Connect with us

Prathivaram

മനക്കരുത്തിന്റെ മലക്കയറ്റം

ആത്മധൈര്യത്തിന്റെ കരുത്തിൽ ഈ മനുഷ്യർ ചവിട്ടി പിന്നിട്ടത് ജീവിതത്തിന്റെ മഹായാനങ്ങൾ. ആ കഥകൾക്ക് കാതോർക്കുമ്പോൾ മനുഷ്യമനസ്സിന്റെ ദൃഢനിശ്ചയത്തെ തോൽപ്പിച്ച് മറികടക്കാവുന്ന ഒന്നും പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് നമ്മളും ഓർത്തുപോകുന്നു.

Published

|

Last Updated

മുറിച്ചു മാറ്റണമെന്ന് മഹാഭിഷഗ്വരന്മാർ തറപ്പിച്ചു പറഞ്ഞ ഒറ്റക്കാലിൽ ഉറച്ചു നിന്ന് വടക്കാഞ്ചേരി പത്താംകല്ല് തെക്കേപ്പുറത്തു വളപ്പിൽ അശ്റഫ് എന്ന നാട്ടിൻപുറത്തുകാരൻ തന്റെയീ മുപ്പത്തിയഞ്ചാം വയസ്സിനുള്ളിൽ കീഴടക്കിയത് ഗിരി പർവങ്ങൾ…ഹിമശൈലങ്ങൾ… തന്റെ സന്തത സഹചാരിയായ സൈക്കിളിലേറി ചവിട്ടി പിന്നിട്ടത് ജീവിതത്തിന്റെ മഹായാനങ്ങൾ. ആ കഥകൾക്ക് കാതോർക്കുമ്പോൾ മനുഷ്യമനസ്സുകളുടെ ദൃഢനിശ്ചയങ്ങളെ തോൽപ്പിച്ചു ജയിക്കാനാകുന്ന ഒന്നും പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് നമ്മളും ഓർത്തുപോകുന്നു.

ദുബൈയിലായിരുന്ന അശ്റഫ് തന്റെ പ്രവാസകാലത്തിനിടക്ക് നാട്ടിൽ വന്നുള്ള അവധിയാഘോഷത്തിന്റെ പാച്ചിലിൽ തന്റെ വലതു കാൽപ്പത്തി ചതഞ്ഞരഞ്ഞു പോകുമ്പോൾ സാധാരണഗതിയിൽ വേഗം ഹരമായ യൗവനം തളർന്നു വീഴാൻ അതൊരു മികച്ച കാര്യവും കാരണവുമാകേണ്ടതാണ്. പക്ഷേ, 2017ൽ നടന്ന ആ ദുരന്തത്തിന്റെ പേരിൽ തളർന്നിരിക്കാൻ അശ്റഫിന് ഒട്ടും മനസ്സുണ്ടായിരുന്നില്ല. ഒമ്പത് തവണ ശസ്ത്രക്രിയ നടത്തിയിട്ടും ശരിയാകാത്ത കാൽപ്പാദം മണ്ണിലമർത്തിച്ചവിട്ടി പിന്നീട് അശ്റഫ് ചുവട് വെച്ചത് ചരിത്രത്തിലേക്കായിരുന്നു. മൂന്ന് വർഷത്തോളം നിസ്സഹായനായി കിടന്നെണീറ്റ അശ്റഫ് തന്റെ പുതിയ സന്തതസഹചാരിയായ സൈക്കിളിൽ ചവിട്ടിക്കയറിയത് ലോകം വാഴ്ത്തിയ സാഹസങ്ങളിലേക്കായിരുന്നു. മഹാ പർവതങ്ങളുടെ ഉത്തുംഗശൃംഗങ്ങളിലേക്കായിരുന്നു.

കമ്പകൾ അതിജയിച്ച്…

‘ഉയർന്ന ചുരങ്ങളുടെ നാട്’ എന്ന് പേരിൽ തന്നെ അർഥമുൾക്കൊള്ളുന്ന ലഡാക്കിലെ ഉയർന്ന പർവതപ്പാതയായ കെല പാസിന്റെ നെറുകയിലേക്ക് സൈക്കിളിൽ സവാരിക്ക് ഒരുങ്ങുമ്പോൾ അശ്റഫിന് മുന്നിൽ എത്രമാത്രം കടമ്പകളുണ്ടായിരുന്നോ അതിനെയെല്ലാം അതിജയിക്കാൻ പാകത്തിൽ അതിന്റെ നൂറിരട്ടി മനക്കരുത്ത് അശ്റഫ് സ്വയം ആർജിച്ചെടുത്തിരുന്നു.

