Editorial
തേജസിന്റെ തകർച്ചയും ഊഹാപോഹങ്ങളും
രാഷ്ട്രീയ പ്രാധാന്യമുള്ള അപകടങ്ങളിൽ ഊഹാപോഹങ്ങൾ സാധാരണമാണ്. സമഗ്ര അന്വേഷണങ്ങളിലൂടെ മാത്രമേ യഥാർഥ കാരണം കണ്ടെത്താനാകൂ. ഖണ്ഡിതമായ തെളിവുകളെയും ശാസ്ത്രീയ പരിശോധനയെയും ആധാരമാക്കിയാകണം അന്വേഷണം.
വേദനാജനകമാണ് തേജസ് യുദ്ധവിമാനത്തിന്റെ തകര്‍ച്ച. അതിലേറെ ദുഃഖകരമാണ് പൈലറ്റ് വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ ദാരുണ മരണം. ധീരനായ ഒരു പൈലറ്റിനെയാണ് രാജ്യത്തിനു നഷ്ടമായത്. അന്താരാഷ്ട്ര വ്യോമയാന മേളയില്‍ എയറോബാറ്റിക് പ്രകടനം നടത്തുന്നതിനിടെ ദുബൈയിലാണ് ദാരുണ സംഭവം. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രധാന യുദ്ധവിമാനമാണ് തേജസ്. ബെംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സും(എച്ച് എ എല്‍) എയറോനോട്ടിക് ഡെവലപ്മെന്റ്ഏജന്‍സിയും (എ ഡി എ) ചേര്‍ന്ന് വികസിപ്പിച്ച തേജസ്, രാജ്യത്തെ ആദ്യ തദ്ദേശീയ യുദ്ധവിമാനമാണ്. ആയുധമേഖലയിലെ ഇന്ത്യയുടെ കരുത്തായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. 1985ല്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം തുടക്കം കുറിച്ച യുദ്ധവിമാന നിര്‍മാണച്ചുമതല പിന്നീട് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡിനു കൈമാറുകയായിരുന്നു. തകര്‍ച്ചയുടെ കാരണത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാച്ചിട്ടുണ്ട്.
തേജസ് യുദ്ധ വിമാനത്തിന്റെ രണ്ടര പതിറ്റാണ്ടിനിടയിലെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12ന് രാജസ്ഥാനിലെ ജയ്സല്‍മേറില്‍ അഭ്യാസ പ്രകടനത്തിനിടെ തേജസ് തകര്‍ന്നിരുന്നു. ഒരു കോളജ് ഹോസ്റ്റലിന്റെ മുറ്റത്ത് തകര്‍ന്നുവീണ വിമാനം പൂര്‍ണമായും കത്തിനശിച്ചു. ഓയില്‍ പമ്പിംഗിലെ തകരാര്‍ മൂലം എന്‍ജിന്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടതാണ് തകര്‍ച്ചക്കു കാരണമെന്നാണ് വിലയിരുത്തപ്പെട്ടത്. അന്ന് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്ത് ചാടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. ഇത്തവണ പൈലറ്റിന് പുറത്തുചാടാനായില്ല. എന്‍ജിന്‍ തകരാറ് മൂലം താഴോട്ട് പതിക്കുകയോ തകര്‍ന്നു വീഴുകയോ ചെയ്യുമ്പോള്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടാനുള്ള സീറോ ഇന്‍ജക്്ഷന്‍ സംവിധാനം തേജസ് വിമാനങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് എന്തുകൊണ്ട് അത് ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നത് ദുരൂഹമാണ്.കഴിഞ്ഞ വര്‍ഷത്തെ അപകടത്തിനു പിന്നാലെ എല്ലാ തേജസ് വിമാനങ്ങളിലും കര്‍ശന പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരുന്നു. എന്നിട്ടും തകര്‍ച്ച സംഭവിച്ചത് ആശങ്കാജനകമാണ്.
എണ്ണച്ചോര്‍ച്ചയാണ് അപകട കാരണമെന്ന് പ്രചാരണമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുന്ന ഈ പ്രചാരണത്തെ സൈന്യത്തില്‍ നിന്ന് വിരമിച്ച ചില ഉദ്യോഗസഥര്‍ പോലും പിന്തുണക്കുന്നു. അതേസമയം, ഘനീഭവിച്ച ജലം പുറന്തള്ളുന്ന സ്വഭാവിക നടപടി മാത്രമാണ് വിമാനത്തിനുണ്ടായതെന്നും ദുബൈ പോലുള്ള അന്തരീക്ഷ ആര്‍ദ്രത കൂടിയ പ്രദേശങ്ങളില്‍ വിമാനങ്ങള്‍ക്ക് ഈ പ്രക്രിയ സാധാരണമാണെന്നുമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. വിമാനത്തില്‍ ഒലിച്ചിറങ്ങുന്നതായി വീഡിയോയില്‍ കാണുന്ന ദ്രാവകം എണ്ണയല്ല. ഓക്സിജന്‍ ഉത്പാദന സംവിധാനങ്ങളില്‍ നിന്നുള്ള സാന്ദ്രീകൃത ജലമാണെന്നും കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നു. മറിച്ചുള്ള പ്രചാരണം തേജസ് വിമാനത്തിന്റെ സാങ്കേതികമായ വിശ്വാസ്യതയെ തകര്‍ക്കാന്‍ തത്പര കക്ഷികള്‍ പ്രചരിപ്പിക്കുന്നതാണെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ഉപയോഗത്തിനപ്പുറം കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട് തേജസ്. മലേഷ്യ, ഫിലിപ്പൈന്‍സ്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളുമായി തേജസ് വില്‍പ്പനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിമാനത്തിന്റെ സാങ്കേതിക നിലവാരക്കുറവ് സംബന്ധിച്ച പ്രചാരണത്തില്‍ ആഗോള ആയുധ കച്ചവട ലോബിയുടെ പങ്ക് സംശയിക്കപ്പെടുക സ്വാഭാവികം.
