Uae
വരുന്നത് ഏറ്റവും കൂടുതൽ തിരക്കുള്ള വേനൽക്കാലം
ജൂണിൽ യു എ ഇ വിമാനക്കമ്പനികൾ ആരംഭിക്കുന്നത് 50 പുതിയ റൂട്ടുകൾ

ദുബൈ|വേനൽക്കാല യാത്രാ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി യു എ ഇയിലെ വിമാനക്കമ്പനികൾ ഈ മാസം ഏകദേശം 50 പുതിയ റൂട്ടുകൾ ആരംഭിക്കുന്നു. ഏറ്റവും കൂടുതൽ തിരക്കുള്ള വേനൽക്കാലമാണ് വരാനിരിക്കുന്നത്. യു എ ഇയെയും ജി സി സി മേഖലയെയും ആഗോള വ്യോമയാന കേന്ദ്രമെന്ന ഖ്യാതി വർധിപ്പിക്കുന്നതാണ് ഈ നീക്കം. എമിറേറ്റ്‌സ്, ഫ്ലൈ ദുബൈ, ഗൾഫ് എയർ, വിസ് എയർ അബൂദബി തുടങ്ങിയ വിമാനക്കമ്പനികൾ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ തുടങ്ങുന്നതോടെ യാത്രക്കാർക്ക് കൂടുതൽ വിമാന യാത്രാ സൗകര്യങ്ങൾ ലഭ്യമാകും.
ഏവിയേഷൻ വീക്ക് റിപ്പോർട്ട് അനുസരിച്ച്, എമിറേറ്റ്‌സ് ബാങ്കോക്കിലേക്ക് ആഴ്ചയിൽ നാല് തവണ സർവീസ് ആരംഭിച്ചു. എയർ അറേബ്യ അബൂദബി, അൽമാട്ടിയിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നു. ഫ്ലൈ ദുബൈ ജൂൺ അഞ്ച് മുതൽ അന്റാലിയയിലേക്ക് ദിവസവും സർവീസ് ആരംഭിച്ചു. വിസ് എയർ അബൂദബി ജൂൺ നാല് മുതൽ ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ പറന്നു തുടങ്ങും. ഇത്തിഹാദ് എയർവേയ്സ് വാർസോയിലേക്കും സർവീസ് ആരംഭിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിൽ നിന്നുള്ള പ്രധാന വിമാനക്കമ്പനികളും പുതിയ റൂട്ടുകൾ ആരംഭിക്കുന്നുണ്ട്. ഖത്വർ എയർവേയ്സ് ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ വിർജിൻ ഓസ്ട്രേലിയയിൽ 25 ശതമാനം ഓഹരി സ്വന്തമാക്കിയതിന് പിന്നാലെ സിഡ്നി, ബ്രിസ്ബേൻ, പെർത്ത് എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കും. സഊദിയ ജിദ്ദയിൽ നിന്ന് വെനീസിലേക്കും റോയൽ എയർ മറോക്ക് കാസബ്ലാങ്കയിൽ നിന്ന് ലണ്ടനിലേക്കും കുവൈത്തിലെ ജസീറ സോച്ചിയിലേക്കും ഗൾഫ് എയർ ബഹ്റൈനിൽ നിന്ന് നെയ്റോബിയിലേക്കും ഫ്ലൈഡീൽ റിയാദിൽ നിന്ന് സലാലയിലേക്കും പുതിയ സർവീസുകൾ തുടങ്ങും. കൂടാതെ എ
ത്യോപ്യൻ എയർലൈൻസ് അഡിസ് അബാബയിൽ നിന്ന് ഹൈദരാബാദിലേക്കും, റോയൽ ജോർദാനിയൻ അമ്മാനിൽ നിന്ന് മുംബൈയിലേക്കും പുതിയ വിമാന സർവീസുകൾ ഈ മാസം ആരംഭിക്കും.