National
താജ്മഹലും വിക്ടോറിയ മെമ്മോറിയലും ഇല്ലാതാക്കില്ല: കേന്ദ്രത്തിനെതിരെ മമത
സമീപകാലത്തെ പാഠപുസ്തക പരിഷ്‌ക്കരണങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ മമത രൂക്ഷമായി വിമര്‍ശിച്ചു.
കൊല്‍ക്കത്ത| സംസ്ഥാനത്ത് ക്ഷേമപദ്ധതികള്‍ തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സമീപകാലത്തെ പാഠപുസ്തക പരിഷ്‌ക്കരണങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ മമത രൂക്ഷമായി വിമര്‍ശിച്ചു. ഒന്നും തകര്‍ക്കരുത്. ആരുടെയും ജോലി ഞങ്ങള്‍ ഇല്ലാതാക്കില്ല. ഞങ്ങള്‍ താജ്മഹല്‍ ഇല്ലാതാക്കില്ല. വിക്ടോറിയ മെമ്മോറിയല്‍ ഇല്ലാതാക്കില്ല.
ചരിത്രം ചരിത്രമാണ്. ചരിത്രം മാറ്റാന്‍ നമുക്കാര്‍ക്കും അധികാരമില്ല. അതുകൊണ്ടാണ് ഇന്ത്യയുടെ ചരിത്രം ഇന്ത്യയുടെ സമ്പത്താകുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയിലെ അലിപ്പൂരില്‍ ഒരു ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.
ഇന്ത്യയുടെ മതേതരത്വമാണ് ബംഗാളിന്റെ സമ്പത്ത്. ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറും ഇല്ലായിരുന്നുവെങ്കില്‍ ഇത് സാധ്യമാവില്ലായിരുന്നെന്ന് മമത പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ബംഗാളിന് അര്‍ഹമായ ഫണ്ട് തടഞ്ഞുവെക്കുകയാണെന്നും മമത വിമര്‍ശിച്ചു. 2024 വരെ കേന്ദ്രം നമുക്ക് തരില്ല എന്നാണ് ഞാന്‍ കേട്ടത്. ഞാന്‍ എന്റെ അമ്മമാരോട് യാചിക്കും, പക്ഷേ ഞാന്‍ ഭിക്ഷ യാചിക്കാന്‍ ഡല്‍ഹിയില്‍ പോകില്ലെന്ന് അവര്‍ പറഞ്ഞു.