local body election 2025
തലശ്ശേരി നഗരസഭ; ജയം ഉറപ്പിച്ച് എൽ ഡി എഫ്; കരുത്ത് തെളിയിക്കാൻ യു ഡി എഫും ബി ജെ പിയും
ചില വാർഡുകളിൽ വാശിയേറിയ മത്സരമുണ്ടാകും.
തലശ്ശേരി | തദ്ദേശ തിരഞ്ഞെടുപ്പിൽ തലശ്ശേരി നഗരസഭയിൽ ജനവിധി തേടുന്നത് 174 സ്ഥാനാർഥികൾ. നേരത്തെ 52 വാർഡുകൾ ഉണ്ടായിരുന്ന നഗരസഭയിൽ ഇത്തവണ ഒന്ന് കൂടി 53 ആയി. ഇതിൽ 27 എണ്ണം സ്ത്രീ സംവരണ വാർഡുകളാണ്. എൽ ഡി എഫ്, യു ഡി എഫ്, ബി ജെ പി, വെൽഫെയർ പാർട്ടി, എസ് ഡി പി ഐ സ്ഥാനാർഥികൾക്ക് പുറമെ വിമതന്മാരും മത്സര രംഗത്തുണ്ട്. ചില വാർഡുകളിൽ വാശിയേറിയ മത്സരമുണ്ടാകും.
ഇത്തവണ പ്രമുഖ പാർട്ടികളുടെ വോട്ടുകൾ പലയിടത്തും ചോരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ എല്ലാവരും ജാഗരുകരാണ്. മൂന്ന് പതിറ്റാണ്ടായി ഇടത് മുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. 52ൽ 37 വാർഡുകൾ നിലവിൽ ഇടത് മുന്നണിയുടേതാണ്. രാഷ്ട്രീയ വിശകലനത്തിൽ ഇത്തവണയും എൽ ഡി എഫ് ആധിപത്യം തന്നെയെന്നാണ് പ്രവചിക്കുന്നത്. ജയം ഉറപ്പിച്ച ഇടത് ക്യാമ്പുകൾ സീറ്റ് നില ഒന്നുകൂടി മെച്ചപ്പെടുത്താൻ അവസാന വട്ട പോരിലാണുള്ളത്.
ബി ജെ പിക്ക് എട്ടും യു ഡി എഫിൽ മുസ്്ലിം ലീഗിന് നാലും കോൺഗ്രസ്സിന് മൂന്നും അംഗങ്ങളാണ് ഇപ്പോഴുള്ളത്. ഇത്തവണ എൽ ഡി എഫിൽ നിന്ന് കൂടുതൽ വാർഡുകൾ പിടിച്ചെടുക്കുമെന്ന് യു ഡി എഫിന്റെയും ബി ജെ പിയുടെയും നേതാക്കൾ പറയുന്നുണ്ടെങ്കിലും കൈവശമുള്ളത് വഴുതി വീഴാതിരിക്കാൻ പാടുപെടുകയാണിവർ. ഇവർക്കിടയിൽ ഭീഷണിയായി വെൽഫെയർ പാർട്ടിയും എസ് ഡി പി ഐയും ഗോദയിലുണ്ട്. പാലിശ്ശേരി, വീവേഴ്‌സ്, കുഴിപ്പങ്ങാട്, കോണോർവയൽ വാർഡുകളിലാണ് വെൽഫെയർ പാർട്ടി മത്സരിക്കുന്നത്.
എൽ ഡി എഫിൽ സി പി എം- 46, സി പി ഐ- അഞ്ച്, എൻ സി പി- ഒന്ന്, ഐ എൻ എൽ- ഒന്ന് എന്നിങ്ങനെയാണ് വാർഡുകൾ വീതം വെച്ചിട്ടുള്ളത്. യു ഡി എഫ് 53 ൽ 17 വാർഡുകൾ ലീഗിനും ബാക്കി കോൺഗ്രസ്സിനുമാണ്. ബി ജെ പി 51 വാർഡുകളിൽ രംഗത്തുണ്ട്. വെൽഫെയർ പാർട്ടി നാല് വാർഡുളിലും എസ് ഡി പി ഐ എട്ട് വാർഡുകളിലും മത്സരത്തിനുണ്ട്. സി പി എമ്മിനും ബി ജെ പിക്കും ഭീഷണിയായി അഞ്ച് വാർഡുകളിൽ വിമത സ്ഥാനാർഥികളും രംഗത്തുണ്ട്. പുതുക്കിയ കണക്കനുസരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ തലശ്ശേരി നഗരസഭയിൽ 73,279 വോട്ടർമാരാണുള്ളത്.
വനിതകൾക്കാണ് മുൻതൂക്കം. 53 വാർഡുകളുള്ള നഗരസഭയിൽ പുരുഷ വോട്ടർമാർ ആകെ 33,516 പേരുള്ളപ്പോൾ വനിതകളുടെ എണ്ണം 39,763 ആണ്. പുരുഷന്മാരേക്കാൾ 6247 വനിതകളാണ് കൂടുതൽ. മരിച്ചവരെ നീക്കിയും 18 വയസ്സ് തികഞ്ഞവരും പുതുതായി പേര് ചേർത്തവരും ഉൾപ്പെടെ പുതുക്കിയ വോട്ടർ പട്ടികയിലുള്ള കണക്കനുസരിച്ചാണിത്. പിലാക്കൂൽ ഗാർഡൻസ് വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 2143. ഏറ്റവും കുറഞ്ഞ വോട്ടർമാരുള്ളത് മഞ്ഞോടി വാർഡിലും (860), അധിക വോട്ടർമാരിൽ രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത് ഗോപാലപേട്ട, തലായി, കുഴിപ്പങ്ങാട് വാർഡുകളാണ്. 2039, 1992, 1960 എന്നിങ്ങനെയാണ് ഈ വാർഡുകളിലെ വോട്ടർമാരുടെ എണ്ണം.



