

Featured
പറയൂ…ഈ തീമഴ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് ?'
"കണ്ണീരിനു പടിക്കെട്ട് പണിയാൻ കഴിയുമെങ്കിൽ, ഓർമകൾക്ക് ഒരു ഇടനാഴി ആകാൻ കഴിയുമെങ്കിൽ, ഞങ്ങൾ സ്വർഗത്തിലേക്ക് നടന്നുകയറി നിങ്ങളെ തിരികെ കൊണ്ടുവരുമായിരുന്നു.'
ഗസ്സയിലെ കുഞ്ഞുങ്ങളെ കുറിച്ചോർത്ത് ഇങ്ങ് കേരളത്തിലെ രണ്ട് സ്ത്രീകളുടെ ഉള്ളുനീറിയപ്പോൾ ഒന്ന് കണ്ണീരായും മറ്റൊന്ന് തണ്ണീരായും ഫലസ്തീൻ മണ്ണിലേക്ക് ഒഴുകുകയായിരുന്നു. ഗസ്സയിലെ മക്കളുടെ കണ്ണീരും വിശപ്പും കണ്ട് ഒരാൾ ഉള്ളുലഞ്ഞു പറഞ്ഞ വാക്കുകൾ ഓരോ മലയാളിയുടെയും നെഞ്ചകം പുകച്ചപ്പോൾ, ഗസ്സയിലെ മക്കളുടെ വിശപ്പും ദാഹവും കണ്ടും കേട്ടും നെഞ്ചുനീറിയ ഒരാൾ അവർക്ക് ഒരിറ്റ് വെള്ളവും അപ്പവും എത്തിക്കാൻ ഇറങ്ങുകയായിരുന്നു.
ഫലസ്തീനിൽ ഇസ്്റാഈൽ ചെയ്തുകൊണ്ടിരിക്കുന്ന പൈശാചികമായ നരനായാട്ടിനെതിരെ ലോകജനത പലതരത്തിൽ പ്രതിഷേധത്തിന്റെ പ്രകമ്പനമുയർത്തുന്ന കാലത്ത്, പ്രൊഫ. എം ലീലാവതി ടീച്ചറുടെ വാക്കുകളും പാച്ചാളം സ്വദേശി ശ്രീരശ്മിയും കൂട്ടരും നടത്തിയ കാരുണ്യ പ്രവർത്തങ്ങളും മലയാളക്കരക്ക് അഭിമാനമാകുകയാണ്.
ഇക്കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ലീലാവതി ടീച്ചറെ വിളിച്ച് ആശംസകൾ നേരവേ, ലോകമെമ്പാടുമുള്ള വായനക്കാരെയും പ്രിയപ്പെട്ടവരെയും അഭിസംബോധന ചെയ്തുകൊണ്ട് ടീച്ചർ പറഞ്ഞ വാക്കുകൾ ഇനിയങ്ങോട്ട് കാലാതിവർത്തിയായ ചരിത്രത്തിന്റെ താളുകളിൽ സുവർണ ലിപികളാൽ കുറിക്കപ്പെട്ടേക്കാം. ഓർമകളുടെ വേലിയേറ്റങ്ങളിൽ അടിയൊഴുക്കുകൾക്ക് ആക്കം കൂട്ടുന്ന ചിന്തകളിലേക്കും കാഴ്ചകളിലേക്കും വാർത്തകളിലേക്കുമാണ് ലീലാവതി ടീച്ചറുടെ വാക്കുകൾ നമ്മെ നയിക്കുന്നത്.
“വിശന്നൊട്ടിയ വയറുമായി പാത്രം നീട്ടി നിൽക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എങ്ങനെയാണ് എനിക്ക് തൊണ്ടയിൽ നിന്ന് ചോറ് ഇറങ്ങുക..?’
സ്വന്തം മണ്ണിൽ ഭിക്ഷാംദേഹികളായി, വിശന്നൊട്ടിയ വയറുമായി പാത്രം നീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളും താനുൾപ്പെടുന്ന ‘കൂട്ട്’ലേക്ക് എത്തിയ അഭ്യർഥനയും ഉറക്കം കെടുത്തിയ രാപ്പകലുകൾ. ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോയെന്ന നിസ്സഹായതയിൽ നിന്ന് എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ എന്ന അദമ്യമായ മോഹത്തിലേക്കും അശ്രാന്ത പരിശ്രമങ്ങളിലേക്കും തന്നെ എന്നും പ്രചോദിപ്പിക്കുന്ന ജലാലുദ്ദീൻ റൂമിയുടെ വരികൾ ശ്രീരശ്മി ഉദ്ധരിക്കുന്നുണ്ട്.
“ഇരുട്ടിൽ വെളിച്ചം നൽകുന്ന വിളക്കാവുക,വീണുപോയവന് മുകളിലേക്ക് കയറാൻ ഒരു ഗോവണിയാവുക, അതുമല്ലെങ്കിൽ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കുതിച്ചുചെല്ലാൻ കഴിയുന്ന രക്ഷാനൗകയാകുക’.
