Connect with us

National

പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാനാകില്ല, തമിഴ്നാട്ടില്‍ നടപ്പാക്കരുത്; വിജയ്

തമിഴ്നാട്ടില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Published

|

Last Updated

ചെന്നൈ|പൗരത്വ ഭേദഗതി വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതോടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സിഎഎ പോലുള്ള നിയമം നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ് പറഞ്ഞു. സിഎഎ പോലുള്ള നിയമംകൊണ്ട് സാമൂഹിക ഐക്യം നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പുണ്ടാകുമെന്നും വിജയ് പ്രതികരിച്ചു.

തമിഴ്നാട്ടില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ നിയമം നടപ്പാക്കുന്നില്ലെന്ന് നേതാക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു.

ആഭ്യന്തരമന്ത്രാലയമാണ് ആദ്യ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നുവെങ്കിലും കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നടപടികള്‍ കേന്ദ്രം വൈകിപ്പിക്കുകയായിരുന്നു. ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്നലെ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിജ്ഞാപനം ഇറക്കിയതോടെ രാജ്യത്ത് പൗരത്വ നിയമം നിലവില്‍ വന്നു.

പൗരത്വത്തിനായി അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമാകും. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാര്‍ക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക. രേഖകളില്ലാത്തവര്‍ക്ക് ദീര്‍ഘകാല വിസ നല്‍കുന്നതിന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടാവുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2019 ഡിസംബര്‍ 11-നാണ് പാര്‍ലമെന്റ് പൗരത്വനിയമം പാസാക്കിയത്. മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ അന്ന് രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അതേ സമയം നിയമം നടപ്പാക്കില്ലെന്ന് കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക നീക്കം.

 

 

 

 

Latest