Connect with us

Kerala

സി പി എമ്മിന്റെത് ഏത് ചെകുത്താനുമായും കൂട്ടുകൂടുന്ന സമീപനം: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | യു ഡി എഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുന്ന സമീപനമാണ് സി പി എം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന് സി പി എം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. കോട്ടയത്തെയും ഈരാറ്റുപേട്ടയിലെയും നഗരസഭകളില്‍ ഇത് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.

കോട്ടയം നഗരസഭയില്‍ എല്‍ ഡി എഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഭരണ കക്ഷിയായ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഡി സി സി പ്രസിഡന്റ് നേരിട്ട് വിപ്പ് നല്‍കിയിട്ടുണ്ട്. യു ഡി എഫിനും എല്‍ ഡി എഫിനും തുല്യ അംഗങ്ങളാണ് നഗരസഭയിലുള്ളത- 22 വീതം. നഗരസഭയില്‍ എട്ട് പേരാണ് ബി ജെ പിക്കുള്ളത്. ഇത് ബി ജെ പി നിലപാട് നിര്‍ണായകമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ശേഷം യു ഡി എഫില്‍ തിരിച്ചെത്തിയ ബിന്‍സി സെബാസ്റ്റ്യന്‍ ആണ് നിലവിലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍. 52 അംഗ നഗരസഭയില്‍ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാവാന്‍ വേണ്ടത്.

അവിശ്വാസ പ്രമേയത്തില്‍ ബി ജെ പി ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന വാര്‍ത്തകളെ പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവ് അബ്ദുറബ്ബും രംഗത്തെത്തി. കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയില്‍ യു ഡി എഫിനെതിരെ എസ് ഡി പി ഐ ആയിരുന്നു സി പി എമ്മിന്റെ ഒക്കച്ചങ്ങായി എന്നും കോട്ടയത്ത് എത്തിയപ്പോള്‍ ഇത് ബി ജെ പിയായി എന്നത് മാത്രമാണ് വ്യത്യാസമെന്നും അബ്ദുറബ്ബ് പരിഹസിച്ചു.

Latest