Connect with us

ഫെഡറൽ

നാഗാധിപത്യം

ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത് അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടതാണ്. മതംമാറ്റ വിവാദങ്ങൾ, മണിപ്പൂർ, സി എ എ, ബീഫ്, ക്രിസ്ത്യാനികൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്രമങ്ങൾ എന്നിവയെല്ലാം സംസ്ഥാനത്ത് ചർച്ചയാകും

Published

|

Last Updated

വിമതർ ഇനിയും ആയുധം താഴെവെച്ചിട്ടില്ലാത്ത, മ്യാന്മറുമായി അതിർത്തി പങ്കിടുന്ന, ഗോത്രവിഭാഗങ്ങൾ ധാരാളമുള്ള വടക്കുകിഴക്കൻ സംസ്ഥാനമാണ് നാഗാലാൻഡ്. ബ്രിട്ടീഷുകാരെ വിറപ്പിച്ച നാഗകളുടെ നാടാണിത്. 20 ലക്ഷത്തോളം ജനസംഖ്യയുള്ള സംസ്ഥാനത്ത് ഒരു ലോക്‌സഭാ മണ്ഡലമാണുള്ളത്. സംസ്ഥാനം ഭരിക്കുന്ന നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടി (എൻ ഡി പി പി)യുടെ തോഖെഹോ യെപ്‌തോമിയാണ് സിറ്റിംഗ് എം പി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി പി പി- ബി ജെ പി സഖ്യം വിജയിക്കുകയും ഭരണം നിലനിർത്തുകയും ചെയ്തു. നീഫ്യൂ റിയോ മുഖ്യമന്ത്രിയായി. ഏറ്റവും കൂടുതൽ കാലം നാഗാലാൻഡ് മുഖ്യമന്ത്രിയെന്ന റെക്കോർഡും അദ്ദേഹത്തിനാണ്.

സംസ്ഥാന രാഷ്ട്രീയ ഭൂപടത്തിന്റെ അതിരുകൾ പുതുക്കി അടയാളപ്പെടുത്തുന്നതായി നിയമസഭാ തിരഞ്ഞെടുപ്പ്. നാഗാലാൻഡിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ നാഗാ പീപിൾസ് ഫ്രണ്ട് (എൻ പി എഫ്) നാമാവശേഷമായി എന്നതാണ് അതിലൊന്ന്. എൻ പി എഫ് വിമതരാണ് എൻ ഡി പി പി രൂപവത്കരിച്ചത് തന്നെ. എൻ പി എഫിൽ നീഫ്യൂ റിയോയെ പിന്തുണച്ചിരുന്ന വിമതർ 2017ൽ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടി രൂപവത്കരിച്ചു. ആ വർഷം ഒക്‌ടോബറിലാണ് നാഷനലിസ്റ്റ് എന്ന് കൂട്ടിച്ചേർക്കുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പിയുമായുള്ള ബന്ധം എൻ പി എഫ് വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് റിയോ എൻ ഡി പി പിയിൽ ചേർന്നു. തൊട്ടുപിന്നാലെ എൻ പി എഫിലെ പത്ത് എം എൽ എമാരും എൻ ഡി പി പിയിലെത്തി. ആ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി പി പിയും ബി ജെ പിയും ഒന്നിച്ച് മത്സരിച്ച് ഭരണത്തിലേറി. 25.2 ശതമാനം വോട്ടോഹരിയോടെ 18 സീറ്റ് എൻ ഡി പി പി നേടി.

2022ൽ എൻ പി എഫിലെ 21 എം എൽ എമാർ കൂടി എൻ ഡി പി പിയിലെത്തി. ഇതോടെ എൻ ഡി പി പി കരുത്തുറ്റതാകുകയും രണ്ട് പതിറ്റാണ്ടിലേറെ നാഗാ രാഷ്ട്രീയത്തിൽ മേധാവിത്വം പുലർത്തിയിരുന്ന എൻ പി എഫ് ക്ഷയോന്മുഖമാകുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ ഡി പി പി 25 സീറ്റുകളും ബി ജെ പി 12 സീറ്റുകളും നേടി. എൻ പി എഫ് വെറും രണ്ടിലൊതുങ്ങി. എൻ പി പി എന്ന പാർട്ടി അഞ്ച് സീറ്റുകളാണ് നേടിയത്. നാഷനലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ സി പി) ഏഴും രാം വിലാസ് പാസ്വാന്റെ എൽ ജെ പി, ആർ പി ഐ (അത്താവ്‌ലെ) രണ്ട് വീതവും ജെ ഡി യും ഒന്നും സ്വതന്ത്രർ നാലും സീറ്റ് നേടി. 2018ൽ മത്സരിച്ച എ എ പി ഇത്തവണ സ്ഥാനാർഥിയെ നിർത്തിയില്ല. ഒരു കാലത്ത് സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്ന കോൺഗ്രസ്സാകട്ടെ സംപൂജ്യരായി. ഫലം വന്നയുടനെ എം എൽ എമാരുള്ള എല്ലാ പാർട്ടികളും എൻ ഡി പി പി- ബി ജെ പി സഖ്യ സർക്കാറിന് പിന്തുണ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ അശ്ലീലത്തിനും നാഗാലാൻഡ് സാക്ഷിയായി. ഫലത്തിൽ പ്രതിപക്ഷമില്ലാത്ത സ്ഥിതിയാണ് ഇതിലൂടെ സംജാതമാകുക. ജനാധിപത്യ വ്യവസ്ഥക്ക് ഗുരുതര പരുക്കേൽപ്പിക്കുന്ന സംഗതി കൂടിയാണിത്. ബി ജെ പി സഖ്യ സർക്കാറിന് പിന്തുണ നൽകില്ലെന്ന് ജനങ്ങൾ വിശ്വസിക്കുന്ന കോൺഗ്രസ്സിനാകട്ടെ ഒരു എം എൽ എയെ പോലും ലഭിച്ചതുമില്ല.

നാഗാ പ്രശ്‌നം

പ്രത്യേക നാഗാ രാജ്യത്തിനായി വർഷങ്ങളായി ആയുധമേന്തിയ വിമതരും നാഗാലാൻഡിന്റെ രാഷ്ട്രീയ ശരീരത്തിൽ ചില സ്വാധീനങ്ങൾ ചെലുത്തുന്നുണ്ട്. അയൽ സംസ്ഥാനങ്ങളും മ്യാന്മറിന്റെ ഭാഗങ്ങളും ചേർത്ത് നാഗാലിം (ഗ്രേറ്റർ നാഗാലാൻഡ്) സ്ഥാപിക്കണമെന്നാണ് വിമതരുടെ ആവശ്യം. 1947 ആഗസ്റ്റ് 14ന് അംഗാമി സാപു ഫിസോയുടെ നേതൃത്വത്തിലുള്ള നാഗാ നാഷനൽ കൗൺസിൽ (എൻ എൻ സി) എന്ന വിമത സംഘം നാഗാലാൻഡ് സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചിരുന്നു.

1952ൽ ഫിസോ നാഗാ സർക്കാറും സൈന്യവും സംവിധാനിച്ചെങ്കിലും ഇന്ത്യൻ സൈന്യം അതെല്ലാം തകർത്തു. അന്ന് മുതൽ നാഗാലാൻഡിൽ അഫ്‌സ്പയെന്ന സൈന്യത്തിനുള്ള വിശേഷാധികാരമുണ്ട്. ഇതിനു ശേഷം വ്യത്യസ്ത നാഗാ വിമതർ പലപ്പോഴായി ആക്രമണങ്ങൾ നടത്താറുണ്ട്. 21ാം നൂറ്റാണ്ടോടെ ആക്രമണങ്ങളിൽ താരതമ്യേന കുറവുണ്ടായെങ്കിലും 2021ൽ ഇവർ വീണ്ടും തലപൊക്കാനിടയായ സംഭവം അവിടെയുണ്ടായി. കൽക്കരി ഖനികളിലെ ജോലി കഴിഞ്ഞ് കരിപുരണ്ട ശരീരവുമായി വീടുകളിലേക്ക് പോകുകയായിരുന്ന 14 പേരെ സൈന്യം വെടിവെച്ച് കൊന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി. അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം വീണ്ടുമുയർന്നു.

