literature
ധിഷണയുടെ ദ്വന്ദ്വമുഖങ്ങൾ
ജനാധിപത്യത്തെ അങ്ങേയറ്റം സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന അരാജകവാദിയായിട്ടാണ് ഒവേ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. പാർശ്വവത്കൃത ജീവിതങ്ങളെയാണ് അദ്ദേഹം രചനകളിലെല്ലാം ആവിഷ്കരിക്കുന്നത്. വേരുകൾ നഷ്ടപ്പെട്ട ഒരു ജനതയുടെ സംത്രാസങ്ങളെ ചിത്രീകരിക്കുമ്പോഴും, അവക്കിടയിൽ തളിരിടുന്ന ജനാധിപത്യത്തിന്റെ പച്ചപ്പുകളെ അദ്ദേഹം കാണാതിരിക്കുന്നില്ല.

സമകാലിക ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് കെൻസാബുറോ ഒവേ. (Kenzaburo Oe). നോവൽ, ചെറുകഥ, ഉപന്യാസം തുടങ്ങി എഴുത്തിന്റെ ബഹുമുഖ മേഖലകളിൽ അന്തർദേശീയ പ്രശസ്തി നേടിയ അദ്ദേഹം 1994ലെ നൊബേൽ സമ്മാന ജേതാവാണ്.
ജപ്പാനിലെ നാല് പ്രധാന ദ്വീപുകളിലൊന്നായ ഷിക്കോക്കുവിലെ ഒരു ഗ്രാമത്തിൽ 1935 ലാണ് കെൻസാബുറോ ഒവേ ജനിച്ചത്. അദ്ദേഹത്തിന് ആറ് വയസ്സുള്ളപ്പോഴാണ് രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നത്. ഒവേയുടെ ഓർമക്കുറിപ്പുകളിൽ ഇങ്ങനെ പറയുന്നുണ്ട്. “എനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് ജപ്പാനും യു എസ്സും തമ്മിൽ യുദ്ധമുണ്ടായത്. അത് അവസാനിച്ചത് എനിക്ക് പത്ത് വയസ്സുള്ളപ്പോഴും. അതുകൊണ്ടുതന്നെ യുദ്ധത്തിന്റെ കെടുതികളിലൂടെയാണ് എന്റെ ബാല്യം കടന്നുപോയത്. “ഒൻപത് വയസ്സ് വരെ താൻ പുസ്തകങ്ങളൊന്നും വായിച്ചിരുന്നില്ലെന്നും മുത്തശ്ശി പറഞ്ഞുതന്ന കഥകളിലൂടെ ലോകത്തെ അറിയുകയായിരുന്നെന്നും ഒവേ രേഖപ്പെടുത്തിയിട്ടുണ്ട്. മുത്തശ്ശിയുടെ ആഖ്യാനങ്ങളാണ് കുടുംബത്തിന്റെയും രാജ്യത്തിന്റെയും ചരിത്രം അദ്ദേഹത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. പരമ്പരാഗതമായി ഗ്രാമീണ സംസ്കൃതിയിൽ ജീവിച്ച സമുറായി വിഭാഗത്തിലുള്ളവരായിരുന്നു ഒവേയുടെ പൂർവികർ. ഭരണം നടത്തുന്ന ചക്രവർത്തിയാണ് എല്ലാമെന്ന് അവർ ദൃഢമായി വിശ്വസിച്ചു. അതുകൊണ്ടുതന്നെ യുദ്ധാനന്തരം ജപ്പാൻ സഖ്യകക്ഷികൾക്കുമുന്നിൽ കീഴടങ്ങിയിരിക്കുന്നു എന്ന് റേഡിയോവിലൂടെ ഹിരോഹിതോ ചക്രവർത്തി പ്രഖ്യാപിച്ചപ്പോൾ ജനങ്ങളുടെ അതുവരെയുള്ള വിശ്വാസസംഹിതകൂടിയാണ് തകർന്നടിഞ്ഞത്. അത് ജപ്പാൻ പൗരന്മാരിലുണ്ടാക്കിയ നൈരാശ്യവും അരക്ഷിതബോധവും വളരെ വലുതായിരുന്നു. യുദ്ധകാലത്ത് പിതാവിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്ന് അമ്മയുടെയും മുത്തശ്ശിയുടെയും തണലിലായി ഒവേയുടെ പിന്നീടുള്ള ജീവിതം. മകന്റെ പഠനത്തിനുള്ള കാര്യങ്ങളെല്ലാം നിർവഹിച്ചത് അമ്മയായിരുന്നു. ഒവേ തന്റെ ഓർമക്കുറിപ്പുകളിൽ ഇങ്ങനെ പറയുന്നു. “അച്ഛന്റെ മരണശേഷം ഒരു ദിവസം അമ്മ സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന വകയിൽ രണ്ട് പുസ്തകങ്ങൾ – മാർക്ക് ട്വൈൻ എഴുതിയ ഹക്കൾബെറി ഫിന്നിന്റെ ധീരകൃത്യങ്ങൾ, ടോം സോയറിന്റെ ധീരകൃത്യങ്ങൾ – ഉണ്ടായിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ വായിക്കേണ്ട പുസ്തകങ്ങളാണ് അതെന്ന് അമ്മ പറഞ്ഞു. അച്ഛന്റെ അഭിപ്രായമായിരുന്നത്രെ അത്. വീട്ടിൽനിന്നും അരി കൊണ്ടുപോയി കൊടുത്തിട്ടാണ് അമ്മ ആ പുസ്തകങ്ങൾ വാങ്ങിയത്. ഒരു തരം ബാർട്ടർ സിസ്റ്റം. പുസ്തകങ്ങൾ തരുമ്പോൾ അമ്മ ഇത്രയും കൂടി പറഞ്ഞു. “ഈ പുസ്തകം എനിക്കു തന്ന സ്ത്രീ പറഞ്ഞത് ഇത് അമേരിക്കക്കാരുടെ പുസ്തകമാണെന്നാണ്. ഇപ്പോൾ ജപ്പാനും അമേരിക്കയും തമ്മിൽ യുദ്ധമാണല്ലോ. അതുകൊണ്ടുതന്നെ അമേരിക്കക്കാരുടെ സാധനങ്ങൾ നമ്മൾ ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും അവർ പറഞ്ഞിരുന്നു.’ ആ പുസ്തകങ്ങൾ പക്ഷേ ഞാൻ ആർത്തിയോടെ വായിച്ചു. എന്റെ മനസ്സിൽ അക്ഷരങ്ങളോടുള്ള അഭിനിവേശം ഉണർത്തുന്നതിൽ അവ വലിയ പങ്കാണ് വഹിച്ചത്.’
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നിയന്ത്രണത്തിലായതോടെ ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പഠനവിഷയങ്ങളെ സ്വാധീനിച്ചിരുന്ന സാമ്രാജ്യത്വ ആശയങ്ങൾ തുടച്ചുനീക്കപ്പെട്ടു. ആദ്യമായി വിദ്യാഭ്യാസരംഗത്ത് ജനാധിപത്യം നിലവിൽ വന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ഫ്യൂഡൽ ആശയങ്ങളെയും പൂർണമായും തള്ളിക്കളയാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഉള്ളിന്റെയുള്ളിൽ ജനാധിപത്യ രീതികളെ താലോലിച്ചിരുന്ന ഒവേ, അതുവരെ തന്റെ വർഗക്കാർ ജന്മഗ്രാമം വിട്ട് എവിടെയും പോകാൻ പാടില്ലെന്ന പരമ്പരാഗതമായി നിലനിന്നിരുന്ന വിലക്കിനെ മറികടന്നുകൊണ്ട് ഉപരിപഠനാർഥം ടോക്കിയോയിലേക്ക് പോകാൻ തീരുമാനിച്ചു. തന്റെയുള്ളിൽ അവശേഷിക്കുന്ന ഫ്യൂഡൽ ചിന്തകളെകൂടി കുടഞ്ഞെറിഞ്ഞ് പൂർണ ജനാധിപത്യവാദിയാകുവാൻ ടോക്കിയോവിലെ ജീവിതം സഹായിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. തുടർന്ന് ടോക്കിയോ സർവകലാശാലയിലെ ഫ്രഞ്ച് സാഹിത്യ വിഭാഗത്തിൽ അദ്ദേഹം പ്രവേശനം നേടി. അവിടെവെച്ച് ഫ്രഞ്ച് നവോത്ഥാനത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചു. മനുഷ്യനെയും സമൂഹത്തെയും സംബന്ധിച്ച വലിയ അറിവുകളും കാഴ്ചപ്പാടുകളുമാണ് അത് തനിക്ക്നൽകിയതെന്ന് ഒവേ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുരാതന ജാപ്പനീസ് സംസ്കാരം, സാഹിത്യം, പാശ്ചാത്യ സാഹിത്യം എന്നിവയിലും അദ്ദേഹം അവഗാഹം നേടി. മാറിമറിഞ്ഞ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിച്ച പുതിയ ആശയസംഹിതകളും, ചെറുപ്പം മുതൽ മനസ്സിൽ രൂഢമൂലമായിരുന്ന പരമ്പരാഗത വിശാസങ്ങളും ഏറെക്കാലം അദ്ദേഹത്തിന്റെയുള്ളിൽ ഒരു ദ്വന്ദവ്യക്തിത്വം സൃഷ്ടിച്ചിരുന്നുവെന്നത് വസ്തുതയാണ്. സ്വന്തം രാജ്യത്തെ ദേശശക്തികൾ കീഴ്പ്പെടുത്തിയതിന്റെ നൈരാശ്യവും ആത്മരോഷവും ഉള്ളിൽ തിളച്ചുമറിയുമ്പോൾ തന്നെ ഒരു പൂർണ ജനാധിപത്യ സമൂഹത്തിന്റെ പിറവിയിൽ അദ്ദേഹം പുളകം കൊള്ളുകയും ചെയ്തിരുന്നു എന്നതാണ് വാസ്തവം.
