Connect with us

central cabinet

ഭരണം മെച്ചപ്പെടുത്താൻ മന്ത്രിമാരെ എട്ട് സംഘമാക്കി കേന്ദ്രം

ഒരു ഗ്രൂപ്പിൽ ഒന്പതോ പത്തോ മന്ത്രിമാർ

Published

|

Last Updated

ന്യൂഡൽഹി | ഭരണനിർവഹണം കാര്യക്ഷമവും മികച്ചതുമാക്കാൻ മന്ത്രിമാരുടെ വിവിധ ഗ്രൂപ്പുകൾക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ വികസനത്തിന് ശേഷം നടന്ന സമ്പൂർണ മന്ത്രിസഭാ യോഗങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണിത്.

ജൂനിയർ മന്ത്രിമാരടക്കം മന്ത്രിസഭയിലെ 77 പേരെയും എട്ട് സംഘങ്ങളാക്കി തിരിച്ചാണ് ‘റിസോഴ്സ് ബേങ്ക്’ തയ്യാറാക്കുന്നത്. ഓരോ ഗ്രൂപ്പിലും ഒന്പതോ പത്തോ മന്ത്രിമാരുണ്ടാകും.

ഒരു മന്ത്രിക്കാകും ഗ്രൂപ്പിന്റെ ഏകോപന ചുമതല. ഓരോ മേഖലയിലെയും വിദഗ്ധരെ അതതു ടീമുകളിലേക്ക് എടുക്കുകയും ഭരണനിർവഹണത്തിന് ഉപയോഗപ്പെടുത്തുകയുമാണ് ലക്ഷ്യം. ഓരോ വകുപ്പിലും നടപ്പാക്കിയ മികവിന്റെ മാതൃകകൾ മറ്റിടങ്ങളിൽ പരീക്ഷിക്കാൻ ഇതുവഴി സാധിക്കുമെന്ന് വിലയിരുത്തുന്നു.

വിവിധ മേഖലകളിലെ ചെറുപ്പക്കാരായ പ്രൊഫഷനലുകളുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും നൂതന സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ഭരണം മെച്ചപ്പെടുത്താനുള്ള ആശയം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമ്പൂർണ മന്ത്രിസഭാ യോഗം നേരത്തേ ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കർ ഓം ബിർലയും പങ്കെടുത്തിരുന്നു.

ഭരണനിർവഹണവുമായി ബന്ധപ്പെട്ട വ്യക്തികളുടെ കാര്യക്ഷമത വർധിപ്പിക്കൽ, പരിപാടികൾ നടപ്പാക്കൽ, വകുപ്പുകളുടെ കാര്യക്ഷമമായ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ സമ്പൂർണ യോഗങ്ങളിൽ ചർച്ച ചെയ്തു. പല മന്ത്രിമാരും നടപ്പാക്കിയ പുതിയ രീതികൾ യോഗത്തിൽ വിശദീകരിച്ചു.

മന്ത്രിമാർക്ക് കൂടുതൽ ഇടപെടലുകൾ നടത്താനുദ്ദേശിച്ചാണ് പ്രൊഫഷനലുകളെ ഉൾപ്പെടുത്തിയുള്ള പരിഷ്കാരം എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. സംസ്ഥാനങ്ങൾ, ജില്ലകൾ, വകുപ്പുകൾ എന്നിവയുടെ പ്രൊഫൈൽ തയ്യാറാക്കി വികസന പദ്ധതികൾ നടപ്പാക്കും.

മികച്ച സേവനത്തിന് ശേഷം വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്ന് പ്രതികരണങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ പോർട്ടലും തയ്യാറാക്കും.

Latest