ലോകത്തെ ഏത് വിമാനത്തിനും മെക്കാനിക്കല്‍ തകരാറുകളും എന്‍ജിന്‍ പ്രശ്നങ്ങളും തകര്‍ച്ചയും സംഭവിക്കാം. അമേരിക്കയുടെ അഞ്ചാം തലമുറയില്‍ പെട്ട എഫ്35 പോലുള്ള യുദ്ധവിമാനങ്ങള്‍ നിരവധി തവണ തകര്‍ന്നു വീണിട്ടുണ്ട്. 2023-24 വര്‍ഷങ്ങളില്‍ എഫ്35 വിമാനത്തിന് രണ്ട് തവണ തകര്‍ച്ച സംഭവിച്ചു. ഈ വര്‍ഷം ആഗസ്റ്റ് 29ന് യു എസ് നിര്‍മിത എഫ് ആര്‍ സി ഫൈറ്റിംഗ് ഫാല്‍ക്കണ്‍ ഇനത്തില്‍ പെട്ട വിമാനം പോളണ്ടിലെ റാഡമില്‍ തകര്‍ന്നിരുന്നു. എയര്‍ഷോ പരിശീലനത്തിനിടെയായിരുന്നു തകര്‍ച്ച. ലോകപ്രശസ്തമായ എഫ്16 വിമാനങ്ങള്‍ക്ക് അമേരിക്ക, യൂറോപ്പ്, തെക്കുകിഴക്കനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ എയര്‍ബേസ് പരിശീലന വേളകളില്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റഷ്യയുടെ എസ് യു30 യുദ്ധവിമാനം 2022ലും 23ലും തകര്‍ന്നു വീണിരുന്നു. ഫ്രാന്‍സിന്റെ റാഫേല്‍ വിമാനം മെഡിറ്റേറിയന്‍ കടലിലും 2022ല്‍ ബ്രിട്ടന്റെ യുദ്ധ വിമാനം സ്പെയിനിലും തകര്‍ന്നു വീണു. 2016ല്‍ ഇസ്റാഈലിന്റെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. 2001ല്‍ ആദ്യ പറക്കല്‍ നടത്തിയ ശേഷമുള്ള തേജസിന്റെ അപകട നിരക്ക് മറ്റു വിമാനങ്ങളെ അപക്ഷിച്ച് കുറവാണ്.
അട്ടിമറി ആരോപിക്കപ്പെടുന്നുണ്ട് തേജസിന്റെ വീഴ്ചക്കു പിന്നില്‍. മത്സരം വര്‍ധിച്ച ആയുധ വിപണിയില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും ഇന്ത്യന്‍ വ്യോമസേനയോ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സോ അത്തരമൊരു സൂചന ഇതുവരെ നല്‍കിയിട്ടില്ല. എങ്കിലും അട്ടിമറി സാധ്യതയെ പാടേ നിരാകരിക്കുന്നുമില്ല. സാധ്യത പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. സൈനിക ഉപകരണങ്ങളില്‍ ഇതര രാഷ്ട്രങ്ങള്‍ ഇടപെട്ട സംഭവങ്ങള്‍ ധാരാളമുണ്ടെങ്കിലും വ്യോമയാന മേഖലയില്‍ യുദ്ധവേളകളിലല്ലാതെ വിമാനം തകര്‍ക്കുന്നതിനുള്ള ദുരുദ്ദേശ്യ ഇടപെടലിന്റെ തെളിവുകള്‍ ലഭിച്ചത് അപൂര്‍വമാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള അപകടങ്ങളില്‍ ഊഹാപോഹങ്ങള്‍ സാധാരണമാണ്. സമഗ്ര അന്വേഷണങ്ങളിലൂടെ മാത്രമേ യഥാര്‍ഥ കാരണം കണ്ടെത്താനാകൂ. ഖണ്ഡിതമായ തെളിവുകളെയും ശാസ്ത്രീയ പരിശോധനയെയും ആധാരമാക്കിയാകണം അന്വേഷണം. റിപോര്‍ട്ട് പുറത്തുവരുന്നത് വരെ ഊഹാപോഹങ്ങളോട് വിടപറയാം.




