First Gear
വന്‍ നേട്ടങ്ങളുമായി ടാറ്റ മോട്ടോഴ്‌സ് കുതിക്കുന്നു
കഴിഞ്ഞ മാസം മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനവ് കമ്പനി രേഖപ്പെടുത്തി.
ന്യൂഡല്‍ഹി| 2021 ഡിസംബറിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ വന്‍ നേട്ടമാണ് ടാറ്റ മോട്ടോഴ്‌സിനെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ല്‍ ഇതേ കാലയളവില്‍ വിറ്റ 23,545 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനവ് കമ്പനി രേഖപ്പെടുത്തി. 2021 ഡിസംബറില്‍ 35,299 യൂണിറ്റായി വില്‍പ്പന ഉയര്‍ന്നതായി ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.
ടാറ്റ മോട്ടോഴ്സിന്റെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 99,002 യൂണിറ്റായി ഉയര്‍ന്നു എന്നാണ് കണക്കുകള്‍. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 68,806 യൂണിറ്റുകള്‍ വിറ്റഴിച്ചു. അതായത് ഏകദേശം 44 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍, 2021 ഡിസംബറില്‍ 34,151 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇത് 32,869 യൂണിറ്റുകള്‍ ആയിരുന്നു. അതായത് നാല് ശതമാനം വളര്‍ച്ച. 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍, മൊത്തം സിവി വില്‍പ്പന 1,00,070 യൂണിറ്റായിരുന്നു, മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 89,323 യൂണിറ്റുകളില്‍ നിന്ന് 12 ശതമാനം വളര്‍ച്ച.
2021 ഡിസംബറില്‍ ടാറ്റ മോട്ടോഴ്സ് മൊത്തം ആഭ്യന്തര വില്‍പ്പന 66,307 യൂണിറ്റായി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി നടത്തിയ ബിസിനസിനെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ് ഈ കണക്കുകള്‍. ഇതില്‍ 2,255 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ 35,299 പാസഞ്ചര്‍ വാഹനങ്ങള്‍ റീട്ടെയില്‍ ചെയ്തു.
അതേസമയം ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പാസഞ്ചര്‍ വാഹന ശ്രേണിയുടെ വില ഈ മാസം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2021 നവംബറിലാണ് ടാറ്റ അവസാനമായി വില വര്‍ധിപ്പിച്ചത്. ഇതുകൂടാതെ, ടാറ്റ മോട്ടോഴ്സ് മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനത്ത് സ്‌ക്രാപ്പിംഗ് സൗകര്യം സ്ഥാപിക്കാനും തയ്യാറെടുക്കുന്നുണ്ട്. 35,000 വാഹനങ്ങളുടെ വാര്‍ഷിക റീസൈക്ലിംഗ് ശേഷി ഈ സ്ഥാപനത്തിന് ഉണ്ടായിരിക്കും.