ഗതാഗത യോഗ്യമായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ, സമുദ്രനിരപ്പിൽ നിന്ന് 18,860 അടി ഉത്തരത്തിൽ സ്ഥിതി ചെയ്യുന്ന കെല പാസ്സിന്ന് മുകളിലേക്കുള്ള പ്രയാണത്തിനിടക്ക് ഏറെ യാതനകളും പ്രയാസങ്ങളും അശ്റഫിന് നേരിടേണ്ടി വന്നിട്ടുണ്ട്. ആറ് കിലോമീറ്ററോളം ദൈർഘ്യമുള്ള കുത്തനെയുള്ള കയറ്റം കയറി മുകളിലെത്താൻ രണ്ടര മണിക്കൂറിലേറെ സമയം എടുക്കേണ്ടതുണ്ട്.ചെങ്കുത്തായ കയറ്റത്തിനൊടുവിൽ സാഹസികമായ ഒരു തിരിച്ചിറക്കത്തിനും രണ്ടര മണിക്കൂറിലധികം സമയം വേണം. കനത്ത മഞ്ഞുവീഴ്ച കാരണം ആദ്യശ്രമം പാതിവഴിയിൽ അവസാനിച്ചുവെങ്കിലും സൈനികർ മാത്രം കടന്നുപോകുന്ന ‘കെല പാസ്സിലേക്ക്‌ ആദ്യമായെത്തുന്ന സൈക്കിളിസ്റ്റ്’ എന്ന ഖ്യാതി തന്റെ പേരിനൊപ്പം എഴുതി ചേർത്താണ് രണ്ടാമൂഴത്തിൽ അശ്റഫ് തന്റെ യാത്ര അവസാനിപ്പിച്ചത്.

ലഡാക്കിലെ കെല പാസ്സിന്റെ നെറുകയിലേക്ക് തന്റെ സവാരി ആരംഭിക്കും മുമ്പ് അശ്റഫ് ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ ഗതാഗത പാതയായ കർദുംഗ്‌ല കീഴടക്കി കഴിഞ്ഞിരുന്നു. 18,000 ത്തോളം അടി ഉയരമുള്ള കർദുംഗ്‌ല യാത്രയും അനുഭവങ്ങളും ചിരന്തനമായ കുറെ ഓർമകൾ സമ്മാനിച്ചുവെന്ന് അശ്റഫ് പറയുകയുണ്ടായി.

അപകടം നിറഞ്ഞ യാത്രകൾ ഹരമായ അശ്റഫിന്റെ സാധാരണ ജീവിതവും അപകട പരമ്പരകളാൽ സമ്പന്നമത്രെ. വലതു കാൽപ്പത്തി ചതഞ്ഞരഞ്ഞ ബൈക്ക് ആക്‌സിഡന്റ് ഉൾപ്പെടെ ഇരുപതോളം അപകടങ്ങളാണ് അശ്റഫിന് അഭിമുഖീകരിക്കേണ്ടി വന്നത്. അത്തരമൊരു ദുരന്തത്തിന്റെ പരിണതിയായിരുന്നു അദ്ദേഹത്തിന്റെ പ്രവാസത്തിന് വിരാമമിട്ടതും, ഒരുവേള ഇന്നെത്തി നിൽക്കുന്ന ഔന്നിത്യങ്ങളിലേക്ക് നിമിത്തമായതും. അബൂദബിയിൽ വെച്ച് തീ പൊള്ളലേറ്റതിനെ തുടർന്നാണ് അവിടെ കമ്പ്യൂട്ടർ എൻജിനീയറായിരുന്ന അശ്റഫ് തന്റെ ജോലി ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങിയത്. അപകടങ്ങളെ തുടർന്ന് മൂന്ന് വർഷത്തോളം കിടപ്പിലായിരുന്ന തന്റെ നിസ്സഹായാവസ്ഥയിൽ നിന്നാണ് അശ്റഫ് തന്റെ സാഹസിക യാത്രകളുടെ പരമ്പരകൾക്ക് സമാരംഭം കുറിക്കുന്നതെന്ന് അറിയുമ്പോൾ ഒരു ആദരവ് കലർന്ന അതിശയത്തോടെ മാത്രമേ നമുക്കത് കേട്ടിരിക്കാൻ ആകുന്നുള്ളൂ.

