Connect with us

Kozhikode

'ബഷീര്‍ ബല്ല്യൊരു ലോകം' കാമ്പയിന്‍ സമാപിച്ചു

ജൂലൈ ഒന്ന് മുതല്‍ അഞ്ചുവരെ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്ന കാമ്പയിന്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

പൂനൂര്‍ | ബഷീര്‍ ദിനത്തോടനുബന്ധിച്ച് ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥി യൂണിയന്‍ നാദി ദഅ്‌വ ‘ബഷീര്‍: ബല്ല്യൊരു ലോകം’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ സാഹിത്യ കാമ്പയിന്‍ സമാപിച്ചു. ജൂലൈ ഒന്ന് മുതല്‍ അഞ്ചുവരെ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്ന കാമ്പയിന്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. ഭാഷയിലും ജീവിതത്തിലും മാനുഷിക മൂല്യങ്ങള്‍ക്കും ഇതരജീവികള്‍ക്കും വളരെ പ്രാധാന്യം കല്‍പിച്ച എഴുത്തുകാരനായിരുന്നു ബഷീറെന്നും അദ്ദേഹം ഭാഷക്കകത്ത് അവയെല്ലാം സ്‌റ്റൈലായി ഒളിപ്പിച്ചു വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘സുല്‍ത്താന്റെ ദുനിയാവ്, ഒരു കലാക്രമം’ എന്ന നാമത്തില്‍ സാഹിത്യ കലാപ്രദര്‍ശനവും, ബേപ്പൂരിനൊരു കത്ത്, ഒരു ഗഡാഗഡിയന്‍ നിരൂപണം, മാങ്കോസ്റ്റിന്‍ ചര്‍ച്ച, ബഷീറിനൊരു കത്ത്, പുസ്തക നിരൂപണം, സാഹിത്യ ചര്‍ച്ച എന്നിവ സംഘടിപ്പിച്ചു. ബഷീറിയന്‍ അര്‍ഥവിചാരങ്ങള്‍ എന്ന വിഷയത്തില്‍ യുവ എഴുത്തുകാരന്‍ ഇഹ്ജാസ് അബ്ദുല്ല നൂറാനി വിദ്യാര്‍ഥികളുമായി സംവദിച്ചു.

കാമ്പയിന്‍ ഭാഗമായി ‘നല്ല ചെത്ത് പുസ്തകങ്ങള്‍’ എന്ന പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ബഷീറിന്റെ മുഴുവന്‍ പുസ്തകങ്ങളും ലഭ്യമാക്കി. സമാപന വേദിയില്‍ ബഷീര്‍ രചനകളും സാഹിത്യവും പ്രമേയമാക്കി വിദ്യാര്‍ഥികള്‍ തയാറാക്കിയ മാഗസിന്‍ പ്രകാശനം നടത്തി. മലയാള സമിതി ചീഫ് മുബഷിര്‍ പൊന്നാനി സ്വാഗതവും മിസ്അബ് മുസ്തഫ നന്ദിയും അറിയിച്ചു.

 

Latest