ഇന്ത്യയിൽ നിന്ന് ഫലസ്തീനിലേക്ക് നേരിട്ട് പണമയക്കാൻ കഴിയില്ലയെന്നത് എന്തെങ്കിലും ചെയ്യാം എന്നുള്ള തീരുമാനത്തിനേറ്റ ആദ്യത്തെ തിരിച്ചടിയായിരുന്നു. ഏതെങ്കിലും രീതിയിൽ ഫലസ്തീനിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ അവരെല്ലാം ആവശ്യപ്പെട്ടത് കുടിവെള്ളത്തിന് വേണ്ടിയായിരുന്നു. മുമ്പും പലപ്പോഴായി ചെറുതല്ലാത്ത തുകകൾ ഫലസ്തീൻ കുടുംബങ്ങൾക്ക് എത്തിച്ചിരുന്നുവെങ്കിലും തന്റെ അനുഭവ പരിസരങ്ങളിൽ ഏറെ വിദൂരമായ ഒരു ദേശത്ത് കുടിവെള്ളം എത്തിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മൂവായിരം ലിറ്റർ വെള്ളവും അറുപതോളം കുടുംബങ്ങൾക്ക് കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണവും ഖാൻ യൂനുസ്സിലെത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുമ്പോൾ അതെത്തിക്കാനുള്ള വഴികളിൽ നേരിടേണ്ടി വന്ന വൈതരണികളെല്ലാം താനേ മറക്കുകയാണെന്ന് ശ്രീരശ്മി പറയുന്നു. സംതൃപ്തമായ മുഖഭാവങ്ങളിൽ നിന്ന് നമുക്കും അത് അനുഭവിച്ചറിയാം.
കുടിവെള്ളം കിട്ടിയ കുഞ്ഞുങ്ങളുടെ ഉമ്മമാർ അയച്ച നന്ദി പറഞ്ഞ പ്ലക്കാർഡുകളിൽ തെളിയുന്ന ഇളം കുരുന്നുകളുടെ നേർത്ത ചിരികൾ, ഏതൊരു യുദ്ധവും ആദ്യമായും അവസാനമായും കുഞ്ഞുങ്ങളെയാണ് ബാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാകുന്നുണ്ട്.
ജർമനിയിലെ ആൻഫ്രാങ്ക് മുതൽ ഇങ്ങേ തലക്കൽ സിറിയയിലെ അലൻ ഖുർദി വരെ നീളുന്നുണ്ട് ആ പട്ടിക. 1990ൽ 10 ശതമാനം കുട്ടികളാണ് സായുധ സംഘർഷ മേഖലകളിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 19 ശതമാനത്തിലധികമായി മാറിയിരിക്കുന്നു.
വിയറ്റ്‌നാം യുദ്ധകാലത്ത് 1972 ജൂണിൽ വിയറ്റ്നാം എൻഫോഴ്‌സ് നടത്തിയ നാപാം അറ്റാക്കിൽ പൊള്ളലേറ്റ് നഗ്നയായി തെരുവോരങ്ങളിലൂടെ അലറിപ്പാഞ്ഞ, ഇന്നും മറന്നിട്ടില്ലാത്ത ഒമ്പത് വയസ്സുകാരിയുടെ ചിത്രം കണ്ടപ്പോഴാണ് ലോകം വിയറ്റ്നാമിനു വേണ്ടി ശബ്‌ദിച്ചു തുടങ്ങിയത്.
2015 സെപ്തംബറിൽ സിറിയൻ ബാലൻ അലൻ ഖുർദിയുടെ മൃതദേഹം മധ്യധരണ്യാഴിയുടെ തീരങ്ങളിൽ വന്നടിഞ്ഞപ്പോഴാണ് സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപത്തിന്റെ ഭീകരത ലോകം തിരിച്ചറിഞ്ഞത്. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ശസ്ത്രക്രിയക്കായി ജോർദാനിലെത്തിച്ച അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ജോർദാനിൽ ജീവിക്കാൻ അനുവദിക്കണമെന്ന പിതാവ് ഹൈതം അബു ദാഖായുടെ അപേക്ഷ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് അവരെ ഗസ്സയിലേക്ക് തിരിച്ചയക്കുമ്പോൾ ഹൈതം വിരലുയർത്തി ചോദിച്ച ഒരു ചോദ്യത്തിന് ലോകം മുഴുവൻ മറുപടി പറയാൻ ബാധ്യസ്ഥമാണ്.
‘എങ്ങനെയാണ് രോഗബാധിതനായ ഒരു പൈതലിനെയും കൊണ്ട് വെടിയുണ്ടകൾ ചീറിപ്പായുന്ന, ബോംബുകൾ വർഷിക്കുന്ന മണ്ണിൽ ഒരു ടെൻഡിൽ ജീവിക്കാനാകുക…?’ ലോക രാഷ്ട്രീയ ഭൂപടങ്ങളിൽ ആയുധങ്ങൾ കൊണ്ട് അതിരുകളിൽ കാവലേൽപ്പിച്ച ഓരോ രാജ്യത്തിന്റെ മുന്നിലും ഹൈതം അല്ലെങ്കിൽ മറ്റൊരു പേരിൽ ഈ ചോദ്യം ഉയർന്നു പൊങ്ങിയിട്ടുണ്ടാകും. ഉത്തരമില്ലാതെ ചോദ്യങ്ങൾ ശൂന്യതയിൽ അലയുന്നുമുണ്ടാകും.