ചലനശേഷി നഷ്ടപ്പെട്ട വലതു കാൽപ്പാദവുമായി 4200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് അശ്റഫ് ആദ്യമായി ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നീടങ്ങോട്ട് അയാൾ ലക്ഷ്യം വെച്ചതത്രയും അതിസാഹസികതയുടെ ദൂരങ്ങളിലേക്കും കൈപ്പിടിക്കാനൊരാൾ കൂട്ട് വന്നാലും കീഴടക്കാനാകുമെന്ന് ഉറപ്പില്ലാത്ത കയറ്റങ്ങളിലേക്കുമായിരുന്നു. എല്ലാവിധ സൗകര്യങ്ങളും ഒരുക്കിവെച്ചാലും ഒരു സാധാരണ മനുഷ്യന്ന് അപ്രാപ്യമായ വഴിദൂരങ്ങളിലേക്കാണ് അശ്റഫ് എന്നും തന്റെ സൈക്കിൾ ചവിട്ടിക്കയറ്റാൻ ആഗ്രഹിക്കുന്നതും ഒരുങ്ങുന്നതും. കൃത്രിമക്കാലുകൾ നിർമിക്കുന്ന ഇൻലിവൻ പ്രോസ്തറ്റിക് കമ്പനി ഉടമ സതീഷ് വാരിയർ, യു എ ഇ യിലെ അശ്റഫ് കൂട്ടായ്മയിലെ അശ്റഫ് എന്നിവരുടെ മനം നിറഞ്ഞ പിന്തുണയും സാമ്പത്തിക സഹായവും തന്റെ ഈ യാത്രകൾക്ക് ആക്കം കൂട്ടിയതിൽ അവിഭാജ്യഘടകം തന്നെയാണെന്ന് അശ്റഫ് നന്ദിയോടെ സ്മരിക്കുന്നു.

നെഞ്ചുറപ്പുള്ള പഥികൻ

ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള ദ്രാസ്സ്, ഏറ്റവും അപകട മേഖലയായി കണക്കാക്കപ്പെടുന്ന സോജിലാ ചുരം എന്നിവയെല്ലാം തന്റെ സൈക്കിളിൽ കീഴടക്കിയാണ് അശ്റഫ് കെലയിൽ എത്തിയത്. ലോകത്തിൽ ഏറ്റവും അപകടം നിറഞ്ഞ ക്ലിഫ്‌ഹാംഗർലൂടെ തന്റെ സൈക്കിളിലേറി ഒരു സവാരി നടത്തണമെന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്ന് അശ്റഫ് പറയുമ്പോൾ അത് കേവലമൊരു പകൽക്കിനാവല്ലെന്നും മനസ്സ് കൊണ്ട് യാത്രക്ക് ഭാണ്ഡമൊരുക്കിയ നെഞ്ചുറപ്പുള്ള ഒരു പഥികന്റെ മുറ തെറ്റാനിടയില്ലാത്ത പ്രതിജ്ഞയാണെന്നും തിരിച്ചറിയാൻ അശ്റഫ് നടത്തിയ യാത്രകളെ കുറിച്ച് ഒറ്റ വരിയിൽ ഒന്നോർത്തെടുത്താൽ മാത്രം മതിയാകും.
പ്രതിവാരത്തിന് വേണ്ടി അശ്റഫുമായി ബന്ധപ്പെടുമ്പോൾ 19,300 അടി ഉയരമുള്ള ഉമിംഗ് ലാ പാസ്സിലൂടെ സൈക്കിൾ സവാരിക്കുള്ള സൈനികാനുമതിക്കായുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹം.

നേട്ടങ്ങളുടെ ചുരങ്ങൾ താണ്ടി തിരിച്ചിറങ്ങുമ്പോൾ, നിലത്തൂന്നാൻ കരുത്തുണ്ടാകില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ തന്റെ കാൽപാദങ്ങൾ അയാൾ ഉറപ്പിച്ചു നിർത്തുന്നത് പുതിയ ഉയരങ്ങളിലേക്കാണ് എന്നത് അത്ഭുതത്തോടെയല്ല വായിച്ചു തീർക്കേണ്ടത്. പകരം അപകടങ്ങൾക്കൊന്നും ചതച്ചരയ്ക്കാൻ പാകത്തിൽ നിന്ന് കൊടുക്കില്ലെന്ന് ദൃഢനിശ്ചയമെടുത്ത മനുഷ്യമനസ്സുകളുടെ പോരാട്ടവീര്യങ്ങൾക്കുള്ള ഉദാഹരണങ്ങളായാണ്, അശ്റഫിനെയും അയാളുടെ ജീവിതയാത്രകളെയും നാം കാണേണ്ടത്. അശ്റഫിനെ കുറിച്ചുള്ള കഥകൾ ഇവിടെ അവസാനിക്കുന്നില്ല, അദ്ദേഹം യാത്ര തുടരട്ടെ. പുതിയ വഴിദൂരങ്ങൾ പിന്നിടുമ്പോൾ കാലം മുന്നിൽ പുതിയ ചരിതങ്ങൾ രചിക്കട്ടെ.

.