കേന്ദ്ര സർക്കാറുകൾ വ്യത്യസ്ത നാഗാ ഗ്രൂപ്പുകളുമായി ചർച്ചകൾ തുടങ്ങിവെക്കാറുണ്ടെങ്കിലും സമ്പൂർണ ഉടമ്പടിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. നിലവിൽ ആറ് വിമത ഗ്രൂപ്പുകളാണുള്ളത്. ഇവരെല്ലാവരും കരാർ വ്യവസ്ഥകളെ ഒരുപോലെ അംഗീകരിക്കാത്തതും സമാധാനം അകലെയാക്കുന്നു. മോദി സർക്കാറും ചർച്ച തുടങ്ങിവെച്ചിട്ടുണ്ട്. ഇതുവരെ സമ്പൂർണ പരിഹാരത്തിലേക്ക് എത്തിക്കാനായിട്ടില്ല. ഓരോ തിരഞ്ഞെടുപ്പിലും സമാധാന ചർച്ചയുടെയും ഒപ്പുവെക്കലിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് ജനവികാരം തങ്ങൾക്ക് അനുകൂലമാക്കുന്ന തന്ത്രമാണ് ഈ വിഷയത്തിൽ ബി ജെ പി സ്വീകരിച്ചത്. ഗോത്ര വിഭാഗങ്ങളുടെ മനസ്സ് തങ്ങൾക്കൊപ്പമാക്കാൻ ഇതിലൂടെ ബി ജെ പിക്ക് സാധിക്കുന്നു. പുതിയ പ്രദേശങ്ങളിലേക്ക് കടന്നുകയറാനുള്ള പ്രായോഗികതയാണ് അവർ സ്വീകരിക്കുന്നത്.
ഏക പാർലിമെന്റ്മണ്ഡലത്തിൽ ഇപ്രാവശ്യവും എൻ ഡി പി പിക്കാണ് മേൽക്കൈ. എൻ ഡി പി പിയുടെ ചുംബെൻ മേരിയാണ് സ്ഥാനാർഥി. കോൺഗ്രസ്സിന്റെ എസ് സുപോംഗ്‌മെരൻ ജാമിർ മത്സരരംഗത്തുണ്ട് 1999ലാണ് ഒടുവിൽ കോൺഗ്രസ്സ് പാർലിമെന്റ്തിരഞ്ഞെടുപ്പിൽ ജയിച്ചത്. 2004 മുതൽ 2018ലെ ഉപതിരഞ്ഞെടുപ്പ് വരെ എൻ പി പി എഫ് ആയിരുന്നു വിജയികൾ. അതിന് ശേഷം എൻ ഡി പി പിയും.

ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത് അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടതാണ്. മതംമാറ്റ വിവാദങ്ങൾ, മണിപ്പൂർ, സി എ എ, ബീഫ്, ക്രിസ്ത്യാനികൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്രമങ്ങൾ എന്നിവയെല്ലാം സംസ്ഥാനത്ത് ചർച്ചയാകും. ഇതിന്റെയെല്ലാം പ്രതിസ്ഥാനത്ത് ബി ജെ പിയും സംഘ്പരിവാറും ആണെങ്കിലും എൻ ഡി പി പി എന്ന ശക്തമായ പ്രാദേശിക വേരുകളുള്ള പാർട്ടിയോട് ഒട്ടിനിന്ന് അത്തരം വിവാദങ്ങളെയെല്ലാം ബി ജെ പി മറികടക്കുകയാണ്.

Latest