National
തീവ്രവാദ സംഘടനകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് ഓൺലൈൻ ഗെയിമുകൾ; റിക്രൂട്ട്മെന്റും ഇതുവഴി
ജമ്മു കശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകളും പാക് ചാര സംഘടനയായ ഐഎസ്‌ഐയും പബജി പോലുള്ള ഓൺലൈൻ യുദ്ധ ഗെയിമുകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ശ്രീനഗർ | ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ തീവ്രവാദ സംഘടനകൾ ആശയവിനിമയത്തിനും തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും വ്യാപകമായി ഉപയോഗപ്പടുത്തുന്നതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകളും പാക് ചാര സംഘടനയായ ഐഎസ്‌ഐയും പബജി പോലുള്ള ഓൺലൈൻ യുദ്ധ ഗെയിമുകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാമൂഹിക മാധ്യമങ്ങളും പരമ്പരാഗത ആശയവിനിമയ ചാനലുകളും ഒഴിവാക്കി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണം മറികടക്കാനാണ് ഈ നീക്കം. ഇത്തരത്തിലുള്ള നാല് കേസുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം ഗെയിമുകൾ ഉപയോഗിക്കുന്നവർക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യം ഈ ആപ്പുകളിലുണ്ട്. വോയിസ്, വീഡിയോ, ടെക്സ്റ്റ് അധിഷ്ഠിത ആശയവിനിമയങ്ങൾ ഇതുവഴി സാധ്യമാക്കുന്നു. ഗെയിം കളിക്കുമ്പോൾ അതുസംബന്ധമായി ആശയവിനിമയങ്ങൾ നടത്തുന്നതിന് ഒരുക്കിയ ഈ സംവിധാനങ്ങൾ പക്ഷേ ദുരുപയോഗം ചെയ്യപ്പെടുകയാണ്. പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനും അവരെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിനും വരെ ഇതുവഴി ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നത്. ഉപയോക്തൃ ആശയവിനിമയങ്ങൾ സംരക്ഷിക്കുന്നതിനായി എൻക്രിപ്ഷൻ സംവിധാനം ഈ ആപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ഗെയിമുകൾ ഇൻ-ഗെയിം വോയിസ് ചാറ്റിനായി അടിസ്ഥാന എൻക്രിപ്ഷൻ ഉപയോഗിക്കുമ്പോൾ, മറ്റുള്ളവ ടെക്സ്റ്റ്, വോയിസ് എന്നിവയ്‌ക്കായി കൂടുതൽ ശക്തമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വരെ വാഗ്ദാനം ചെയ്യുന്നു. സ്വയം നശിക്കുന്ന സന്ദേശങ്ങൾ അയക്കാൻ അനുവദിക്കുന്ന ആപ്ലിക്കേഷനുകളും ഉണ്ട്. പുതിയ ആപ്ലിക്കേഷനുകൾക്ക് 2ജി പോലെ ഏറ്റവും വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനുകളിലും പ്രവർത്തിക്കാൻ കഴിയുമെന്നതും ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഇവയിൽ പല ഗെയിമിംഗ് ആപ്ലിക്കേഷനുകളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിച്ച് ഇവ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്യപ്പെടുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. VPN ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസങ്ങൾ മറച്ചുവെക്കുകയും ഓൺലൈൻ ട്രാഫിക് എൻക്രിപ്റ്റ് ചെയ്യുകയും ചെയ്യുന്നതിലൂടെ ഇന്റർനെറ്റിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്ന സ്ഥിതിയുണ്ട്.
വാട്ട്‌സ്ആപ്പ് പോലുള്ള മെസ്സേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളും അവരുടെ സഹായികളും നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. പരസ്പരം ആശയവിനിമയം നടത്താൻ അവർ മറ്റ് ചില ആപ്ലിക്കേഷനുകളാണ് ഉപയോഗിച്ചിരുന്നത്. കാശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകളും അവരുടെ റിക്രൂട്ടുകളും ഉപയോഗിക്കുന്ന, ഒരു ടർക്കിഷ് കമ്പനി വികസിപ്പിച്ച ആപ്ലിക്കേഷനും ഇതിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. തീവ്രവാദികൾ ഉപയോഗിക്കുന്ന ഒരു പുതിയ മെസ്സേജിംഗ് ആപ്പ് ഉപയോഗിക്കാൻ ഫോൺ നമ്പറോ ഇമെയിലോ പോലും ചോദിക്കുന്നില്ല എന്നത് ഉപയോക്താവിന് പൂർണ്ണമായ അജ്ഞാതത്വം ഉറപ്പാക്കാൻ സഹായിക്കുന്നു.
വെർച്വൽ സിം കാർഡുകളുടെ ഭീഷണി നേരിടുന്നതിനിടയിലാണ് തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൽ ഏറ്റവും പുതിയ ഈ വെല്ലുവിളി ഉയർന്നുവരുന്നത്. പാകിസ്ഥാനിലെ തങ്ങളുടെ സഹായികളുമായി ബന്ധപ്പെടാൻ തീവ്രവാദ ഗ്രൂപ്പുകൾ വർദ്ധിച്ചുവരുന്ന രീതിയിൽ വെർച്ച്വൽ സിമ്മുകൾ ഉപയോഗിക്കുന്നുണ്ട്. വിദേശത്തുള്ള ഒരു സേവന ദാതാവാണ് വെർച്വൽ സിം കാർഡുകൾ നിർമ്മിക്കുന്നത്. കമ്പ്യൂട്ടർ ഒരു ടെലിഫോൺ നമ്പർ ഉണ്ടാക്കുകയും ഉപയോക്താവ് സേവനദാതാവിന്റെ ആപ്ലിക്കേഷൻ സ്മാർട്ട്‌ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യുന്നതാണ് വെർച്ച്വൽ സിമ്മിന് പിന്നിലെ സാങ്കേതികത്വം.
2019-ൽ പുൽവാമയിൽ CRPF വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ജെയ്‌ഷ്-ഇ-മുഹമ്മദ് ചാവേർ ഉപയോഗിച്ച വെർച്വൽ സിമ്മുകളുടെ വിവരങ്ങൾ തേടി യുഎസിലേക്ക് ഒരു അപേക്ഷ അയച്ചപ്പോഴാണ് ഈ സാങ്കേതികവിദ്യയുടെ വ്യാപനം വെളിച്ചത്തുവന്നത്. ദേശീയ അന്വേഷണ ഏജൻസിയും മറ്റ് സുരക്ഷാ ഏജൻസികളും നടത്തിയ വിശദമായ അന്വേഷണത്തിൽ, പുൽവാമ ആക്രമണത്തിൽ മാത്രം 40-ലധികം വെർച്വൽ സിം കാർഡുകൾ ഉപയോഗിച്ചതായാണ് കണ്ടെത്തൽ.