Ongoing News
പിന്തുണച്ചവര്‍ക്കെല്ലാം നന്ദി; വിരമിക്കല്‍ പ്രഖ്യാപിച്ച് മലിംഗ

കൊളംബോ | ലോകത്തെ മികച്ച പേസര്‍മാരിലൊരാളായ ശ്രീലങ്കയുടെ ലസിത് മലിംഗ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഇതിഹാസ താരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച മലിംഗ ഭാവിയില്‍ യുവ താരങ്ങളെ പരിശീലിപ്പിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി.
വ്യത്യസ്തവും അപൂര്‍വവുമായ ബൗളിംഗ് ആക്ഷന്‍ കൊണ്ടാണ് മലിംഗ ക്രിക്കറ്റ് പ്രേമികളെ കൈയിലെടുത്തത്. കണിശവും കൃത്യവുമായ യോര്‍ക്കറുകള്‍ കൊണ്ട് അദ്ദേഹം കാണികളുടെ കൈയടി നേടി. ഏകദിനങ്ങളിലും ടി ട്വന്റിയിലുമാണ് താരം കൂടുതല്‍ തിളങ്ങിയത്. 2014 ടി ട്വന്റി ലോകകപ്പില്‍ ശ്രീലങ്കയെ ജേതാക്കളാക്കാനും താരത്തിനു സാധിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് തവണ തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റെടുത്ത് ഡബിള്‍ ഹാട്രിക്ക് നേടിയ ഒരേയൊരു താരമാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകള്‍ നേടിയ ഒരേയൊരു താരവും മലിംഗയാണ്. ഏകദിനത്തില്‍ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ച് ഹാട്രിക്കുകള്‍ തികച്ച ആദ്യ താരം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ഹാട്രിക്കുകളുള്ള താരം എന്നീ റെക്കോഡുകളും ലസിത് മലിംഗക്ക് സ്വന്തം.
2011 ഏപ്രില്‍ 22ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 2019 ജൂലൈ 26ന് ഏകദിനങ്ങളില്‍ നിന്നും 2021 ജനുവരിയില്‍ ടി-20 ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും മലിംഗ വിരമിച്ചിരുന്നു. 30 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 101 വിക്കറ്റുകള്‍ മലിംഗ കൊയ്തിട്ടുണ്ട്. 226 ഏകദിനങ്ങളില്‍ ദേശീയ ടീമിന്റെ ജഴ്‌സിയണിത്ത മലിംഗ 338 ഏകദിന വിക്കറ്റുകളും തന്റെ പേരില്‍ കുറിച്ചു. 84 അന്താരാഷ്ട്ര ടി ട്വന്റി മത്സരങ്ങളില്‍ നിന്ന് 107 വിക്കറ്റുകളും സ്വന്തമാക്കി. ഐ പി എലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന മലിംഗ 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകള്‍ കൊയ്തു.