വിലക്കയറ്റ ഭീഷണി ചെറുക്കാൻ ഇത് പര്യാപ്തമായില്ലെന്നാണ് നിലവിലെ വിപണി തെളിയിക്കുന്നത്. ഈ സാഹചര്യത്തിൽ വളരുന്ന വില നിരക്കുകൾ ഉണ്ടാക്കുന്ന സമ്മർദം മൂലം പണനയം കർശനമാക്കൽ നടപടികളിലേക്ക് റിസർവ് ബേങ്ക് കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തെ സ്വകാര്യ അന്തിമ ഉപഭോഗ ചെലവു (പി എഫ് സി ഇ) കണക്കുകൾ പ്രകാരം നടപ്പുസാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മുൻവർഷത്തെയപേക്ഷിച്ച് 8.64 ശതമാനം വളർച്ചാനിരക്കു രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ഇത് തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ 11 ശതമാനം കുറവായിരുന്നു. എന്നാൽ നടപ്പുസാമ്പത്തിക വർഷം ആദ്യപാദത്തിലെ 15 ശതമാനം കുറവിനെയപേക്ഷിച്ച് രണ്ടാം പാദത്തിൽ 11.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നതും സമ്പദ് വ്യവസ്ഥക്ക് പോസീറ്റീവായിരുന്നു.

വിലക്കയറ്റ നിരക്ക് നാല് ശതമാനം + രണ്ട് ശതമാനം എന്ന ലക്ഷ്യം നടപ്പാക്കാൻ ശ്രമിക്കുന്ന റിസർവ് ബേങ്കിന് നിലവിലെ സാഹചര്യം വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കും. വളർച്ചാ നിരക്കുവർധനയെ സഹായിക്കുന്നതിനൊപ്പം വിലക്കയറ്റ നിരക്കും നിയന്ത്രിക്കുന്നതിനുള്ള വഴികൾ റിസർവ് ബേങ്ക് കണ്ടെത്തേണ്ടി വരും. വിലക്കയറ്റനിരക്കിലെ വർധന, ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉത്പാദന നിശ്ചലതയും നാണയപ്പെരുപ്പവും നേരിടുകയാണെന്ന പ്രതീതി ഉയർത്തിയിട്ടുണ്ട്. ഇത് കൂടുതൽ തിരിച്ചടിയാകും. ഇതോടൊപ്പം ആഭ്യന്തര സാമ്പത്തികരംഗം വീണ്ടെടുപ്പിന്റെ പാതയിൽ നിൽക്കെ പലിശനിരക്ക് വർധിപ്പിക്കുന്ന സമീപനം റിസർവ് ബേങ്ക് സ്വീകരിച്ചാൽ കാര്യങ്ങൾ വീണ്ടും പ്രതികൂലമാകും. പണപ്പെരുപ്പനിരക്ക് ഇന്നത്തെ ഉയരത്തിൽ തുടർന്നാൽ സമ്പദ് വ്യവസ്ഥയിൽ യഥാർഥ പലിശനിരക്ക് വിപരീതമായിത്തീരും. ഇന്ധന വിലവർധനയുടെ വിപരീത ഫലങ്ങൾ വീണ്ടെടുപ്പിന്റെ പാതയിൽ നീങ്ങുന്ന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതല്ല. ക്രമാതീതമായി ഉയർത്തിയ ഇന്ധന നികുതി കുറക്കുകയേ ഇതിന് ആരോഗ്യകരമായ പരിഹാരമുള്ളൂവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

കൊവിഡും ലോക്ക്ഡൗണും ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും അശാസ്ത്രീയവും ദീർഘ വീക്ഷണവുമില്ലാതെ കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ടുനിരോധനമാണ് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചത്. തീരെ അശാസ്ത്രീയവും അധാർമികവുമായ നോട്ടുനിരോധം ബൗദ്ധികവും ശാസ്ത്രീയവുമായ മുഴുവൻ വിലയിരുത്തലുകളെയും തള്ളിക്കളഞ്ഞുകൊണ്ടാണ് നടപ്പാക്കിയത്. ഇതിനായി കേന്ദ്രസർക്കാർ നിരത്തിയ ന്യായീകരണങ്ങൾ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു തത്വങ്ങൾക്കും നിരക്കുന്നതായിരുന്നില്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഇതു പ്രായോഗികമല്ലെന്ന പഠനങ്ങളും പരാജയപ്പെട്ട മുൻ അനുഭവങ്ങളും കേന്ദ്ര സർക്കാറിന് മുന്നിലുണ്ടായിരുന്നിട്ടും അതിനെ തിരസ്‌കരിച്ചതിന് പിന്നിൽ രാഷ്ട്രീയമല്ലാതെ മറ്റുകാരണങ്ങളില്ലെന്ന് വ്യക്തമാണ്. ലക്ഷ്യത്തിനപ്പുറം ഇതിന് സ്വീകരിച്ച മാർഗങ്ങളും ശൈലിയുമെല്ലാം അശാസ്ത്രീയവും പ്രാകൃതവുമായിരുന്നു.