ഫലസ്തീനിലെ മാതാക്കൾ നേരം പുലർന്നാൽ ആദ്യം ചെയ്യുന്ന കർമങ്ങളിലൊന്ന് തങ്ങളുടെ കുഞ്ഞുങ്ങളുടെ കൈകളിൽ അവരുടെ പേര് എഴുതിയ ബാൻഡ് കെട്ടിക്കൊടുക്കുക എന്നതാണ്. തങ്ങളുടെ കുഞ്ഞുങ്ങളുടെ മൃതദേഹം തിരിച്ചറിയാൻ അവിടുത്തെ അമ്മമാർ ചെയ്തിരുന്നതാണിത്. ഇസ്്റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന നരവേട്ടയിൽ ഏത് നിമിഷവും ഇല്ലാതായി പോയേക്കാവുന്ന തങ്ങളുടെ പൈതലുകളെ വേറിട്ട് കണ്ടെടുക്കാൻ, അവസാന കാഴ്ചയിൽ തങ്ങളുടെ മക്കളെ ഒരു നോക്ക് കാണാൻ അമ്മമാർ കണ്ണീരൊഴുക്കി ചെയ്യുന്ന കർമം.
ആരും ജയിക്കാത്തതാണ് എക്കാലത്തെയും യുദ്ധങ്ങളെന്നും മനുഷ്യത്വം തോറ്റു മണ്ണടിയുന്നതാണ് കലാപങ്ങളെന്നും ഏവർക്കും ബോധ്യമുണ്ട്. കുട്ടികൾ കൊല്ലപ്പെടുന്നുണ്ടെങ്കിൽ മാത്രമല്ല, അവർ ആ കെടുതികൾക്ക് സാക്ഷികൾ ആകുന്നുണ്ടെങ്കിൽ കൂടി ആ ദേശത്തിന്റെ പാരമ്പര്യ പൈതൃകങ്ങൾ കൂടിയാണ് ഓരോ യുദ്ധത്തിലും എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യപ്പെടുന്നത്. യുദ്ധങ്ങളുടെ കൊടും ഭീകരതകളിൽ നിന്ന് മരണത്തിലേക്ക്, അല്ലെങ്കിൽ അവർ പിന്നെയുണരുന്നത് വിഷാദഭരിതമായ ഒരു ട്രോമാ അവസ്ഥയിലേക്കും മറ്റുമാണ്. മാനസികമായി തളർന്നു പോയ കുട്ടികളിൽ നിന്ന് ഇനിയൊരു പുതിയ പുലരി പിറക്കാനിടയില്ലെന്ന തിരിച്ചറിവിൽ നിന്ന് തന്നെയാണ് നാശം വിതയ്ക്കാൻ ഒരുമ്പെട്ടിറങ്ങുന്ന യുദ്ധഭീകരർ ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉന്നംവെക്കുന്നത്.
ആഭ്യന്തര കലാപങ്ങളായാലും മഹായുദ്ധങ്ങളായാലും ആദ്യത്തെയും അവസാനത്തെയും ഇരകൾ കുട്ടികളാണ്. ലോകമാകെയും പ്രതിഷേധത്തിന്റെ സ്വരമൊരു ഗർജനമായി മുഴങ്ങുകയും വെടിനിർത്തലിന് കളമൊരുങ്ങുകയും ചെയ്യുമ്പോൾ, മറ്റൊന്നിന്റെയും പക്ഷം ചേരാതെ യുദ്ധത്തിനെതിരായ ലീലാവതി ടീച്ചറെ പോലുള്ളവരുടെ വിലാപങ്ങളും ശ്രീരശ്മിയെ പോലുള്ളവരുടെ പരിശ്രമങ്ങളും കാലത്തിനു മുന്നിൽ അണയാത്ത വെളിച്ചമായി പടരുന്നുണ്ടെന്ന് നമുക്കും ആശ്വസിക്കാം.
യുദ്ധങ്ങളിൽ ഇല്ലാതായിപ്പോയ കുട്ടികളുടെ കണക്കുകൾ തേടിയുള്ള വായനക്കിടയിൽ കണ്ണിൽ തറച്ചിറങ്ങിയ ഒരെഴുത്തുകാരന്റെ നാല് വരികൾ കൊണ്ട് അവസാനിപ്പിക്കട്ടെ.”കണ്ണീരിനു പടിക്കെട്ട് പണിയാൻ കഴിയുമെങ്കിൽ,
ഓർമകൾക്ക് ഒരു ഇടനാഴി ആകാൻ കഴിയുമെങ്കിൽ, ഞങ്ങൾ സ്വർഗത്തിലേക്ക് നടന്നുകയറി നിങ്ങളെ തിരികെ കൊണ്ടുവരുമായിരുന്നു.’