Connect with us

Kerala

കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്റെ മരണം; കുടുംബം വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി

നിലവിലെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെയെങ്കിലും അധ്യാപികയുടെ സസ്പെന്‍ഷന്‍ തുടരണമെന്നാണ് ആവശ്യം

Published

|

Last Updated

പാലക്കാട്|പാലക്കാട് കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി അര്‍ജുന്റെ കുടുംബം. നിലവിലെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെയെങ്കിലും അധ്യാപികയുടെ സസ്പെന്‍ഷന്‍ തുടരണമെന്നാണ് ആവശ്യം. അധ്യാപിക അനുകൂലമായി മൊഴി നല്‍കാന്‍ കുട്ടികളെ പ്രേരിപ്പിച്ചതായി അറിയാന്‍ സാധിച്ചുവെന്നും കുടുംബം പറയുന്നു. ഡിഡിഇയുടെ അധികാരം മറികടന്നാണ് ഡിഇഒയുടെ നടപടി എന്നും ഡിഇഒക്കെതിരെയും മാനേജ്മെന്റിനെതിരെയും നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

ക്ലാസ് ടീച്ചര്‍ അര്‍ജുനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ഥികളും കുടുംബവും ആരോപിച്ചിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സ്‌കൂളില്‍ നടന്നത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ക്ലാസ് അധ്യാപിക ആശയെയും അധ്യാപികയെ അനുകൂലിച്ചു സംസാരിച്ച പ്രധാന അധ്യാപിക ലിസിയെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

ഉന്നതതല അന്വേഷണം നടത്തി അധ്യാപികമാര്‍ കുറ്റക്കാരല്ലെന്ന് തെളിയും വരെ സസ്പെന്‍ഷന്‍ നീളും എന്നായിരുന്നു അന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നത്. ഇതിനിയ്ക്ക് പ്രധാന അധ്യാപിക സ്‌കൂളില്‍ തിരിച്ചെത്തി. ഡിഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് മാനേജ്മെന്റ് വിശദീകരണം. എന്നാല്‍ നിയമപ്രകാരം ഡിഡിഇ അനുമതി ഇല്ലാതെ നിര്‍ദേശം നല്‍കാന്‍ ഡിഇഒക്ക് അധികാരമില്ല. അത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഡിഡിഇ വ്യക്തമാക്കി. നടപടി ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സ്‌കൂളില്‍ പ്രതിഷേധം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞമാസം പതിനാലാം തീയതിയാണ് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ ജീവനൊടുക്കിയത്.

 

Latest