Kerala
മദ്യലഹരിയില്‍ അനുജനെ വെട്ടിയോടിയയാൾ മതില്‍ ചാടിക്കടക്കുന്നതിനിടെ കാല്‍വഴുതി വീണു മരിച്ചു
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ എര്‍ത്ത് ലൈനില്‍ നിന്ന് ഷോക്കേറ്റാണോ മരണമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

തിരുവല്ല | മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനുജനെ വെട്ടി രക്ഷപ്പെട്ടോടിയ ജ്യേഷ്ഠന്‍ പഞ്ചായത്ത് ഓഫീസിന്റെ മതില്‍ ചാടിക്കടക്കാനുളള ശ്രമത്തിനിടെ കാല്‍ വഴുതി വീണു മരിച്ചു. പെരിങ്ങര ചിറയില്‍ വീട്ടില്‍ സന്തോഷ് (43) ആണ് മരിച്ചത്. ഇളയ സഹോദരന്‍ സജീവനെ (39) വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയ ശേഷം ഓടുമ്പോള്‍ പെരിങ്ങര പഞ്ചായത്ത് ഓഫീസിന്റെ അഞ്ചരയടിയോളം പൊക്കമുള്ള മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം.
കാല്‍വഴുതി മുഖമടിച്ച് പഞ്ചായത്ത് ഓഫീസിന്റെ കോമ്പൗണ്ടിലേക്ക് വീഴുകയായിരുന്നു. ഇവിടെ മുട്ടറ്റമുള്ള വെള്ളക്കെട്ടിലേക്കാണ് സന്തോഷ് വീണത്. മദ്യലഹരിയായതിനാലും വീഴ്ചയുടെ ആഘാതത്തിലും മുഖത്തുണ്ടായ പരുക്കോ മുങ്ങിയോ ആകാം മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ എര്‍ത്ത് ലൈനില്‍ നിന്ന് ഷോക്കേറ്റാണോ മരണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണ കാരണം വ്യക്തമാകൂ എന്ന് പുളിക്കീഴ് എസ് ഐ കവിരാജ് പറഞ്ഞു.
സന്തോഷിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെട്ടുകൊണ്ട് ഇടതു ചെവിക്ക് ആഴത്തില്‍ മുറിവേറ്റ സജീവനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരിച്ച സന്തോഷ് ഓട്ടോ ഡ്രൈവറാണ്. മദ്യലഹരിയിൽ സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.