Kerala
വിശ്വാസികള്‍ വിതുമ്പി; കുറാ തങ്ങള്‍ക്ക് യാത്രാമൊഴിയുമായി ഒഴുകിയെത്തി ആയിരങ്ങള്‍
എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരും, പ്രവര്‍ത്തകരും സ്വയം സേവനം ഏറ്റെടുത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു. പയ്യന്നൂര്‍, പഴയങ്ങാടി സ്റ്റേഷനുകളിലെ പോലീസും ജനത്തിരക്ക് നിയന്ത്രിച്ചു.
		
      																					
              
              
            കാസര്‍കോട് | വിട പറഞ്ഞ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങളുടെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ വിശ്വാസികള്‍ വിതുമ്പി. ഞായറാഴ്ച രാത്രി കാഞ്ഞങ്ങാട് കമ്മാടത്ത് ഒരു പരിപാടി കഴിഞ്ഞ് എട്ടിക്കുളത്ത് എത്തിയതായിരുന്നു തങ്ങള്‍. പതിവ് പോലെ ഇന്നലെ സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് ഉള്ളാളത്ത് നടക്കുന്ന ഒരു പരിപാടിയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അപ്രതീക്ഷിത വേര്‍പാട്.
10 മണിയോടെ ആ വാര്‍ത്ത കാട്ടുതീ പോലെ പരന്നു. ഇതോടെ ആയിരങ്ങള്‍ എട്ടിക്കുളത്തേക്ക് ഒഴുകിയെത്തി. എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരും, പ്രവര്‍ത്തകരും സ്വയം സേവനം ഏറ്റെടുത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു. പയ്യന്നൂര്‍, പഴയങ്ങാടി സ്റ്റേഷനുകളിലെ പോലീസും ജനത്തിരക്ക് നിയന്ത്രിച്ചു. വൈകിട്ട് 5.45ന് മയ്യിത്ത് എട്ടിക്കുളത്ത് നിന്ന് ജാമിഅ സഅദിയ്യയിലേക്ക് കൊണ്ടുപോയി. അവിടെ ജനാസ നിസ്‌കാരത്തിന് ശേഷം രാത്രി വൈകി മംഗലാപുരത്തെ കുറത്തിലേക്ക് കൊണ്ടുപോകുന്ന ജനാസ അവിടെ ഖബറടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായിരുന്നു സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ എന്ന കുറാ തങ്ങള്‍. താജുല്‍ ഉലമ മര്‍ഹൂം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരി തങ്ങളുടെ മകന്‍. വടക്കന്‍ കേരളത്തിലും ദക്ഷിണ കര്‍ണാടകയിലും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സദാ ഓടി നടന്ന തങ്ങള്‍ പതിനായിരങ്ങള്‍ക്ക് അത്താണിയുമായിരുന്നു.
പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കിയ തങ്ങള്‍, പിതാവിന്റെ വിയോഗത്തോടെ ഉള്ളാള്‍ മഹല്ല് ഖാസിയായി ചുമതലയേറ്റു. ഇതോടൊപ്പം കര്‍ണാടകയിലെയും കാസര്‍കോട്ടെയും നൂറോളം മഹല്ലുകളിലും തങ്ങള്‍ ഖാസിയായിരുന്നു. കര്‍ണാടകയിലെ പുത്തൂരിനടുത്തുള്ള കുറാത്ത് പ്രദേശത്ത് നിരവധി വര്‍ഷമായി ദര്‍സ് നടത്തിയത് കാരണമാണ് കുറാ തങ്ങളെന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടത്.
സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷണല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും തങ്ങള്‍ വഹിച്ചിരുന്നു. അല്‍ ഖിദ്മതുസ്സുന്നിയ്യ അവാര്‍ഡ്, ജാമിഅ സഅദിയ്യ ബഹ്റൈന്‍ കമ്മിറ്റി അവാര്‍ഡ്, ശൈഖ് സയ്യിദ് ഇസ്മാഈല്‍ ബുഖാരി അവാര്‍ഡ്, മലേഷ്യ മലബാരി മുസ്ലിം ജമാഅത്ത് അവാര്‍ഡ് തുടങ്ങി വിവിധ അംഗീകാരങ്ങളും തങ്ങളെ തേടിയെത്തിയിട്ടുണ്ട്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