നിലവിൽ തീവ്ര പരിചരണത്തിലിരിക്കുന്ന ഇന്ത്യൻ സമ്പദ്ഘടനയെ തിരിച്ചു കൊണ്ടുവരാൻ സാമ്പത്തിക നയങ്ങളിലെ സമ്പൂർണമായ പൊളിച്ചെഴുത്തിലൂടെ മാത്രമേ സാധ്യമാകൂവെന്ന സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങൾക്ക് കേന്ദ്ര ഭരണാധികാരികൾ ഇപ്പോഴും ചെവി കൊടുത്തിട്ടില്ല. നോട്ടുനിരോധത്തിന് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച കാരണങ്ങളൊന്നും പ്രായോഗികമല്ലെന്ന് പിന്നീട് കാലം തെളിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന കള്ളനോട്ടുകൾ തടയുക, കള്ളപ്പണം നോട്ടുകളായി പലഭാഗത്തും സൂക്ഷിച്ചവരെ പുറത്തു കൊണ്ടുവരിക തുടങ്ങിയവ നോട്ടുനിരോധ ലക്ഷ്യമായി അവതരിപ്പിച്ചവർ മൂന്നാംനാൾ ക്യാഷ്‌ലെസ് ഇക്കണോമിയിലേക്കും അതിലൂടെ ഡിജിറ്റൽ സമ്പദ്ഘടനയിലേക്കും മലക്കം മറിയുന്ന കാഴ്ചയാണ് കണ്ടത്. രാജ്യത്ത് പ്രചരിക്കുന്ന കള്ളനോട്ടുകളെ കുറിച്ചോ രാജ്യത്ത് സൂക്ഷിക്കപ്പെട്ട കള്ളപ്പണത്തെ കുറിച്ചോ ഒരു പ്രാഥമിക പഠനം പോലും നടത്താതെയാണ് തികച്ചും അശാസ്ത്രീയ നടപടികളിലൂടെ സമ്പദ്ഘടനക്ക് വൻ ആഘാതമേൽപ്പിച്ച മനുഷ്യ നിർമിത ദുരന്തം കേന്ദ്ര സർക്കാർ സൃഷ്ടിച്ചത്.

രാജ്യത്ത് പ്രചാരത്തിലിരിക്കുന്ന കള്ള നോട്ടുകളെ കുറിച്ചള്ള പഠനങ്ങളിൽ പോലീസും സുരക്ഷാ ഏജൻസികളും പിടിച്ചെടുത്തിട്ടുള്ള കള്ളനോട്ടുകളുടെ കണക്കുകൾ പരിശോധിച്ച് നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ സി ആർ ബി) നടത്തിയ പഠന പ്രകാരം മൊത്തം കറൻസി സർക്കുലേഷന്റെ 0.00001 ശതമാനം മാത്രമേ 500 രൂപയുടെയും 1,000 രൂപയുടെയും കള്ളനോട്ടുകളായി ബേങ്കുകളിൽ വരുന്നുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കള്ളനോട്ടുകൾ രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വിനിമയത്തിന്റെ ഒരു ശതമാനം പോലും വരുന്നില്ലെന്നതാണ് ഇതു വ്യക്തമാക്കുന്നത്. രാജ്യത്തെ കള്ളപ്പണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നോട്ടുകൾക്ക് പകരം റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ഭൂമി, ഓഹരി, സ്വർണം, വെള്ളി, വജ്രം, ബിനാമിയായ സാമ്പത്തിക നിക്ഷേപം, വിദേശത്തുള്ള സാമ്പത്തിക നിക്ഷേപം എന്നീ ഇനങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് 1985ൽ കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫൈനാൻസ് ആൻഡ് പോളിസിയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു.
മൊത്തം കള്ളപ്പണത്തിന്റെ ഏഴ് ശതമാനം മാത്രമേ പണമായി സൂക്ഷിക്കുന്നുള്ളൂവെന്നും ഈ പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. 2012ൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി ഡി ബി ടി– ഇൻകം ടാക്‌സ് വകുപ്പ്) കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലും ഭൂമി, സ്വർണം, വെള്ളി, ഡയമണ്ട് എന്നിവയായാണു കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഥവാ 2016ന് മുമ്പള്ള മുഴുവൻ പഠനങ്ങളും കള്ളപ്പണം നോട്ടായിട്ടല്ല സൂക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടും ഇതൊന്നും പരിഗണിക്കാതെ നോട്ടുനിരോധം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുകയായിരുന്നു കേന്ദ്രസർക്കാർ. രാജ്യത്ത് പ്രചാരത്തിലുള്ള ഏകദേശം 15 ലക്ഷം കോടി രൂപയുടെ നോട്ടുകളിൽ മൂന്നോ നാലോ ലക്ഷം കോടി രൂപയെങ്കിലും ബേങ്കിംഗ് സംവിധാനത്തിലേക്ക് തിരികെ വരില്ലെന്നും അതു കള്ളപ്പണമാണെന്നും അതു നശിപ്പിക്കപ്പെടുമെന്നുമായിരുന്നു സർക്കാർ വാദമെങ്കിലും ഇതെല്ലാം പൊളിച്ചുകൊണ്ട് പഠനങ്ങൾ വ്യക്തമാക്കിയതുപോലെ 15 ലക്ഷം കോടി രൂപയും ബേങ്കുകളിലേക്ക് മടങ്ങി എത്തിയപ്പോഴേക്കും രാജ്യത്ത് സാമ്പത്തിക അരക്ഷിതതാവസ്ഥ പ്രകടമാകുകയും നിരവധി ജീവനുകൾ പൊലിയുകയും ഖജനാവ് ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലൂടെ ഭരണാധികാരികളുടെ മണ്ടത്തരങ്ങൾക്ക് രാജ്യവും ജനങ്ങളും വൻ വിലയാണ് നൽകേണ്ടി വന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest