Connect with us

National

ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയുടെ നിറം കാവി; രാജ്യം ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് അധികാരപ്പെട്ടതല്ലെന്ന് മമത ബാനര്‍ജി

ബി.ജെ.പി ഇന്ത്യന്‍ ടീമിനും കാവി നിറം നല്‍കുകയാണ്. കളിക്കാര്‍ ഇന്ന് കാവി നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞാണ് പ്രാക്ടീസ് ചെയ്യുന്നതെന്നും മമത

Published

|

Last Updated

കൊല്‍ക്കത്ത| ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉള്‍പ്പെടെ രാജ്യമാകെ കാവി വത്ക്കരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ക്രിക്കറ്റ് ടീമിന്റെ പരിശീലന ജേഴ്‌സിയുടെ നിറം കാവിയാക്കിയതിന് പിന്നാലെയാണ് മമതയുടെ പരാമര്‍ശം. ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനെ കുറിച്ച് അഭിമാനമുണ്ടെന്നും അവര്‍ ലോകകപ്പ് കീഴടക്കുമെന്ന വിശ്വാസമുണ്ടെന്നും മമത പറഞ്ഞു. ബി.ജെ.പി ഇന്ത്യന്‍ ടീമിനും കാവി നിറം നല്‍കുകയാണ്. കളിക്കാര്‍ ഇന്ന് കാവി നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞാണ് പ്രാക്ടീസ് ചെയ്യുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

മെട്രോ സ്റ്റേഷനുകള്‍ക്കും ബി.ജെ.പി കാവി നിറം നല്‍കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. അവര്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ അവര്‍ എല്ലാം കാവി വത്ക്കരിക്കുകയാണെന്നും മമത വ്യക്തമാക്കി. രാജ്യം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയിലെ ജനതക്ക് അധികാരപ്പെട്ടതല്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

മമതയുടെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ രംഗത്തെത്തി. മമതയുടെ പരാമര്‍ശം പ്രതികാരാത്മക സമീപനത്തിന്റെ പ്രതിഫലനമാണെന്ന് സിന്‍ഹ പ്രതികരിച്ചു. ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കേണ്ട ആവശ്യം പോലുമില്ല. കുറച്ച് ദിവസം കഴിഞ്ഞാല്‍ ദേശീയ പതാകയില്‍ എന്തിനാണ് കാവി നിറം എന്ന് വരെ ഇവര്‍ ചോദിക്കുമെന്നും സിന്‍ഹ പറഞ്ഞു.

 

 

Latest