ആയിരത്തി തൊള്ളായിരത്തി അൻപതുകളിലാണ് കെൻസാബുറോ ഒവേ എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. ചെറുകഥകൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. ഫ്രഞ്ച്, അമേരിക്കൻ സാഹിത്യങ്ങളുടെ സ്വാധീനം ആദ്യകാല രചനകളിൽ പ്രകടമാണ്. Lavish are the Young, The Catch എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട ആദ്യകാല കഥകളാണ്. The Catch എന്ന നീണ്ടകഥ, യുദ്ധം സൃഷ്ടിക്കുന്ന വൈകാരിക മരവിപ്പും യാന്ത്രികതയും ആവിഷ്കരിക്കുന്നു.
ഈ കഥ, ജപ്പാനിലെ പ്രതിഭാധനന്മാരായ യുവ എഴുത്തുകാർക്ക് നൽകുന്ന പ്രശസ്തമായ അകുതഗാവ പ്രൈസ് നേടുകയുണ്ടായി. Bud-Nipping, Lamb Shooting (1958) എന്ന ആദ്യ നോവലിന്റെയും പ്രതിപാദ്യം യുദ്ധക്കെടുതികൾ തന്നെയാണ്. ഒവേയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് രചനകളാണ് Hiroshima Notes, A Personal Matter എന്നിവ. ഏതാണ്ട് ഒരേ കാലത്താണ് (1964) ഇവ പ്രസിദ്ധീകരിച്ചത്. ഇതിൽ ഒവേ കൂടുതൽ പ്രാധാന്യം നൽകിയ രചനയാണ് A Personal Matter. അദ്ദേഹം പറയുന്നു. “A Personal Matter അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ എന്റെ വ്യക്തിജീവിതത്തിലെ സത്യസന്ധമായ ചില പ്രധാന സംഭവങ്ങളുടെ വർണനയാണ്. അതുകൊണ്ടുതന്നെ അതിനെ കേവലമൊരു ഫിക്്ഷനായി കാണാനാകില്ല. അതേസമയം, Hiroshima Notes ഒരു ചരിത്രനോവലായി കരുതുന്നതാണ് അഭികാമ്യം. ഒരു നോവലായതുകൊണ്ടുതന്നെ വസ്തുതകൾക്കൊപ്പം അതിൽ ഭാവനയും ചേരുന്നുണ്ട്. Prize Stock (1958), The Silent Cry (1967), An Echo of Heaven (1989), Somersault (1999) എന്നിവയാണ് ഈ എഴുത്തുകാരന്റെ മറ്റു ശ്രദ്ധേയമായ രചനകൾ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജപ്പാനിലെ തലമുറ പേറുന്ന ആശങ്കയും അന്യതാബോധവും ഇവയിലെല്ലാം ഏറിയും കുറഞ്ഞും പ്രതിഫലിക്കുന്നത് കാണാം.
ജനാധിപത്യത്തെ അങ്ങേയറ്റം സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന അരാജകവാദിയായിട്ടാണ് ഒവേ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. പാർശ്വവത്കൃത ജീവിതങ്ങളെയാണ് അദ്ദേഹം രചനകളിലെല്ലാം ആവിഷ്കരിക്കുന്നത്. വേരുകൾ നഷ്ടപ്പെട്ട ഒരു ജനതയുടെ സംത്രാസങ്ങളെ ചിത്രീകരിക്കുമ്പോഴും, അവക്കിടയിൽ തളിരിടുന്ന ജനാധിപത്യത്തിന്റെ പച്ചപ്പുകളെ അദ്ദേഹം കാണാതിരിക്കുന്നുമില്ല. ധൈഷണികസാന്ദ്രത കൂടിയ തന്റെ രചനകളിൽ അക്രമവും ലൈംഗികതയും പോലെയുള്ള വൈകാരിക ഭാവങ്ങളെ മറയില്ലാതെ ചിത്രീകരിക്കാനും അദ്ദേഹം മടിക്കുന്നില്ല. അതോടൊപ്പം ഭാഷയിലും ആഖ്യാനത്തിലും അദ്ദേഹം പുതുമ തേടുകയും ചെയ്യുന്നു. കെൻസാബുറോ ഒവേ എന്ന എഴുത്തുകാരന്റെ രചനകൾ ലോകമെമ്പാടുമുള്ള വായനക്കാർക്ക് ഇത്രമേൽ പ്രിയപ്പെട്ടതാവുന്നതിന്റെ കാരണവും ഈ സവിശേഷതകൾ തന്നെയാകാം.