National
ഒഡീഷയിലെ കട്ടക്കിൽ സംഘർഷാവസ്ഥ; 36 മണിക്കൂർ കർഫ്യൂ; ഇന്റർനെറ്റിന് വിലക്ക്; വി എച്ച് പി ബന്ദ്
ദുർഗ്ഗാ പൂജ ഘോഷയാത്രയും വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലിയും അക്രമാസക്തമായതിനെ തുടർന്നാണ് സംഘർഷം

കട്ടക്ക് | ദുർഗ്ഗാ പൂജ ഘോഷയാത്രയും വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലിയും അക്രമാസക്തമായതിനെ തുടർന്ന് ഒഡീഷയിലെ കട്ടക്കിൽ പല പോലീസ് സ്റ്റേഷൻ പരിധികളിലും അധികൃതർ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. വർഗീയ സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാനാണ് നടപടി. അക്രമങ്ങളിൽ 25 ഓളം പോലീസുകാർക്ക് പരിക്കേറ്റു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് വി എച്ച് പി തിങ്കളാഴ്ച (ഒക്ടോബർ 6) 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം വിഗ്രഹം നിമജ്ജനം ചെയ്യുന്ന ഘോഷയാത്രയ്ക്കിടെ ചിലർ തമ്മിൽ വ്യക്തിപരമായ തർക്കമുണ്ടായി. ഇതിനെത്തുടർന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച (ഒക്ടോബർ 5) കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നതായി പോലീസ് കമ്മീഷണർ എസ്. ദേവ് ദത്ത സിംഗ് പറഞ്ഞു. നിയമ-സമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിശ്വ ഹിന്ദു പരിഷത്ത് കട്ടക്കിൽ ഞായറാഴ്ച നടത്തിയ ബൈക്ക് റാലിക്ക് പോലീസ് കമ്മീഷണറേറ്റ് അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
പോലീസ് റാലി തടയാൻ ശ്രമിച്ചപ്പോഴാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വർഗീയ സംഘർഷങ്ങൾ ആളിക്കത്താൻ സാധ്യതയുള്ള ചില പ്രദേശങ്ങളിലേക്കാണ് റാലി നീങ്ങിയത്. റാലി മുന്നോട്ട് പോവുന്നത് പോലീസ് തടഞ്ഞപ്പോൾ പങ്കെടുത്തവർ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.
അക്രമികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും റബ്ബർ ബുള്ളറ്റുകൾ പ്രയോഗിക്കുകയും ചെയ്തു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി 10 മണി മുതൽ 36 മണിക്കൂർ നേരത്തേക്കാണ് വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ പ്രഖ്യാപിച്ചത്. ആരോഗ്യ സംരക്ഷണം, പാൽ, പച്ചക്കറി വിതരണം, വിദ്യാർത്ഥികളുടെയും ഓഫീസ് ജീവനക്കാരുടെയും സഞ്ചാരം തുടങ്ങിയ അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ദുർഗ്ഗാ വിഗ്രഹം നിമജ്ജനം ചെയ്യുന്ന ഘോഷയാത്രയ്ക്കിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ചില സാമൂഹ്യ വിരുദ്ധർ ആളുകൾക്ക് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞതിനെത്തുടർന്ന് ഘോഷയാത്ര ആക്രമിക്കപ്പെട്ടു. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് അന്ന് പരിക്കേറ്റിരുന്നു. ശനിയാഴ്ച ഒരു ദിവസത്തെ ശാന്തതയ്ക്ക് ശേഷം ഞായറാഴ്ച മറ്റൊരു സ്ഥലത്ത് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു, കലാപകാരികളെ ഓടിക്കാൻ പോലീസ് ബലപ്രയോഗം നടത്തി.
കട്ടക്കിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളിൽ ഒഡീഷ മുഖ്യമന്ത്രി മജ്ഹി ആശങ്ക രേഖപ്പെടുത്തി. സമാധാനവും സൗഹൃദവും നിലനിർത്താൻ എല്ലാ പൗരന്മാരോടും അദ്ദേഹം അഭ്യർത്ഥിച്ചു.
വർഗീയ കലാപം പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജവും പ്രകോപനപരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് പൊതു ക്രമത്തിനും സമാധാനത്തിനും ഭീഷണിയാണെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു അറിയിപ്പിൽ പറഞ്ഞു.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ വഴി ഇത്തരം പ്രകോപനപരമായ സന്ദേശങ്ങൾ സാമൂഹ്യ വിരുദ്ധർ പ്രചരിപ്പിക്കാൻ സാധ്യതയുണ്ട്. കട്ടക്ക് നഗരത്തിലെ പൊതു ക്രമം തകർക്കുന്ന ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാനും സമാധാനം പുനഃസ്ഥാപിക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗവും ലഭ്യതയും ഞായറാഴ്ച വൈകീട്ട് 7 മുതൽ തിങ്കളാഴ്ച വൈകീട്ട് 7 വരെ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
അതിനിടെ, അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വി എച്ച് പി ബന്ദ് ആചരിക്കാൻ ഒരുങ്ങുകയാണ്. ഒരു പ്രത്യേക സ്ഥലത്ത് കലാപങ്ങൾ ആവർത്തിച്ച് നടന്നിട്ടും പോലീസ് കാഴ്ചക്കാരായി നോക്കിനിന്നു എന്ന് വി എച്ച് പി ആരോപിച്ചു.